30
ചരിത്രത്തിന്റെ ഭൗതികവ്യാഖ്യാനം
മനുഷ്യൻ ഭൂമുഖത്ത് രംഗപ്രവേശം ചെയ്തതിനു ശേഷമുള്ള കാലഘട്ടത്തിന്റെ ഏതാണ്ട് 2 ശതമാനത്തോളം മാത്രമേ, എഴുതപ്പെട്ട ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. ശേഷിക്കുന്ന സുദീർഘ കാലയളവ് ഇന്ന് നമുക്ക് അജ്ഞാതമല്ല. പുരാവസ്തു ഗവേഷകരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും മറ്റും പഠനങ്ങളുടെ ഫലമായി ആ കാലഘട്ടത്തിൽ നടന്ന സുപ്രധാന പരിവർത്തനങ്ങളെക്കുറിച്ചും ഒരേകദേശധാരണ രൂപപ്പെടുത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. മനുഷ്യന്റെ ആവിർഭാവം മുതൽക്കിങ്ങോട്ടുള്ള ഈ നീണ്ട കാലയളവിൽ നടന്നിട്ടുള്ള പരിവർത്തനങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കാൻ ശ്രമിച്ചാൽ, പല ചരിത്രകാരന്മാരും കരുതുന്നതു പോലെ, ചരിത്രം വെറും യാദൃച്ഛിക സംഭവങ്ങളുടെ ഒരു സമാഹാരമല്ലെന്നു മനസ്സിലാക്കാൻ കഴിയും. ഈ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ചരിത്രത്തെ വിവിധ ഘട്ടങ്ങളായി തരംതിരിക്കാനും കഴിയും. ചരിത്രത്തിന്റെ ഗതിക്രമത്തെ നിയന്ത്രിക്കുന്ന മൗലികവസ്തുതകളെന്താണെന്ന് നോക്കാം.
ജീവിതോപാധികളുടെ ഉല്പാദനം
മറ്റെല്ലാ ജന്തുക്കളുടെയുമെന്നപോലെ മനുഷ്യന്റെയും നിലനിൽപിന് ആത്യന്താപേക്ഷിതമായിട്ടുള്ളതു ഭക്ഷണമാണ്. അതുകഴിഞ്ഞാൽ വസ്ത്രവും പാർപ്പിടവും. അത്യധികം സാമൂഹ്യപുരോഗതിയാർജ്ജിച്ചിട്ടുള്ള ഈ കാലഘട്ടത്തിൽപോലും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പാർപ്പിടത്തിന്റെയും പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷം മാത്രമേ മനുഷ്യർ കലയുടെയും ശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും മറ്റും മേഖലകളിലേക്ക് പ്രവേശിക്കുന്നുള്ളു. അപ്പോൾ പിന്നെ, കലയും ശാസ്ത്രവും മറ്റും വളർച്ച പ്രാപിക്കാതിരുന്ന ആദിമകാലഘട്ടങ്ങളിൽ, അനിവാര്യമായ ജീവിതോപാധികൾ സമ്പാദിക്കുക എന്നുള്ളതു മാത്രമായിരുന്നു മനുഷ്യരുടെ പ്രഥമോദ്ദേശം. അതുകൊണ്ടുതന്നെ, ജീവിതോപാധികളുടെ ഉല്പാദനമാണ് എല്ലാതരത്തിലുള്ള സമൂഹങ്ങളുടെയും നിലനില്പിനെ പിന്നെ നിയന്ത്രിച്ചിരുന്നത്.
ചരിത്രത്തിൽ രംഗപ്രവേശം ചെയ്തിട്ടുള്ള എല്ലാ സമൂഹങ്ങളുടേയും മൗലികസ്വഭാവത്തെ നിർണ്ണയിച്ചിട്ടുള്ളത്, സമൂഹത്തിൽ എന്ത് ഉല്പാദിപ്പിക്കപ്പെട്ടു, ഉല്പന്നങ്ങൾ എങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടു എന്ന വസ്തുതകളാണ്. തന്മൂലം, സാമൂഹ്യപരിവർത്തനങ്ങളെ നിയന്ത്രിക്കുന്നത്, ഉല്പാദനരീതിയിലുണ്ടാകുന്ന മാറ്റങ്ങളാണ്. ഓരോ സമൂഹത്തിലും പ്രത്യേക രീതിയിലുള്ള