താൾ:പ്രപഞ്ചവും മനുഷ്യനും.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പദാർത്ഥം മൗലികഘടന 43



എതിർ പദാർത്ഥം?

എതിർ - പ്രോട്ടോണും, എതിർ - ന്യൂട്രോണും, എതിർ - ഇലക്ട്രോണും ഉള്ള നിലയ്ക്ക് ഇവയെല്ലാം കൂടിച്ചേർന്ന എതിർ പരമാണു ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഇത്തരം പരമാണുവിന്റെ അണുകേന്ദ്രം ഋണചാർജുള്ളതും ഇലക്ട്രോണുകൾ ധനചാർജുള്ളവയുമായിരിക്കും. മറ്റു ഗുണവിശേഷങ്ങളിലൊന്നും ഈ എതിർ പരമാണുവും സാധാരണ പരമാണുവും തമ്മിൽ വ്യത്യാസമുണ്ടാകില്ല. പക്ഷേ, പരമാണുവും എതിർ പരമാണുവും തമ്മിൽ കൂട്ടിമുട്ടാനിടയായാൽ അത്യധികം ഊർജം ഉല്പാദിപ്പിച്ചുകൊണ്ട് അവ അപ്രത്യക്ഷമാകും. പരമാണുക്കൾ നിറഞ്ഞു നിൽക്കുന്ന നമ്മുടെ പ്രപഞ്ചമേഖലകളിൽ എതിർ പദാർത്ഥത്തിന് നിലനിൽക്കാനാവില്ല. പക്ഷേ എതിർ-പദാർത്ഥം മാത്രമുള്ള നക്ഷത്രസമൂഹങ്ങളോ, നമ്മുടേതുപോലുള്ള മറ്റു പ്രപഞ്ചങ്ങൾ തന്നെയോ ഉണ്ടാകാനിടയുണ്ട്. പ്രപഞ്ചത്തിൽ അനന്തമേഖലകളിൽ, ഇടയ്ക്കിടയ്ക്കുണ്ടാകുന്ന വമ്പിച്ച പൊട്ടിത്തെറികൾക്ക് നിദാനം എതിർപദാർത്ഥമുള്ള ഗാലക്സികളും മറ്റു ഗാലക്സികളും തമ്മിൽ യാദൃശ്ചികമായി കൂട്ടിമുട്ടുന്നതാണെന്നു കരുതപ്പെടുന്നുണ്ട്.

പരമാണു- ഒരു നിരർത്ഥകപദം?

പദാർത്ഥത്തിന്റെ അവിഭാജ്യഘടകമായി കണക്കാക്കപ്പെട്ടിരുന്ന പരമാണുവിന് ഇന്നത്തരമൊരു ഗുണവിശേഷമില്ല. ന്യൂട്രോണും പ്രോട്ടോണും ഇലക്ട്രോണും ചേർന്നതാണ് പരമാണു എന്ന നിർവ്വചനവും തകർന്നു വീണു. ഇന്ന്, 'പരമാണു'വിന്റെ ഘടനയിൽ പങ്കുചേരുന്ന ഇരുപത്തഞ്ചിലധികം മൗലികകണങ്ങൾ അറിയപ്പെട്ടിട്ടുണ്ട്. ഇനിയും അനവധി അറിയപ്പെടാനുണ്ടാകും. ഇവയെല്ലാം ചേർന്നുള്ള ഒരു വസ്തുവിന് 'പരമാണു' എന്ന പേർ എത്രത്തോളം സംഗതമായിരിക്കും? ഈ മൗലിക കണികകളിൽ ന്യൂക്ലിയോണുകൾ, ന്യൂട്രിനോകൾ, ഇലക്ട്രോണുകൾ, ഫോട്ടോണുകൾ (പ്രകാശകണികകൾ) എന്നിവയാണ് സ്ഥിരമായിട്ടുള്ളവ. ആ നിലയ്ക്ക് അവ മാത്രമായിരിക്കുമോ മൗലികകണികകൾ? മറ്റുള്ളവ ഇവയുടെ സംയോജനഫലങ്ങളും? ഏതായാലും പദാർത്ഥത്തിന്റെ മൗലിക ഘടനയെക്കുറിച്ച് ഇനിയും പലതും അറിയേണ്ടിയിരിക്കുന്നു.നമ്മുടെ പഴയ സങ്കല്പത്തിലുള്ള പദാർത്ഥം അപ്രത്യക്ഷമായിരിക്കുന്നു. പദാർത്ഥം പദാർത്ഥമല്ലാതായിരിക്കുന്നു.