താൾ:പ്രപഞ്ചവും മനുഷ്യനും.djvu/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62 പ്രപഞ്ചവും മനുഷ്യനും

ഇത്തരം അടിസ്ഥാന പ്രമാണങ്ങൾതന്നെ ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയതോടെ ഈ പ്രമാണങ്ങളിൽനിന്നു പദാർത്ഥത്തിന്റെ പരമാണുത്വം തന്നെ നിഗമിച്ചെടുക്കുവാൻ പറ്റില്ലെന്നു സ്ഥിതി വന്നു.

ഏതായാലും പദാർത്ഥത്തെക്കുറിച്ചുള്ള ആധുനികധാരണ എന്താണെന്നു പരിശോധിക്കുന്നതിനുമുമ്പ് പഴയ യാന്ത്രിക നിയമങ്ങൾക്കനുസൃതമായ ചിത്രത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ സംഗ്രഹിക്കാം.

  1. തികച്ചും ദൃഢവും നിബദ്ധവുമായ ഘടകങ്ങളാൽ നിർമ്മിതമായ പദാർത്ഥം യന്ത്രവിജ്ഞാനത്തിന്റെ കർക്കശനിയമങ്ങൾക്കനുസൃതമായി സ്ഥലത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്നു.
  2. പ്രകൃതിയിൽ പ്രകടമാവുന്ന ഗുണപരമായ എല്ലാ വ്യത്യാസങ്ങളും ഈ അടിസ്ഥാനഘടകങ്ങളുടേയോ അവയുടെ സംഘാതങ്ങളുടേയോ ക്രമീകരണത്തിലോ ചലനത്തിലോ ഉള്ള വ്യത്യാസങ്ങൾ മൂലമാണ്.
  3. പ്രകടമാവുന്ന ഗുണപരമായ എല്ലാ മാറ്റങ്ങളും പ്രാഥമിക ഘടകങ്ങളുടേയോ അവയുടെ സംഘാതങ്ങളുടേയോ സ്ഥാനാന്തരണത്തിൻ്റെ ഉപരിപ്ലവഫലങ്ങൾ മാത്രമാണ്.
  4. അടിസ്ഥാനകണികകൾ തമ്മിലുള്ള എല്ലാ പരസ്പരപ്രവർത്തനങ്ങളും അവയുടെ നേരിട്ടുള്ള സ്വാധീനംകൊണ്ടു മാത്രമാണ്.
  5. ഗുണപരമായ വൈവിധ്യവും അതുപോലെ ഗുണപരമായ രൂപാന്തരണവും, നിരീക്ഷിക്കുന്ന മനുഷ്യമനസ്സിന്റെ വെറും തോന്നലുകളാണ്. യഥാർത്ഥത്തിൽ പ്രകൃതിയിൽ സംഭവിക്കുന്നവയല്ല അവ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യംവരെ ശാസ്ത്രലോകം പൊതുവെ നിലനിർത്തിപ്പോന്ന പ്രാപഞ്ചികചിത്രത്തിന്റെ മൗലിക പ്രമാണങ്ങളിവയായിരുന്നു.

പരമാണുവിന്റെ ഘടനയെക്കുറിച്ചു വ്യക്തമായ ധാരണ രൂപംകൊള്ളുന്നതിനു മുമ്പുതന്നെ ഇലക്ട്രോൺ കണ്ടുപിടിക്കപ്പെട്ടുവെന്ന് രണ്ടാമദ്ധ്യായത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. പരമാണുക്കളേക്കാൾ വളരെ ചെറിയ കണികകളായ ഇലക്ട്രോണുകളുടെ കണ്ടുപിടുത്തം പരമാണുവിനെക്കുറിച്ചുള്ള ഡിമോക്രിറ്റൻ സങ്കല്പത്തെ തകർത്തുവെങ്കിലും പരമാണുവാദം അതോടെ തകരുകയുണ്ടായില്ല. പക്ഷേ, പിൽക്കാലത്തു തുടരെത്തുടരെ കണ്ടുപിടിക്കപ്പെട്ട പരമാണുകണികകളെല്ലാം ചിരസമ്മത പരമാണുവാദം ആവിഷ്കരിച്ച ഗുണങ്ങൾ പ്രദർശിപ്പിക്കാത്തവയായിരുന്നു. ഒന്നാമതായി പഴയ പ്രതീക്ഷകൾക്കു വിപരീതമായി ഈ കണികകളുടെ ദ്രവ്യമാനവും വ്യാപ്തവുമായി ആനുപാതികത്വമില്ലെന്നു വ്യക്തമായി. ഇതു പഴയ പരമാണുവാദത്തിന്റെ അടിത്തറയെത്തന്നെ ഇളക്കി. പരമാണുവിന്റെ ഏറെക്കുറെ മുഴുവൻ ദ്രവ്യമാനവും അടങ്ങിയിരിക്കുന്നത് അണുകേന്ദ്രത്തിലാണ്.