താൾ:പ്രപഞ്ചവും മനുഷ്യനും.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാപേക്ഷതസിദ്ധാന്തമനുസരിച്ച് സ്ഥലവും കാലവും അനന്യമായ വിധം സമന്വയിക്കപ്പെടുകയുണ്ടായി. (അടുത്ത അദ്ധ്യായത്തിൽ ഇത് വിശദമായി വിവരിച്ചിട്ടുണ്ട്). അതേപോലെ ഊർജവും ദ്രവ്യമാനവും സമാനങ്ങളായിത്തീർന്നു. ഈ സമാനപ്രക്രിയ ഇതുകൊണ്ടുമവസാനിച്ചില്ല. സ്ഥലകാലവും ഊർജ-ദ്രവ്യമാനവും തമ്മിലും സമന്വയം നടന്നു. ഇങ്ങനെ രൂപംകൊണ്ട ചതുർമാന പ്രപഞ്ചം പഴയ യാന്ത്രികത്രിമാന പ്രപഞ്ചചിത്രത്തിൽ നിന്ന് തുലോം വ്യത്യസ്തമാണ്. ഈ പുതിയ പ്രാപഞ്ചികധാരണയുടെ അടിസ്ഥാനത്തിൽ, പണ്ട് നാം 'കണിക' എന്നു വിളിച്ചിരുന്നത് യഥാർത്ഥത്തിൽ, ഈ ചതുർമാനപ്രപഞ്ചത്തിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന അനുക്രമിക സംഭവങ്ങളുടെ കണികകളെന്നോ പരമാണുക്കളെന്നോ വിളിക്കുന്നത് എത്ര അപര്യാപ്തമാണെന്ന് ഇതിൽനിന്ന് വ്യക്തമാവുന്നുണ്ട്. ഇത്തരമൊരു പ്രാപഞ്ചികധാരണ ഉൾക്കൊള്ളാൻ മാത്രം നാം തയ്യാറായിട്ടില്ലെന്നതു മാത്രമാണ് ഇവിടെ അവശേഷിക്കുന്ന പ്രധാന തടസ്സം.

സ്ഥല-കാലത്തെക്കുറിച്ച് അടുത്ത അദ്ധ്യായത്തിൽ ചർച്ചചെയ്യുന്നത്, ഈ അദ്ധ്യായത്തിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലുള്ള പുതിയ വീക്ഷണഗതി ഉറപ്പിക്കുന്നതിനും വിശദമാക്കുന്നതിനും സഹായകമാവും.