തൊഴിൽ വിഭജനത്തിന്റെ ഫലമായി രൂപംകൊണ്ട രണ്ടുവിവേചനങ്ങളാണ് പട്ടണവും ഗ്രാമവും തമ്മിലും ബുദ്ധിപരമായ അധ്വാനവും ശാരീരികാധ്വാനവും തമ്മിലുള്ള വകതിരുവുകൾ. മുതലാളിത്തവ്യവസ്ഥയിൽ പട്ടണങ്ങളുടെ വളർച്ചയ്ക്കുവേണ്ടി ഗ്രാമങ്ങൾ ദരിദ്രമാക്കപ്പെടുന്നു. അതുപോലെ ഒരു വിഭാഗം ബുദ്ധിജീവികളുടെ മാനസിക വ്യായാമത്തിനുവേണ്ടി കായികാധ്വാനം ചെയ്യുന്നവർ ചൂഷണം ചെയ്യപ്പെടുന്നു. മുതലാളിത്തവ്യവസ്ഥയിലെ പ്രകടമായ ഈ വിവേചനം സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ പരിഹരിക്കപ്പെടുന്നു. ഉല്പാദനം മുഴുവനും, മുഴുവൻ സമൂഹത്തിന്റെയും നിയന്ത്രണത്തിലുള്ള ആസൂത്രണത്തിനു വിധേയമാകുമ്പോൾ പട്ടണവും ഗ്രാമവും തമ്മിലുള്ള വൈരുദ്ധ്യം ഇല്ലാതാവുന്നു. അതുപോലെ മാനസികമോ കായികമോ ആയ അധ്വാനം ചെയ്യുന്നവർ തമ്മിൽ എന്തെങ്കിലും അന്തരമുള്ളതായി കണക്കാക്കാൻ ഇത്തരമൊരു ആസൂത്രണത്തിനു കഴിയുകയില്ല. പക്ഷേ, ആദ്യകാലങ്ങളിൽ ഗ്രാമവും പട്ടണവും തമ്മിലും മാനസികാധ്വാനവും കായികാധ്വാനവും തമ്മിലും ഉള്ള അന്തരം നിലനിന്നുപോരും. സുദീർഘമായ ഒരു പ്രക്രിയയിലൂടെ മാത്രമേ ഈ അന്തരം പൂർണ്ണമായും പരിഹരിക്കാൻ കഴിയൂ. അവസാനം കമ്യുണിസ്റ്റ് വ്യവസ്ഥിതിയിൽ വ്യക്തിയുടെമേൽ സമൂഹം ഒരു തരത്തിലുള്ള പരിമിതികളും അടിച്ചേല്പിക്കാതിരിക്കുമ്പോൾ ഈ അന്തരം അപ്രത്യക്ഷമാകുന്നു.
സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ ചൂഷകവർഗ്ഗങ്ങളും വർണ്ണവൈരുദ്ധ്യങ്ങളും ഉന്മൂലനം ചെയ്യപ്പെടുന്നുണ്ടെങ്കിലും എല്ലാ വർഗ്ഗങ്ങളും അപ്രത്യക്ഷമാവുന്നില്ല. തൊഴിലാളിവർഗ്ഗവും കർഷകകവർഗ്ഗവും വീണ്ടും അവിടെ അവശേഷിക്കുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലെ വർഗ്ഗങ്ങളാണിവർ. ഇതിന്റെ ഫലമായി, സോഷ്യലിസത്തിൽ രണ്ടു തരത്തിലുള്ള സ്വത്തുക്കളുണ്ടായിരിക്കും. മുഴുവൻ ജനതയുടേയും ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് സ്വത്തും, സഹകരണസംഘങ്ങളുടേയയോ കൂട്ടുകൃഷിക്കളങ്ങളുടേയോ ഉടമസ്ഥതയിലുള്ള സ്വത്തും. ഇതിലാദ്യത്തേത് പൊതുഉടമയിലുള്ള പൊതുവ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടേയും, രണ്ടാമത്തേത് സഹകരണസംഘങ്ങളിലെ കർഷകരുടേതുമാണ്. ഈ രണ്ടു വർഗ്ഗങ്ങളും പരസ്പരവിരുദ്ധങ്ങളല്ല; അവ പരസ്പരം സഹായിക്കുന്നവയും സഹകരിക്കുന്നവയുമാണ്. അവ ഒരിക്കലും ചൂഷകവർഗ്ഗങ്ങളാവുന്നില്ല. കാലക്രമത്തിൽ സോഷ്യലിസ്റ്റ് വ്യവസ്ഥ കമ്യുണിസത്തിലേയ്ക്കു മുന്നേറുന്നതിനനുസരിച്ച് ഈ വർഗ്ഗവ്യത്യാസവും അപ്രത്യക്ഷമാവുന്നു. എല്ലാ തരത്തിലുള്ള ഉല്പാദനവും കമ്യുണിസ്റ്റ് വ്യവസ്ഥയിൽ മുഴുവൻ രാഷ്ട്രത്തിന്റെയും കൂടിയുള്ള വ്യാപകമായ ഒരു സംഘടനയുടെ കൈകളിലാകുന്നതോടെ തികച്ചും വർഗ്ഗരഹിതമായ ഒരു സമൂഹം ഉടലെടുക്കുന്നു.
കർഷകവർഗ്ഗവും തൊഴിലാളിവർഗ്ഗവും ഒരേസമയത്ത് നിലനില്ക്കുന്നിടത്തോളംകാലം ഉല്പാദനബന്ധങ്ങളിലുള്ള വൈരുധ്യങ്ങൾ പൂർണ്ണമായും