താൾ:പ്രപഞ്ചവും മനുഷ്യനും.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പദാർത്ഥം മൗലികഘടന 45


ച്ചുകൊണ്ടാണ് ഒരു ന്യൂട്രോൺ പ്രോട്ടോണായിത്തീരുന്നത്. ഇലക്ട്രോണിനേയും ന്യൂട്രിനോയേയും ഒരു പ്രോട്ടോൺ പിടിച്ചെടുത്ത് അത് ഒരു ന്യൂട്രോണായിത്തീരുകയും ചെയ്യുന്നു. അണുകേന്ദ്രത്തെ ഒരുമിപ്പിച്ചു നിറുത്തുന്ന പരസ്പരബന്ധങ്ങളുടെ ശക്തി താത്ത്വികമായി കണക്കാക്കാവുന്നതാണ്. എന്നാൽ നേരിട്ടുള്ള പരീക്ഷണത്തിൽ പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും സംഘട്ടനഫലമായുണ്ടാകുന്ന ശക്തികൾ താത്ത്വികമായി കണക്കാക്കപ്പെടുന്നതിനേക്കാൾ ആയിരക്കണക്കിനു മടങ്ങ് അധികമാണെന്നു കാണപ്പെട്ടു. ഈ വൈരുദ്ധ്യം പരിഹരിക്കാനായി ജാപ്പാനീസ് ഭൗതികശാസ്ത്രജ്ഞനായ യൂക്കാവാ 1935-ൽ ഒരു സിദ്ധാന്തം ആവിഷ്ക്കരിച്ചു. പ്രോട്ടോണുകൾ ന്യൂട്രോണുകളായി മാറുമ്പോൾ ഇലക്ട്രോണുകളേക്കാൾ നൂറുകണക്കിനു മടങ്ങ് ദ്രവ്യമാനം അധികമുള്ള മീസോൺ എന്ന ഒരു കണിക പ്രസരിപ്പിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മുകളിൽ സൂചിപ്പിച്ച വൈരുദ്ധ്യം പരിഹരിക്കപ്പെടും. ഇതനുസരിച്ച് അണുകേന്ദ്രത്തിൽ നിന്നു ബീറ്റാ-രശ്മികൾ വമിക്കുന്നത് രണ്ടുഘട്ടമായിട്ടുള്ള പ്രവർത്തനഫലമായാണ്. ആദ്യം ഒരു ന്യൂട്രോൺ ഒരു പ്രോട്ടോണായും ഒരു ഋണ-മീസോണായും മാറുന്നു. അടുത്തഘട്ടത്തിൽ ഋണ-മീസോൺ ഇലക്ട്രോണും ന്യൂട്രിനോയുമായി വിഭജിക്കപ്പെടുന്നു. ഇതുപോലെ പോസിട്രോൺ പ്രസരിക്കപ്പെടുമ്പോൾ ആദ്യം ഒരു ന്യൂട്രോണും ധന-മീസോണും പിന്നെ ധന-മീസോണിൽനിന്ന് ഒരു പോസിട്രോണും ഒരു ന്യൂട്രിനോയും ഉണ്ടാകുന്നു.

യൂക്കാവയുടെ സിദ്ധാന്തപ്രകാരമുള്ള മീസോൺ പിൽക്കാലത്ത് പ്രപഞ്ചരശ്മികളെക്കുറിച്ചുള്ള പഠനത്തിൽ ഒരു വിഭാഗം അമേരിക്കൻ ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. പക്ഷേ, ഈ മിസോൺ അണുകേന്ദ്രങ്ങളുമായി അപൂർവ്വമായേ പ്രതിപ്രവർത്തിക്കുന്നുള്ളു എന്നതിനാൽ മുകളിൽ പറഞ്ഞതുപോലുള്ള കൃത്യം ഇവ നിർവ്വഹിക്കാനിടയില്ല.1947-ൽ പോവെലും കൂട്ടരും കുറേക്കൂടി ഭാരമുള്ള മറ്റൊരു തരം മീസോണിനെ കണ്ടെത്തി. ഇതിനു പൈ-മീസോൺ അഥവാ പയോൺ എന്നും, യൂക്കാവയുടേതിനു മ്യു-മീസോൺ അഥവാ മ്യുയോൺ എന്നും പേരിട്ടു. ഇതിൽ പയോണാണ് അണുകേന്ദ്രത്തെ ഒരുമിപ്പിച്ചു നിറുത്തുന്നതെന്നു വ്യക്തമായി.

പയോണുകൾ മൂന്നു തരമുണ്ട് - ഋണചാർജും ധനചാർജും ഉള്ളവയും നിഷ്പക്ഷമായവയും. ഇവയുടെ ജീവിതകാലം ഒരു സെക്കന്റിന്റെ നന്നേ ചെറിയൊരംശം മാത്രമാണ്. ചാർജുള്ള പയോണുകൾ അന്ത്യത്തിൽ മ്യുയോണുകളും ന്യൂട്രിനോകളുമായി മാറുന്നു. നിഷ്പക്ഷ പയോൺ രണ്ടു ഗാമരശ്മികളുടെ രൂപത്തിൽ ഊർജമായി രൂപാന്തരപ്പെടുന്നു. മ്യുയോണുകൾ രണ്ടു തരമുണ്ട് - ഋണ ചാർജും ധന-ചാർജുമുള്ളവ. ഋണ മ്യുയോൺ ഒരു ഇലക്ട്രോണും രണ്ടു ന്യൂട്രിനോകളുമായി വിഭജിക്കപ്പെടുന്നു. ധന-മ്യുയോൺ ഒരു പോസിട്രോണും രണ്ടു ന്യൂട്രിനോകളുമായും.