താൾ:പ്രപഞ്ചവും മനുഷ്യനും.djvu/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നയും ആവർത്തനപ്രക്രിയയും കണ്ടുപിടിക്കപ്പെട്ടതോടെ പരിണാമത്തിന് നിദാനമായ പ്രതിഭാസങ്ങളും വ്യക്തമായി. അസംഖ്യം രാസഘടകങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ള D.N.A ശൃംഖലകൾ പുനരാവർത്തിക്കപ്പെടുന്ന സമയത്തും കൂടി ചേരലുകൾ നടക്കുമ്പോഴുമെല്ലാം തികച്ചും യാദൃശ്ചികമായി ചില പരമാണുക്കൾക്കോ തന്മാത്രകൾക്കോ സ്ഥാനചലനം സംഭവിക്കാം. ആന്തരികവും ബാഹ്യവുമായ അസംഖ്യം കാരണങ്ങൾകൊണ്ട് ഇങ്ങനെ സംഭവിക്കാം. ഒരു ജീനിനെ പ്രതിനിധാനം ചെയ്യുന്ന D.N.A ഖണ്ഡത്തിൽ ഇങ്ങനെ ഒരു സൂക്ഷ്മവ്യതിയാനം സംഭവിച്ചാൽ, ആ ജീൻ നിർമ്മിക്കുന്ന പ്രോട്ടീനിന്റെ സ്വഭാവത്തിന് മാറ്റം വരും. ഈ മാറ്റം പ്രസ്തുത ജീവിയുടെ ശരീരഘടനയിലൊ സ്വഭാവത്തിലൊ എന്തെങ്കിലും മാറ്റം ഉണ്ടാക്കും. എല്ലാ ജീവികളിലേയും പാരമ്പര്യഘടകങ്ങളിൽ ഇത്തരം അസംഖ്യം ഉൽപരിണാമങ്ങൾ (Mutation) നടക്കാനുള്ള സാധ്യത എല്ലായ്പോഴും നിലനിൽക്കുന്നുണ്ട്. ഇത്തരം ഉൽപരിണാമങ്ങളാണ് ജീവജാതികളുടെ പരിണാമത്തിനുള്ള അടിത്തറയായി വർത്തിക്കുന്നത്. അതെസമയം ഇത്തരം ഉൽപരിണാമങ്ങളുടെ ഫലമായുണ്ടാകുന്ന പുതിയ സ്വഭാവങ്ങൾ, അനിവാര്യമായ സാഹചര്യങ്ങളുടെ കർക്കശമായ തെരഞ്ഞെടുപ്പിന് വിധേയമാകുന്നുണ്ട്. പക്ഷേ, ഇക്കാര്യം അവഗണിച്ചുകൊണ്ട് മനുഷ്യപരിണാമം വരെയുള്ള ചരിത്രത്തിലെ ചില നിർണ്ണായക സംഭവങ്ങളുടെ യാദൃശ്ചികസ്വഭാവം ചൂണ്ടിക്കാണിച്ചുകൊണ്ട് ജൈവപരിണാമത്തിലെ നിർണ്ണായകഘടകം യാദൃശ്ചികതയാണ്, അനിവാര്യതയല്ല എന്ന് സമർത്ഥിക്കുകയാണ് മൊണാദ് ചെയ്യുന്നത്.

ചുരുക്കത്തിൽ ജീവിലോകത്തെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയകണ്ടുപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ ജീവിലോകത്തെ സംബന്ധിച്ചിടത്തോളമെങ്കിലും വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ നിയമങ്ങൾ ബാധകമല്ലെന്നും യാദൃശ്ചികതയാണ് ജീവിലോകത്തെ നയിക്കുന്നതെന്നുമാണ് മൊണാദ് സമർത്ഥിക്കുന്നത്. ക്വാണ്ടം ബലതന്ത്രത്തിന്റെ കാര്യം സൂചിപ്പിച്ചുകൊണ്ട് പ്രപഞ്ചത്തിൽ നടക്കുന്നതിൽ യാദൃശ്ചികതയാണ് മുഖ്യ പ്രവണതയെന്ന് സമർത്ഥിക്കാനും അദ്ദേഹം ശ്രമിക്കുന്നു. മാർക്സിസം പ്രകൃതിയേയും സമൂഹത്തേയും നിശ്ചിതമായ നിയമങ്ങൾക്കനുസരിച്ച് വിലയിരുത്താനും അതിനനുസരിച്ച് സമൂഹത്തെ മാറ്റിതീർക്കാനും ശ്രമിക്കുന്നത് അശാസ്ത്രീയമാണെന്നു വരുത്തിതീർക്കുകയാണ് മൊണാദിന്റെ അന്തിമലക്ഷ്യം. ഇക്കാര്യത്തിൽ, മാർക്സിസത്തിനെതിരായി യുദ്ധപ്രഖ്യാപനവുമായി ഇറങ്ങിതിരിച്ച പ്രസിദ്ധ ബൂർഷ്വാതത്വചിന്തകൻ കാൾപോപ്പറിന്റെ പാദങ്ങൾ തന്നെയാണ് മൊണാദ് പിന്തുടരുന്നത്. അന്തസത്തയിൽ മാർക്സിസത്തിനെതിരായ പോപ്പറിന്റെ ബാലിശമായ വാദമുഖങ്ങൾ തന്നെ മൊണാദും ജീവശാസ്ത്രത്തിന്റെ ഭാഷയിൽ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇങ്ങനെ ചെയ്യുന്നതിൽ അടിസ്ഥാനപരമായി രണ്ടുതെറ്റുകളാണ് അദ്ദേഹത്തിനു പറ്റിയിട്ടുള്ളത്. ഒന്ന്, മാർക്സിസ്റ്റ് തത്വശാസ്ത്രത്തെക്കുറിച്ചുള്ള ഭാഗികവും അവ്യക്തവുമായ ധാരണകൾവച്ചുകൊണ്ട് അതിനെ