താൾ:പ്രപഞ്ചവും മനുഷ്യനും.djvu/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉല്പാദന സമ്പ്രദായങ്ങളിൽ മാറ്റമുണ്ടാകുമ്പോൾ അതോടു ബന്ധപ്പെട്ടു എല്ലാ സാമൂഹ്യഘടകങ്ങളിലും മാറ്റം അനിവാര്യമായുമുണ്ടാകും. ചരിത്രത്തിന്റെ ഗതി ക്രമത്തിൽ ഉല്പാദനസമ്പ്രദായത്തിന് ഗണ്യമായ പരിവർത്തനം സംഭവിച്ചിട്ടുണ്ട്. ഭക്ഷണം ശേഖരിച്ച് ജീവിച്ചിരുന്ന ആദിമ പ്രാകൃത മനുഷ്യരുടെ ഗോത്രവർഗ്ഗങ്ങൾ തുടങ്ങി, ആധുനിക സോഷ്യലിസ്റ്റ് വ്യവസ്ഥിതിവരെയുള്ള പരിണാമത്തിനിടയ്ക്ക് മനുഷ്യസമൂഹം വിവിധ രീതിയിലുള്ള ഉല്പാദനസമ്പ്രദായങ്ങൾ ആവിഷ്കരിക്കുകയും അതിനനുസരിച്ചുള്ള സാമൂഹ്യ വ്യവസ്ഥിതികൾ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഒന്നിനുപുറകെ ഒന്നായി രംഗപ്രവേശം ചെയ്ത വിവിധ ഉല്പാദന സമ്പ്രദായങ്ങളാണ് ഇന്നോളമുള്ള സാമൂഹ്യപ്രവർത്തനങ്ങൾക്കെല്ലാം നിദാനമായി വർത്തിച്ചിട്ടുള്ളത്.

ഉല്പാദനസമ്പ്രദായങ്ങളിലുണ്ടായ പരിവർത്തനത്തെക്കുറിച്ച് പഠിക്കുന്നതിന്, ഉല്പാദന സമ്പ്രദായങ്ങളിലെ ഘടകങ്ങളെന്തല്ലാമാണെന്നു മനസ്സിലാക്കണം. ഉല്പാദനസമ്പ്രദായത്തിന് രണ്ട് അടിസ്ഥാനഘടകങ്ങളുണ്ട്- ഉല്പാദന ശക്തികളും ഉല്പാദനബന്ധങ്ങളും.

ഉല്പാദനം നടത്തുന്നതിന് വിവിധ തരത്തിലുള്ള ഉല്പാദന സാമഗ്രികളാവശ്യമാണ്. ശിലായുഗത്തിൽ കല്ലുകൊണ്ടും എല്ലുകൊണ്ടും മറ്റുമുള്ള ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, ഇന്ന് അതീവ സങ്കീർണ്ണമായ ഉപകരണങ്ങളും യന്ത്രങ്ങളും വാഹനങ്ങളും മറ്റു ഉപയോഗിക്കുന്നു. ഉല്പാദനസാമഗ്രികൾ കൂടാതെ ഒരു കാലത്തും ഉല്പാദനം നടന്നിട്ടില്ല. എന്നാൽ ഉല്പാദന സാമഗ്രികൾ നിർമ്മിക്കാനും ഉപയോഗിക്കാനും കഴിവുള്ള മനുഷ്യർ കൂടിയുണ്ടെങ്കിലേ ഉല്പാദനം നടക്കൂ. തന്മൂലം ഉല്പാദനശക്തികൾ എന്നതു കൊണ്ടുദ്ദേശിക്കുന്നത്, ഉല്പാദനം നടത്തുന്നതിന് അനിവാര്യമായ ഉല്പാദനസാമഗ്രികളും അവ കൈകാര്യം ചെയ്യുന്ന മനുഷ്യരുമാണ്. ഈ രണ്ട് ഘടകങ്ങളും കൂടിച്ചേർന്നതാണ് ഉല്പാദന ശക്തികൾ.

സാമൂഹ്യമായ പരസ്പര ബന്ധങ്ങളും സഹകരണവും കൂടാതെ ഒരുതത്തിലുള്ള ഉല്പാദനവും സാദ്ധ്യമല്ല. ഉല്പാദന സാമഗ്രികൾ ഉണ്ടാക്കുന്നതിലും ഉപയോഗിക്കുന്നതിലും പരിചയവും വൈദഗ്ധ്യവും നേടുന്നതിനായി ജനങ്ങൾ പരസ്പരം ബന്ധത്തിലേർപ്പെടുന്നു. ഉല്പാദന പ്രക്രിയയിലേർപ്പെടുന്ന ആളുകൾ തമ്മിൽ തമ്മിലുള്ള ബന്ധങ്ങളെയാണ് ഉല്പാദന ബന്ധങ്ങളെന്നുപറയുന്നത്. പക്ഷേ, ഉല്പാദനം നടത്തുമ്പോൾ അതുമായി ബന്ധപ്പെട്ട വ്യക്തികൾ മാത്രമായുള്ള ബന്ധങ്ങളിലേർപ്പെട്ടാൽ പോരാ, ഉല്പാദനോപാധികളുമായും ബന്ധത്തിലേർപ്പെടണം. ഉല്പാദനോപാധികൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഉല്പാദനസാമഗ്രികൾ മാത്രമല്ല, ഉല്പാദനത്തിനാവശ്യമായ എല്ലാ തരത്തിലുള്ള അസംസ്കൃത വസ്തുക്കളും ഭൂമിയും കെട്ടിടങ്ങളും മറ്റും അതിലുൾപ്പെടുന്നു. ഇങ്ങനെയുള്ള ഉല്പാദനോപാധികളുമായി ഉല്പാദനത്തിലേർപ്പെട്ടിട്ടുള്ളവർക്കുള്ള വിവിധതരത്തിലുള്ള ബന്ധ ങ്ങൾ അതീവ സങ്കീർണ്ണങ്ങളാണ്.