Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



5

സ്ഥലം, കാലം, സ്ഥല-കാലം

അതിപുരാതനകാലം മുതൽക്കുതന്നെ, മനുഷ്യൻ കരുപ്പിടിപ്പിച്ചിരുന്ന ഏതൊരു പ്രാപഞ്ചികവീക്ഷണത്തിലും, പദാർത്ഥത്തെപ്പോലെതന്നെ, ഒഴിച്ചുകൂടാൻ വയ്യാത്ത രണ്ടു ഘടകങ്ങളായിരുന്നു സ്ഥലവും കാലവും. സ്ഥലത്തിന്റെയും കാലത്തിന്റെയും പശ്ചാത്തലത്തിലാണ് പദാർത്ഥം നിലനിന്നിരുന്നതെന്നു കരുതിപ്പോന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ പദാർത്ഥത്തെക്കുറിച്ച് നിലനിന്നിരുന്ന ചിന്താഗതികൾക്കനുരൂപമായി സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള വീക്ഷണങ്ങൾ നിലനിന്നുപോന്നു. പക്ഷേ, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മുമ്പ് നാം കണ്ടതുപോലെ, ഈ ധാരണകളെല്ലാം അപ്പാടെ തകിടം മറിയുകയുണ്ടായി. അതോടെ സ്ഥലം, കാലം, പദാർത്ഥം തുടങ്ങിയവയെക്കുറിച്ചു തികച്ചും വിപ്ലവകരങ്ങളായ പുതിയ വീക്ഷണഗതികൾ രംഗപ്രവേശം ചെയ്തു. അവയെക്കുറിച്ച് പ്രതിപാദിക്കുന്നതിനുമുമ്പ്, ഈ നൂറ്റാണ്ടിന്റെ ആരംഭം വരെ സ്ഥലത്തെയും കാലത്തെയും കുറിച്ച് ശാസ്ത്രലോകം പുലർത്തിപ്പോന്നിരുന്ന ധാരണകളെന്തായിരുന്നുവെന്ന് നോക്കാം.

സ്ഥലം

നമ്മുടെ ദൈനംദിനാനുഭവങ്ങളിൽ 'എവിടെ' എന്നുള്ള ചോദ്യത്തിലും അതിലുള്ള ഉത്തരത്തിലും നാം കൈകാര്യം ചെയ്യുന്നത് 'സ്ഥല'ത്തെയാണ്. നമുക്ക് 'സ്ഥല'ത്തെ വെറുതെ വിഭാവന ചെയ്യാൻ കഴിയില്ല. നമ്മുടെ ഇന്ദ്രിയങ്ങൾക്ക് അനുഭവവേദ്യമാകുന്ന ഭൗതികവസ്തുക്കളുമായി ബന്ധിച്ചു കൊണ്ടാണ് നാം സ്ഥലത്തെക്കുറിച്ച് ചിന്തിക്കുന്നത്. വസ്തുക്കളുടെ ആപേക്ഷികമായ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി മാത്രമേ നമുക്ക് സ്ഥലത്തെക്കുരിച്ച് പഠിക്കാനാവൂ.

പഴയ ചിരസമ്മതശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഭൗതികവസ്തുക്കളിൽനിന്ന് സ്വതന്ത്രമായും വസ്തുനിഷ്ഠമായും നിലനിന്നിരുന്ന ഒരു ഏകാത്മക മാധ്യമമായിരുന്നു സ്ഥലം. യൂക്ലിഡിന്റെ ജ്യാമിതിയിലെ കർക്കശമായ പ്രമാണങ്ങൾ വെച്ചുകൊണ്ടാണ് അവർ സ്ഥലത്തെ വ്യാഖ്യാനിച്ചത്. യൂക്ലിഡിയൻ ജ്യാമിതി അലംഘനീയമെന്ന് കരുതിപ്പോന്നിരുന്ന പല പ്രസിദ്ധ ശാസ്ത്രജ്ഞന്മാരെയും ചിന്തകരെയും തുടർന്ന് ന്യൂട്ടൺ അസഗ്നിദ്ധമായി പ്രഖ്യാപിച്ചു 'നിരപേക്ഷസ്ഥലം, അതിന്റെ സ്വന്തം പ്രകൃതത്തിൽ, ബാഹ്യമായ ഒന്നുമായിട്ടും ബന്ധമില്ലാതെ ഒരേപോലെയും നിശ്ചലമായും എല്ലായ്പ്പോഴും നിലനിൽക്കുന്നു'. ശൂന്യസ്ഥലത്തിൽനിന്ന് വ്യത്യസ്തമായി