താൾ:പ്രപഞ്ചവും മനുഷ്യനും.djvu/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സത്തിൽ അധ്വാനിക്കുവാൻ ആരെയും നിർബന്ധിക്കുന്നില്ല. അങ്ങനെയുള്ള സന്ദർഭത്തിൽ ആർക്കും തന്നെ ജോലി ചെയ്യാതിരിക്കാൻ കഴിയുകയില്ല. എന്തുകൊണ്ടെന്നാൽ, അധ്വാനം എല്ലാ ജീവികളുടെയും പ്രാഥമികമായ ഒരു ജൈവസ്വഭാവമാണ്. വളരെ താഴെ കിടയിലുള്ള ജീവികളുടെ കാര്യം തന്നെ എടുത്തു നോക്കുക. അവനവന്റെ ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിന് ഓരോ ജീവിയും സ്വമേധയാ പ്രവർത്തിക്കുന്നു. അതു തന്നെയാണ് ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവവും. മനുഷ്യന്റെ വിവിധ സാമൂഹ്യ വ്യവസ്ഥിതികളുടെ ഫലമായി രൂപം കൊണ്ട സങ്കീർണ്ണമായ ബന്ധങ്ങളും കെട്ടുപാടുകളുമാണ് അധ്വാനത്തോടു നിഷേധാത്മകമായ ഒരു നിലപാടെടുക്കാൻ അവനെ പ്രേരിപ്പിക്കുന്നത്. എന്നാൽ കമ്മ്യൂണിസത്തിൽ വരിഞ്ഞുമുറുക്കുന്ന കെട്ടുപാടുകളൊന്നുമില്ലാതാകുമ്പോൾ അധ്വാനം ജീവിതത്തിന്റെ പ്രഥമവും പ്രധാനവുമായ ആവശ്യമായിത്തീരും.

അങ്ങനെ മുതലാളിത്ത വ്യവസ്ഥയിലെ തൊഴിലാളിക്ക് അധ്വാനത്തോടുള്ള വിരക്തി കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിൽ അപ്രത്യക്ഷമാവുകയും തന്റെ സർവതോന്മുഖമായ മാനുഷികകഴിവുകളെ വികസിപ്പിക്കാൻ തക്ക ഒരു സാഹചര്യം അവനു ലഭിക്കുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ഏറ്റവും ആകർഷകമായ വശമിതാണെന്നു തോന്നുന്നു. ഇന്ന് മുതലാളിത്തരാജ്യങ്ങളിലും സമൂഹത്തിലെ ഏറെക്കുറെ എല്ലാ നിലവാരത്തിലുമുള്ളവരെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ്, എന്നെന്നും തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന സുരക്ഷിതത്വമില്ലായ്മയും അധ്വാനത്തോടുള്ള വിരക്തിയും അഥവാ അന്യഥാബോധവും. വ്യക്തിജീവിതത്തിലെ ഈ അനിശ്ചിതത്വവും വ്യർത്ഥതാബോധവും, നിരാശാവാദത്തിലേയ്ക്ക്, വിവിധതരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവണതകളിലേയ്ക്ക് തെന്നിനീങ്ങുന്നു. മുതലാളിത്ത വ്യവസ്ഥയിലും മറ്റും നിലനിൽക്കുന്ന ഈ നിഷേധാത്മകപ്രവണതകൾക്ക് മൂലഹേതു സ്വകാര്യസ്വത്തുസമ്പ്രദായമാണ്. സ്വകാര്യസ്വത്ത്, സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുകയും, ഒരുപിടി കുത്തകക്കാരുടെ കൈകളിൽ പ്രധാന ഉല്പാദനോപാധികൾ അമർന്നിരിക്കുകയും ചെയ്യുന്നിടത്തോളം കാലം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം അനിശ്ചിതത്വത്തിൽത്തന്നെയായിരിക്കും കഴിഞ്ഞുകൂടുക. അതേസമയം കുത്തകക്കാർ തമ്മിലുള്ള മത്സരം അവരേയും, ഈ അനിശ്ചിതത്വത്തിൽ നിന്നു മുക്തരാക്കുന്നില്ല.

വ്യക്തിജീവിതത്തിൽ എല്ലാ തരം അനിശ്ചിതത്വത്തിനും വിരക്തിയ്ക്കും മൂലഹേതുവായ സ്വകാര്യസ്വത്തും അതിനെ തുടർന്നുള്ള സാമൂഹ്യ ബന്ധങ്ങളും സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ വലിയൊരു പരിധിവരെ നിർമ്മാർജനം ചെയ്യപ്പെടുന്നു. എന്നാലും അതിന്റെ ചില അവശിഷ്ടങ്ങൾ പിന്നെയുമവിടെ നിലനിൽക്കും. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലൂടെ ക്രമികമായി മുന്നേറിക്കൊണ്ട് അവസാനം കമ്മ്യൂണിസത്തിൽ ചെന്നെത്തുമ്പോൾ