താൾ:പ്രപഞ്ചവും മനുഷ്യനും.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹൈഡ്രജൻ അണുവിൽ ഇലക്ട്രോണിന്റെയും അണുകേന്ദ്രത്തിന്റെയും ദ്രവ്യമാനങ്ങൾ തമ്മിലുള്ള അനുപാതം 1:1834 ആണ്. എന്നാൽ അണുകേന്ദ്രം ഇപ്രകാരത്തിൽ പ്രസ്തുത പരമാണുവിന്റെ ദ്രവ്യമാനം ഏറെക്കുറെ മുഴുവനായും ഉൾക്കൊള്ളുമ്പോൾ തന്നെ അതിന്റെ വ്യാസാർദ്ധം ഇലക്ട്രോണിന്റേതിനു സമാനമാണത്രേ! അതായത് ദ്രവ്യമാനത്തിൽ ഇത്ര വലിയ അന്തരമായിട്ടും അവയുടെ വ്യാപ്തം ഏറെക്കുറെ തുല്യമാണ്. അപ്പോൾ പരമാണുഘടനയുടെ ദ്രവ്യമാനവും വ്യാപ്തവും ആനുപാതികമാണെന്നു പറയാനെങ്ങനെ കഴിയും?

പഴയ പരമാണുവാദത്തിന്റെ കുറേക്കൂടി സുപ്രധാനമായ ഒരടിസ്ഥാനപ്രമാണമാണല്ലോ മൗലികകണികകളുടെ ദ്രവ്യമാനത്തിന്റെ സ്ഥിരത. പദാർത്ഥസംരക്ഷണ നിയമത്തിനടിസ്ഥാനവും ഇതാണല്ലോ. എന്നാൽ ഈ നിയമവും അടിസ്ഥാനകണികകളെ സംബന്ധിച്ചിടത്തോളം അപാകതയുള്ളതാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇലക്ട്രോണുകളുടെ കാര്യത്തിൽ അവയുടെ ദ്രവ്യമാനം എല്ലായ്പ്പോഴും സ്ഥിരമായി നിൽക്കുന്നില്ല. അവയുടെ ദ്രവ്യമാനം പ്രവേഗത്തിന്റെ ഫലമാണ്. പ്രവേഗം കൂടുന്നതിനനുസൃതമായി അവയുടെ ദ്രവ്യമാനവും കൂടിക്കൂടി വരുന്നു. ആദ്യം ഈ വർദ്ധനവ് വളരെ മന്ദഗതിയിലാണ്. പക്ഷേ പ്രകാശത്തിന്റെ പ്രവേഗത്തോടടുത്തുവരും തോറും പരീക്ഷണങ്ങൾവഴി കണ്ടുപിടിക്കാൻ കഴിയാത്ത വിധത്തിൽ അവയുടെ ദ്രവ്യമാനം വർദ്ധിക്കുന്നു. ഇങ്ങനെയാണെങ്കിൽ പദാർത്ഥത്തിന്റെ സംരക്ഷണനിയമം തെറ്റാണെന്നു വരികയില്ലേ? ഇല്ല. അതിനുള്ള പരിഹാരം ഐൻസ്റ്റീന്റെ സാപേക്ഷതാസിദ്ധാന്തം നൽകുന്നുണ്ട്.

സാപേക്ഷതാസിദ്ധാന്തം അനുസരിച്ച് ഒരു കണികയുടെ ദ്രവ്യമാനത്തിലുണ്ടാകുന്ന വർദ്ധനവ് ശൂന്യതയിൽ നിന്ന് ഉടലെടുക്കുന്നതല്ല. ചലിച്ചുകൊണ്ടിരിക്കുന്ന കണികയിലെ ഗതിക ഊർജ്ജത്തിലുണ്ടാകുന്ന വർദ്ധനവാണ് ദ്രവ്യമാനവർദ്ധനവിനു കാരണം. അഥവാ ഊർജ്ജമാണ് ദ്രവ്യമാനമായി രൂപാന്തരപ്പെടുന്നത്. അങ്ങനെ ഊർജ്ജവും ദ്രവ്യമാനവും സമാനങ്ങളായി തീർന്നതോടെ ഇലക്ട്രോണിന്റെ പ്രവേഗവർദ്ധനയ്ക്കനുസൃതമായുണ്ടാവുന്ന ദ്രവ്യമാനവർദ്ധനവ് പദാർത്ഥത്തിന്റെ സംരക്ഷണനിയമത്തെ ലംഘിക്കുന്നില്ലെന്നുവരുന്നു. പക്ഷേ, ആ നിയമത്തിനൊരു വ്യത്യാസം വന്നു എന്നു മാത്രം. പണ്ട് പ്രത്യേകം പ്രത്യേകമായി കരുതപ്പെട്ടിരുന്ന ഊർജ്ജസംരക്ഷണനിയമവും പദാർത്ഥസംരക്ഷണനിയമവും ഇപ്പോൾ ഒരുമിക്കുകയും ഒരേ നിയമമായി മാറുകയും ചെയ്തു - ഊർജ്ജത്തിന്റേയും പദാർത്ഥത്തിന്റേയും സംരക്ഷണനിയമം.

പദാർത്ഥത്തിന്റെ മൗലികഘടനയെക്കുറിച്ചു പറഞ്ഞപ്പോൾ അണുകേന്ദ്രത്തിൽനിന്നു വമിക്കപ്പെടുന്ന ഇലക്ട്രോണുകൾ ആസമയം ഊർജ്ജം രൂപാന്തരപ്പെട്ടുണ്ടാവുന്നതാണെന്നും അതോടൊപ്പമുണ്ടാവുന്ന പോസിട്രോണുകൾ ഇലക്ട്രോണുകളുമായി കൂട്ടിമുട്ടി വീണ്ടും ഊർജ്ജമായി മാറുന്നു എന്നും വ്യക്തമാക്കുകയുണ്ടായി. ഇതുപോലെതന്നെ മറ്റനേകം പരമാണു