Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഘടകങ്ങളും ഊർജത്തിൽനിന്ന് ഉടലെടുക്കുകയും ഊർജമായി പരിണമിക്കുകയും ചെയ്യുന്നുണ്ട്. ഈ കണികകളിൽ പലതിന്റേയും ജീവിതകാലം സെക്കന്റിന്റെ വളരെ ചെറിയൊരംശം മാത്രമേയുള്ളു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ കണികകൾ നിരന്തരം ഊർജ്ജവൽക്കരിക്കപ്പെടുകയും വീണ്ടും പദാർത്ഥവൽക്കരിക്കപ്പെടുകയും ചെയ്യുന്നു.

ഈ വസ്തുതകൾ മുന്നോട്ടുവെക്കുന്ന താത്ത്വികപ്രശ്നങ്ങളെന്തെല്ലാമാണെന്നു നോക്കാം. പ്രപഞ്ചത്തിന്റെ വിശാലമായ സ്ഥലത്തിൽ പലയിടത്തും നിറഞ്ഞുനിൽക്കുന്ന വസ്തുസഞ്ചയങ്ങളും അവയ്ക്കിടയിലുള്ള ശൂന്യസ്ഥലവും ഇന്നു നിലവിലില്ല. മറിച്ച്, ഇന്നു ദ്രവ്യമാനം ചുറ്റുമുള്ള സ്ഥലകാലമാധ്യമവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടു സ്ഥിതിചെയ്യുന്നു. നാം 'കണികക'ളെന്നു വിളിക്കുന്നവയെ തമ്മിൽ ബന്ധിച്ചുകൊണ്ട് സ്ഥലകാലമാധ്യമം പ്രപഞ്ചത്തിലെങ്ങും അഭംഗുരമായി നിലകൊള്ളുന്നു. തന്മൂലം പ്രപഞ്ചത്തിൽ ശൂന്യവും നിബദ്ധവുമായ പ്രദേശങ്ങളിന്നില്ല.

ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള പരമാണുകണികളിൽ ഭൂരിപക്ഷവും അക്ഷയങ്ങളോ സൃഷ്ടിക്കാൻ പറ്റാത്തവയോ അല്ല. കാരണം, ബീറ്റാറേഡിയോപ്രസരണത്തിൽ വമിക്കപ്പെടുന്ന ഇലക്ട്രോൺ കണികകൾ അണുകേന്ദ്രത്തിൽ നേരത്തേ നിലനിന്നിരുന്നവയല്ല; അവ ആ നിമിഷാംശത്തിൽ സൃഷ്ടിക്കപ്പെടുന്നവയാണ്. അതോടൊപ്പം നിർമ്മിക്കപ്പെടുന്ന പോസിട്രോണുകളുടെ ജീവിതകാലം 1/100000000 സെക്കൻഡാണ്. അതുപോലെ നിഷ്പക്ഷപയോണുകളുടെ ജീവിതകാലം 10-14 സെക്കൻഡാണ് (1/100000000000000 സെക്കൻഡാണ്). ഇത്രയും ചുരുങ്ങിയ കാലയളവുകൊണ്ട് ഈ പരമാണുഘടകങ്ങൾ സൃഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു! ഇത്രയ്ക്കു അല്പായുസ്സുകളായ ഘടകങ്ങളെ 'കണികകൾ' എന്നു വിളിക്കുന്നതു നിരർത്ഥകമാണ്. ഡിമോക്രിറ്റസിന്റെ നിർവ്വചനമനുസരിച്ചുള്ള സ്ഥിരമായ ദ്രവ്യമാനവും വ്യാപ്തവും രൂപവുമുള്ള പദാർത്ഥഘടകത്തെയാണ് 'കണിക' എന്നുവിളിക്കുന്നത്. എന്നാൽ ആധുനികശാസ്ത്രം നമുക്കു കാണിച്ചുതന്നിട്ടുള്ള പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങൾക്ക് ഈ കണികകളുമായി യാതൊരു ബന്ധവുമില്ല.

ഇനിയും നാം 'കണികകൾ' 'പരമാണുക്കൾ' എന്നെല്ലാം ഉള്ള പദങ്ങൾ ഉപയോഗിക്കുന്നത് പുതിയ വീഞ്ഞ് പഴയ കുപ്പിയിലൊഴിക്കുന്നതിന് തുല്യമാണ്. ആധുനിക ഭൗതികശാസ്ത്രഗവേഷണങ്ങൾ തുറന്നു കാണിച്ചിട്ടുള്ള പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങൾ കണികയല്ല, 'സംഭവങ്ങൾ' ആണ്. നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഈ 'സംഭവങ്ങ'ളുടെ അനുസ്യൂതത്വമാണ് പ്രപഞ്ചത്തിന് നിദാനമായി വർത്തിക്കുന്നത്. 'കണിക' എന്നതിനു പകരം 'സംഭവം' എന്ന പദം പ്രയോഗിക്കുന്നതിന് ഉപോൽബലകമായ മറ്റൊരു വസ്തുതകൂടിയുണ്ട്.