Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരിഹരിക്കുക സാധ്യമല്ല. ഓരോരുത്തനും അവന്റെ ജോലിക്കനുസരിച്ച് എന്ന തത്വം സോഷ്യലിസത്തിൽ നിലനിൽക്കുന്നിടത്തോളം കാലം ഈ വ്യത്യസ്തവർഗ്ഗങ്ങളുടെ ഉല്പന്നങ്ങൾ ചരക്കുകളായി മാത്രമേ സമൂഹത്തിൽ വിതരണം ചെയ്യാനാകൂ. എന്നാൽ കമ്യൂണിസത്തിൽ ഓരോരുത്തനും അവന്റെ ആവശ്യത്തിനനുസരിച്ച് ഉല്പന്നങ്ങൾ വിതരണം ചെയ്യപ്പെടാൻ തുടങ്ങുന്നതോടെ ഉല്പന്നങ്ങൾ ചരക്കുകളല്ലാതായിത്തീരുന്നു. എല്ലാ ജനങ്ങളുടെയും കൂട്ടായുള്ള വിപുലമായ ഏക സംഘടനയാണ് ഉല്പന്നങ്ങൾ കൈകാര്യം ചെയ്യുക. തന്മൂലം അവയെ ചരക്കുകളാക്കി മാറ്റാതെ ഉല്പന്നങ്ങൾ തന്നെയായി കൈകാര്യം ചെയ്യുക സാധ്യമായി തീരുന്നു. അതോടെ മുതലാളിത്ത വ്യവസ്ഥയിലും തുടർന്ന് സോഷ്യലിസ്റ്റ് വ്യവസ്ഥയിലും ഉല്പാദനബന്ധങ്ങളും ഉല്പാദനശക്തികളും തമ്മിൽ നിലനിന്നിരുന്ന പ്രധാന വൈരുധ്യം അപ്രത്യക്ഷമാവുന്നു.

ഇത്തരമൊരു വർഗ്ഗരഹിത, ചൂഷണരഹിത കമ്യൂണിസ്റ്റ് സമൂഹത്തെക്കുറിച്ചുള്ള സങ്കല്പം ഇന്നും കാല്പനികതലത്തിൽ തന്നെയാണ് നിലകൊള്ളുന്നത്. തൊഴിലാളിവർഗ്ഗ നേതൃത്വത്തിൽ വിപ്ലവം നടന്ന രാജ്യങ്ങളിൽ സോഷ്യലിസ്റ്റു വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയുണ്ടായി. മുതലാളിത്ത, സാമ്രാജ്യത്വശക്തികളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നടത്തോളം കാലം ഇത്തരം രാജ്യങ്ങളിൽ കമ്യൂണിസത്തിലേക്കുള്ള മുന്നേറ്റം അസാധ്യമാണെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും സോഷ്യലിസം കെട്ടിപ്പടുക്കാൻ കഴിയുമെന്നാണ് കരുതിയിരുന്നത് എന്നാൽ ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നത്, സോഷ്യലിസം കെട്ടിപ്പടുക്കുക എന്ന കടമ തന്നെ അതീവ സങ്കീർണ്ണമാണെന്നാണ്. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ഇപ്പോൾ ചൈനയിലും മറ്റും നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ മുതലാളിത്ത പുന:സ്ഥാപന പ്രക്രിയ കാണിക്കുന്നത്, മുതലാളിത്തത്തിൽനിന്ന് സോഷ്യലിസത്തിലൂടെ കമ്യൂണിസത്തിലേക്കുള്ള പരിവർത്തനം, വളരെ ദീർഘിച്ചതും സങ്കീർണ്ണവും രൂക്ഷവുമായ വർഗ്ഗസമരത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളു എന്നാണ്.