Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 പ്രപഞ്ചവും മനുഷ്യനും

അപൂർവകണികകൾ

മുകളിൽ വിവരിച്ച കണികകളിൽ മ്യുയോണുകളൊഴിച്ചുള്ളവ നിർവ്വഹിക്കുന്ന പങ്കുകളെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ പദാർത്ഥത്തിന്റെ അടിസ്ഥാനപരമായ ഘടനയും ഗുണവുമായി പൊരുത്തപ്പെട്ടുപോകുന്നവയാണ്. തന്മൂലം മൗലികകണികകളുടെ പട്ടിക പൂർത്തിയായെന്ന് കരുതപ്പെട്ടു. എന്നാൽ പിൽക്കാല ഗവേഷണങ്ങൾ പുതിയ പല കണികകളെയും രംഗത്ത് കൊണ്ടുവരികയുണ്ടായി. പയോണുകളും മ്യുയോണുകളും കൂടാതെ, മൂന്നാമതൊരുവർഗ്ഗം മീസോണുകൾ, K-മീസോണുകൾ അഥവാ കയോണുകൾ കണ്ടുപിടിക്കപ്പെട്ടു. പയോണുകളും പ്രോട്ടോണുകളും തമ്മിലോ ന്യൂക്ലിയോണുകൾ തമ്മിലോ ഉള്ള സംഘട്ടനഫലമായാണ് ഇവ ഉല്പാദിപ്പിക്കപ്പെടുന്നത്. ഇവയും മൂന്നുതരമുണ്ട് - ധന, ഋണ ചാർജുകളുള്ളവയും നിഷ്പക്ഷവും. പിന്നീട് ന്യൂക്ലീയോണുകളെക്കാൾ ഭാരമുള്ള ഒരു വിഭാഗം കണികകൾ, ഹൈപ്പെറോണുകൾ കണ്ടുപിടിക്കപ്പെട്ടു. ഇവയുമുണ്ട് മൂന്നുതരം. ഈ കണികകൾ വളരെ അപൂർവമായി മാത്രം കണ്ടുവരുന്നതുകൊണ്ട്, ഇവയുടെ എല്ലാ സ്വഭാവങ്ങളെയും കുറിച്ചുള്ള വ്യക്തമായ അറിവ് ലഭ്യമായിട്ടില്ല.

എതിർകണികകൾ

ഇലക്ട്രോൺ നിർമ്മിക്കപ്പെടുമ്പോൾ, വിരുദ്ധചാർജുള്ള ഒരു എതിർ ഇലക്ട്രോൺ കൂടി നിർമ്മിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ഡിറാക് സിദ്ധാന്തിച്ചത്, പോസിട്രോണിനെക്കുറിച്ച് പറഞ്ഞപ്പോൾ സൂചിപ്പിക്കുകയുണ്ടായി. ഡിറാക്കിന്റെ സിദ്ധാന്തപ്രകാരം, ഇലക്ട്രോണുകൾക്ക് മാത്രമല്ല എല്ലാ മൗലിക കണികകൾക്കും ഈ നിയമം ബാധകമാണ്. അപ്പോൾ എല്ലാ കണികകൾക്കും എതിർകണികകളുണ്ടായിരിക്കണം. ഋണ-ചാർജുള്ളവയ്ക്ക് ധന-ചാർജോടുകൂടിയ എതിർകണികകളുണ്ടായിരിക്കണം. ധന-ചാർജുള്ളവയ്ക്ക് ഋണ-ചാർജോടുകൂടിയ എതിർ കണികകളും. നിഷ്പക്ഷകണികകൾക്ക് എതിർദിശയിൽ തിരിയുന്ന കണികകളും. പോസിട്രോൺ ഉത്ഭവിയ്ക്കുന്ന അതേ രീതിയിൽ തന്നെയാണ്, എല്ലാ എതിർ കണികകളും ഉണ്ടാവുക. ഡിറാക്കിന്റെ പ്രവചനം സഫലീകൃതമായത് പോസിട്രോണിന്റെ കണ്ടുപിടുത്തത്തോടുകൂടിയാണ്. എന്നാൽ, 1955-ൽ എതിർ പ്രോട്ടോൺ കൂടി കണ്ടുപിടിക്കപ്പെട്ടതോടെ ഇത് കുറെക്കൂടി വ്യക്തമായി. എതിർ പ്രോട്ടോണിന്റെ അസ്തിത്വവും ഗുണങ്ങളും ഇന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രോട്ടോണും ന്യൂട്രോണും പരസ്പരം മാറുന്നവയാകയാൽ ഒരു എതിർ പ്രോട്ടോൺ, എതിർ ന്യൂട്രോണായി തീരാനുള്ള സാദ്ധ്യതയുണ്ട്. ചില സൂചനകളും ലഭിച്ചിട്ടുണ്ട്. ചില അപൂർവ്വ കണികകളുടെ എതിർ കണികകളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.