Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പോൾ ആദ്യം കരുതിയിരുന്നതുപോലെ, ഗ്ലിയൽ സെല്ലുകൾ വെറും ആവരണകോശങ്ങൾ മാത്രമല്ലെന്ന് വ്യക്തമായി. ന്യൂറോൺ പ്രവർത്തനം ഉച്ചകോടിയിലെത്തുമ്പോൾ അതിന്റെ ഉത്തേജിതപ്രവർത്തനം നിലനിർത്തുന്നതിനാവശ്യമായ ആർ.എൻ.എ. യും ഊർജദായക സംയുക്തങ്ങളും പ്രദാനം ചെയ്യുന്നതു ഗ്ലിയൽ സെല്ലുകളാണ്. നാഡി ശാന്തമാകുമ്പോൾ ഈ ഗ്ലിയൽസെല്ലുകൾ ആർ.എൻ.എ. വീണ്ടും സംഭരിച്ചുവയ്ക്കുന്നു.

ഈ പരീക്ഷണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്. മസ്തിഷ്കം പ്രചോദിക്കപ്പെടുമ്പോൾ ആർ.എൻ.എ. ഉല്പാദനം വർദ്ധിക്കുന്നു എന്നു മാത്രമല്ല, ഈ ആർ.എൻ.എ യിലെ ഒരു ചെറുവിഭാഗം അതിന്റെ ബേസ്ക്രമത്തിൽ അഥവാ രാസഘടനയിൽ പ്രചോദിക്കപ്പെടാത്ത മൃഗങ്ങളുടേതിൽ നിന്നു വ്യത്യാസമുള്ളവയും കൂടിയാണ്. പുതുതായി ആർജിച്ച സ്വഭാവം ഈ വ്യതിരിക്ത ആർ.എൻ.എ. തന്മാത്രകളിലാണ് മുദ്രണം ചെയ്യപ്പെട്ടിട്ടുള്ളതെന്നു കരുതാവുന്നതാണ്. ഒരു സ്വഭാവം പഠിക്കുന്ന പ്രക്രിയയിൽ ആദ്യഘട്ടത്തിലെയും അനന്തരഘട്ടത്തിലേയും ആർ.എൻ.എ യിലെ ബേസ് ക്രമത്തിനു പോലും പ്രകടമായ അന്തരമുണ്ടായിരുന്നുവെന്നു തെളിഞ്ഞു.

ചുരുക്കത്തിൽ ഹൈഡൻ ആവിഷ്കരിച്ച സിദ്ധാന്തമനുസരിച്ച് പുതിയ അനുഭവങ്ങളാർജിക്കുമ്പോൾ പരിവർത്തനപ്പെടുത്തപ്പെട്ട നാഡീസ്പന്ദനങ്ങൾ ന്യൂറോണിലും അതിന്റെ ഗ്ലിയൽ സെല്ലുകളിലും ഉള്ള ആർ.എൻ.എ. തന്മാത്രകളിലെ ബേസ് അനുക്രമത്തെ പരിവർത്തനപ്പെടുത്തുന്നു. ഈ പുതിയ ആർ.എൻ.എ. തന്മാത്രകൾ പുതിയ പ്രോട്ടീൻ തന്മാത്രകളെ നിർമ്മിക്കും. ഈ പുതിയ പ്രോട്ടീന്, ആർ.എൻ.എ-യിൽ മാറ്റമുളവാക്കിയ അതേ തോതിലുള്ള നാഡീസ്പന്ദനമുണ്ടാകുമ്പോൾ പ്രതികരണമുളവാക്കാൻ കഴിയും.അതേ വൈദ്യുതസ്പന്ദനങ്ങൾ വീണ്ടുമുണ്ടാകുമ്പോൾ ഈ പുതിയ പ്രോട്ടീനുകൾ വേർപെടുകയും, നാഡീകോശസന്ധി സ്ഥാനത്ത് പ്രേക്ഷകവസ്തുക്കളെ വൻതോതിൽ മോചിപ്പിക്കുകയും ചെയ്യുന്നു. ഇതു വഴി ഈ സന്ധികളിലൂടെ നാഡീസ്പന്ദനം തൊട്ടടുത്തുള്ള നാഡീകോശങ്ങളിലേയ്ക്കു പകർത്തപ്പെടുന്നു. ഇങ്ങനെ ഓരോ നാഡീകോശത്തിലും പ്രത്യേക ഘടനയിലുള്ള ആർ.എൻ.എ. തന്മാത്രകൾ സൃഷ്ടിക്കപ്പെടുന്നതുവഴി വ്യത്യസ്ത ചോദനങ്ങളോട് വ്യത്യസ്തരീതിയിലുള്ള പ്രതികരണമാണ് അത് ഉളവാക്കുക. ഇങ്ങനെ ഓരോ നാഡീകോശത്തിനും ഒട്ടേറെ വാർത്താശകലങ്ങളെ ശേഖരിച്ചു വയ്ക്കാൻ കഴിയുന്നു. ഇങ്ങനെ ജൈവസ്വഭാവങ്ങളെപ്പോലെതന്നെ മാനസികസ്വഭാവങ്ങളും ജൈവരാസവസ്തുക്കളിലാണ് സമാഹരിക്കപ്പെട്ടിട്ടുള്ളതെന്നു കരുതാൻ ന്യായമുണ്ട്.

ഹൈഡൻ ഈ സിദ്ധാന്തം ആവിഷ്കരിച്ചതോടെ ഈ ദിശയിലുള്ള ഗവേഷണങ്ങൾ ഊർജസ്വലമായി നടക്കാൻ തുടങ്ങി. ഇതിനെതിരായും അനുകൂലമായും ഉള്ള ഒട്ടുവളരെ തെളിവുകൾ പിൽക്കാലത്തു സമാഹരിക്കപ്പെട്ടിട്ടുണ്ട്. മിഷിഗൻ സർവകലാശാലയിലെ ജെയിംസ് വി.മാക്കോണൽ