താൾ:പ്രപഞ്ചവും മനുഷ്യനും.djvu/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിരന്തര സംഘട്ടത്തിലൂടെ മനുഷ്യൻ കൈവരിച്ച ശാസ്ത്ര സാങ്കേതിക നേട്ടങ്ങളെല്ലാം കയ്യൊഴിച്ചുകൊണ്ടേ ഈ തിരിച്ചുപോക്ക് സാധ്യമാവൂ. ആകർഷകമെന്ന് തോന്നുന്ന ഈ സമീപനം അപ്രായോഗികമാവുന്നത് അത് യാഥാർത്ഥ്യത്തിനു നിരക്കാത്തത് ആയതുകൊണ്ടാണ്; അതുകൊണ്ടുതന്നെ അത് ആന്തരിക വൈരുദ്ധ്യം ഉൾക്കൊള്ളുന്നു എന്നതുമാണ് യാഥാർത്ഥ്യം.

പ്രകൃതിയുടെതന്നെ സൃഷ്ടിയായ മനുഷ്യൻ മറ്റു ജീവജാലങ്ങളിൽനിന്ന്് ഗുണപരമായി ഉയർന്ന ഒരു തലത്തെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ട് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം മറ്റു ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽന്ന് വ്യത്യസ്തമാണ്. മനുഷ്യന്റെ മാനസിക വികാസം അവനെ സ്വന്തമായ സ്വത്വബോധമുള്ളവനാക്കി തീർത്തിരിക്കുന്നു. ഇതവന്റെ സ്വന്തം സൃഷ്ടിയല്ല; പ്രകൃതി തന്നെയാണ് അവനെ ഈ നിലവാരത്തിലെത്തിച്ചത്. തനതായ സ്വത്വബോധമുള്ളതുകൊണ്ടാണ് പ്രകൃതിയുമായി പൂർണ്ണമായി ലയിച്ചുചേരാൻ കഴിയാതെ പ്രകൃതിയുമായി വൈരുദ്ധ്യാത്മക ബന്ധത്തിലേർപ്പെടാൻ അവന് കഴിയുന്നത്. ഇതൊരു ചീത്തക്കാര്യമല്ല്. മനുഷ്യന്റെ മുഴുവൻ സാമൂഹ്യ സാംസ്ക്കാരിക പുരോഗതിയുടെ അടിസ്ഥാനം പ്രകൃതിയുമായുള്ള അവന്റെ ഈ വൈരുദ്ധ്യാത്മക ബന്ധമാണ്. ഈ ബന്ധത്തെ പ്രകൃതിയുമായി പൂർണ്ണമായി താദാത്മ്യം പ്രപിക്കുന്ന ഒന്നായി മാറ്റിത്തീർക്കണമെന്ന് പറയുന്നത് മനുഷ്യൻ മനുഷ്യനല്ലാതായി തീരണമെന്ന് പറയുന്നതിനു തുല്യമാണ്. അതുകൊണ്ടാണ് മനുഷ്യന്റെ അത്തരമൊരു നിർമാനവീകരണം അപ്രായോഗികമാണെന്ന് പറയുന്നത്. അങ്ങിനെയൊരു സങ്കല്പത്തെ ആധാരമാക്കിയുള്ള ഒരു വീക്ഷണവും മനുഷ്യസമൂഹം സ്വീകരിക്കാൻ പോകുന്നില്ല.

മനുഷ്യന്റെ ഇടപെടലില്ലാത്ത പ്രകൃതി സ്വച്ഛവും സന്തുലിതവുമായി എന്നും ചലിച്ചുകൊണ്ടിരിക്കുന്നു എന്ന് കരുതുന്നതും അബദ്ധമാണ്. ഹിമയുഗങ്ങളും ഭൂഖ്ണ്ഡാന്തര ചലനങ്ങളും വമ്പിച്ച അഗ്നിപർവ്വത സ്ഫോടനങ്ങളും മറ്റും വഴി ജീവജാലങ്ങളുടെ അസംഖ്യം പരമ്പരകളെത്തന്നെ ഉന്മൂലനാശം വരുത്തിയ ദുരന്തങ്ങളുടെ വലിയ ചരിത്രമാണ് മനുഷ്യന് മുമ്പുള്ള പ്രകൃതിയ്ക്കുള്ളത്. പ്രകൃതിയെ മനസ്സിലാക്കാനുള്ള മനുഷ്യന്റെ നിരന്തര പരിശ്രമങ്ങൾ ഇത്തരം പല ദുരന്തങ്ങളും ഒഴിവാക്കാവുന്ന തരത്തിൽ അവനെ കഴിവുറ്റവനാക്കുന്നുണ്ട്. പക്ഷേ ഇത്തരം നേട്ടങ്ങളെ മറികടക്കുന്ന ദുരന്തങ്ങൾ ഇന്ന് മനുഷ്യൻ തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ് നമ്മുടെ മുന്നിലുള്ളത് എന്നുമാത്രം.

പുതിയ സമീപനത്തിന്റെ ആവശ്യകത

സാമൂഹ്യവിപ്ലവത്തിലൂടെ വർഗ്ഗസമരത്തിലൂടെ സ്വാഭാവികമായി പരിഹരിക്കപ്പെടുന്നതാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലെ അപാകതകൾ എന്ന സമീപനം കാലഹരണപ്പെട്ടതാണ്. മാർക്സിസത്തിന്റെ പേരിൽ നിലനിന്നുപോന്ന യാന്ത്രിക സമീപനത്തിനെ തുടർച്ച മാത്രമാ