Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വകാര്യസ്വത്തിന്റെ എല്ലാത്തരം സ്വാധീനതകളും സമൂഹത്തിൽനിന്നു പാടെ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കും.

ഭാവിയിൽ രൂപംകൊണ്ടേക്കാവുന്ന ഇത്തരം സാമൂഹ്യവ്യവസ്ഥിതിയിൽ ഇത്തരം വസ്തുനിഷ്ഠസാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ വ്യക്തിജീവിതത്തിൽ അതുണ്ടാക്കുന്ന പ്രതികരണങ്ങളെന്തെല്ലാമായിരിക്കുമെന്നത് ഇന്നു വിഭാവന ചെയ്യാൻ ശ്രമിക്കുന്നത് ഉചിതമല്ല; അങ്ങനെ ചെയ്താൽ അത് ശരിയായിക്കൊള്ളണമെന്നുമില്ല. എങ്കിലും, സാമൂഹ്യവും സാമ്പത്തികവുമായി വരിഞ്ഞുമുറുക്കുന്ന എല്ലാകെട്ടുപാടുകളും അപ്രത്യക്ഷമാവുന്ന അത്തരമൊരു വ്യവസ്ഥിതിയിൽ അധ്വാനം ജീവിതത്തിന്റെ പ്രാഥമികാവശ്യമായി തീരാനിടയുണ്ടെന്നു കരുതാവുന്നതാണ്.

മുതലാളിത്തവ്യവസ്ഥയിൽ അനിവാര്യവും കർക്കശവുമായ തൊഴിൽ വിഭജനം മൂലം സമൂഹത്തിലെ ഓരോ അംഗത്തിന്റെയും വ്യക്തിത്വം വിഭജിക്കപ്പെടുന്നു. ഈ തൊഴിൽ വിഭജനം ഉയർന്ന നിലവാരത്തിലുള്ള ഉല്പാദനത്തിന്റെ അനിവാര്യഫലമാണുതാനും. ആധുനികവ്യവസായത്തിൽ ഒട്ടേറെ വൈവിധ്യമാർന്ന തൊഴിൽവിഭാഗങ്ങളും അവയുടെ ഏകീകരണവും ഉല്പാദനപ്രക്രിയയ്ക്ക് അനിവാര്യമാണ്. മുതലാളിത്ത വ്യവസ്ഥയിൽ ഇത്തരം തൊഴിൽ വിഭജനത്തിന്റെ ഫലമായി മനുഷ്യനും വിഭജിക്കപ്പെടുന്നു. ഏതെങ്കിലും ഒരു പ്രവർത്തനത്തിനുവേണ്ടി മറ്റെല്ലാ ശാരീരികവും മാനസികവുമായ കഴിവുകൾ ബലികഴിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ഉല്പാദകർ ഉല്പാദനോപാധികളെ നിയന്ത്രിക്കുകയല്ല, ഉല്പാദനോപാധികൾ ഉല്പാദകനെ നിയന്ത്രിക്കുകയാണ് ഇവിടെ സംഭവിക്കുന്നത്.

പക്ഷേ, സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ തൊഴിലാളി ഉല്പാദനോപാധികളുടെ ഉടമയാകുന്നതോടെ, ഉല്പാദകർ യന്ത്രങ്ങളുടെ അടിമയല്ലാതാവുന്നു. അവൻ യജമാനനായിത്തീരുന്നു. തന്മൂലം മുതലാളിത്തവ്യവസ്ഥയിലെ തൊഴിൽ വിഭജനത്തിൽനിന്നുണ്ടായ മുരടിച്ചയിൽനിന്നു മനുഷ്യർക്കു മുക്തിനേടാനുള്ള അവസരം സോഷ്യലിസത്തിൽ സംജാതമാകുന്നു. കമ്യൂണിസത്തിലേയ്ക്കെത്തുമ്പോഴേയ്ക്ക് ഈ പരിവർത്തനം പൂർത്തിയാവുകയും സർവ്വതോന്മുഖമായ വളർച്ചയെത്തിയ വ്യക്തികളുടെ രൂപവൽക്കരണം സാധ്യമാവുകയും ചെയ്യും. ആധുനിക ഉല്പാദനസമ്പ്രദായങ്ങൾ കൂടുതൽ സങ്കീർണ്ണമായിത്തീരും തോറും ഏതെങ്കിലും ഒരു കാര്യത്തിൽമാത്രം വിദഗ്ദ്ധനായ ഒരു തൊഴിലാളിയുടെ സ്ഥാനത്ത് ഏറെക്കുറെ എല്ലാ മണ്ഡലങ്ങളിലും പരിജ്ഞാനമുള്ളവരെയാണ് കൂടുതൽ ആവശ്യമായിത്തീരുക. ഉല്പാദനോപാധികളുടെ ഉടമയായിത്തീരുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയിലെ തൊഴിലാളികൾക്കേ ഇങ്ങനെ സർവതോമുഖമായ വളർച്ച പ്രാപിക്കാനാവൂ. കാരണം, അവരെ ഒരു തരത്തിലുള്ള സാമൂഹ്യകെട്ടുപാടുകളും ഏതെങ്കിലും മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തി നിർത്തുന്നില്ല.