Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തപ്പെടുന്ന ഓരോ ജീവജാതിയുടേയും പാരമ്പര്യഘടകങ്ങൾ ഇത്തരം യാദൃശ്ചികതയുടേതാണ്. അങ്ങനെ ഒരു നിയമമുണ്ടെങ്കിൽ അനിവാര്യത ലോകത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. ഇതാണ് മൊണാദിന്റെ വാദമുഖത്തിന്റെ രത്നച്ചുരുക്കം.

ഈ വാദത്തിന് ഉപോൽബലകമായി മൊണാദ് വളരെയധികം വസ്തുതകൾ അവതരിപ്പിക്കുന്നുണ്ട്. ജീവശരീരങ്ങളുടെ ഘടനയിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകം വിവിധ തരം പ്രോട്ടീനുകളാണ്. പ്രധാനപ്പെട്ട ഇരുപതുതരം അമിനോ അമ്ലങ്ങൾ വിവിധ രീതിയിലും തോതിലും സംയോജിച്ചിട്ടാണ് നൂറുകണക്കിന് അമിനോ അമ്ലങ്ങൾ വീതമുള്ള ആയിരക്കണക്കിന് പ്രോട്ടീനുകൾ ഉണ്ടാകുന്നത്.ഓരോ പ്രോട്ടീനിന്റെയും സവിശേഷതയ്ക്കു നിദാനം അവയിലടങ്ങിയിട്ടുള്ള അമിനോ അമ്ലങ്ങളുടെ ക്രമീകരണമാണ്. ഇരുപത് അമിനോ അമ്ലങ്ങൾ വിവിധ തരത്തിൽ ക്രമീകരിക്കാനുള്ള സാധ്യത അനന്തമാണ്. ഈ ആയിരക്കണക്കിന് പ്രോട്ടീനുകളുടെ ഘടനയേയും അവയിലെ അമിനോ അമ്ലക്രമീകരണത്തേയും നിയന്ത്രിക്കുന്ന ഏതെങ്കിലും നിയമങ്ങളുണ്ടോ? മൊണാദ് തന്നെ പറയുന്ന ഉത്തരം നോക്കുക. 'എല്ലാത്തരം ജീവികളിൽനിന്നും സംഭരിച്ചിട്ടുള്ള വിവിധ പ്രോട്ടീനുകൾക്ക് ചേരുംപടിയുള്ള നൂറുകണക്കിന് ക്രമീകരണങ്ങൾ എന്നു നമുക്കറിയാം വിശകലനത്തിന്റെയും കംപ്യൂട്ടറിന്റെയും ആധുനിക സമ്പ്രദായങ്ങളുടെ സഹായത്തോടെ ക്രമബദ്ധമായ താരതമ്യം നടത്തിയതിനു ശേഷം ഈ ക്രമീകരണങ്ങളെക്കുറിച്ചുള്ള പഠനത്തിൽനിന്ന് നമുക്കിപ്പോൾ രൂപീകരിക്കാവുന്ന പൊതുനിയമം ഇതാണ്. 'യാദൃശ്ചികതയുടെ നിയമം'(പേജ് 95). പക്ഷേ ഇതുകൊണ്ട് ഓരോ പ്രോട്ടീനും സാധാരണ ജീവകോശങ്ങളിൽ നിർമ്മിക്കപ്പെടുന്നത് യാദൃശ്ചികമായിട്ടാണെന്ന് കരുതേണ്ട, അതായത്, ജീനുകളിലെ D.N.Aയുടെ ഘടനയിലടങ്ങിയ വിവരത്തിനനുസരിച്ചു മാത്രമാണ് ഓരോ പ്രോട്ടീനുകളുടെയും ക്രമവും ഘടനയും നിർണ്ണയിക്കപ്പെടുന്നത്. ഈ ക്രമീകരണവും ഘടനയുമാകട്ടെ കോടികണക്കിന് തലമുറകൾ തന്നെ യാതോരു മാറ്റവുമില്ലാതെ പകർത്തപ്പെട്ടു കൊണ്ടിരിക്കുകയുമാണ്. ഈ പകർത്തപ്പെടുന്ന പ്രക്രിയ അനിവാര്യമാണെന്ന് മൊണാദ് സമ്മതിക്കുന്നുമുണ്ട്. പക്ഷേ, ആരംഭത്തിൽ ഏതെങ്കിലുമൊരു പ്രോട്ടീനിന്റെ ഘടനയും ക്രമീകരണവും നിർണ്ണയിക്കപ്പെടുന്നത് തികച്ചും യാദൃശ്ചികമാണ് എന്നാണ് മൊണാദിന്റെ വാദം, അതുകൊണ്ട് ജീവന്റെ അടിത്തറയായ പ്രോട്ടീനുകളുടെ മണ്ഡലത്തിൽ യാദൃശ്ചികതയാണ് ഭരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം.

പാരമ്പര്യഘടകങ്ങളായ ജീനുകളും അവയുടെ നിർദ്ദേശാനുസാരമുള്ള പ്രോട്ടീൻ നിർമ്മിതിയും യാതൊരു മാറ്റവുമില്ലാതെ തലമുറകൾതോറും പകർത്തപ്പെടുകയാണെങ്കിൽ ജൈവപരിണാമം സംഭവിക്കുമായിരുന്നില്ല. അപ്പോൾ, ഈ സ്ഥിരതയെ, അനിവാര്യതയെ തകർക്കുന്ന ചില പ്രക്രിയകൾ നടക്കുന്നുണ്ടെന്ന് വ്യക്തം. 1950-നു ശേഷം പാരമ്പര്യഘടകങ്ങളുടെ ഘട