Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റാടപ്പുഴുവായ പ്ലാനേറിയയിൽ നടത്തിയ പരീക്ഷണങ്ങൾ സ്മൃതിതന്മാത്രകൾ ആർ.എൻ.എ. തന്നെയാണെന്നു സൂചിപ്പിക്കുകയുണ്ടായി.

ഹൈഡന്റെ സിദ്ധാന്തത്തെത്തുടർന്ന് ഗിയാട്ടോ മറ്റൊരു സിദ്ധാന്തമാവിഷ്കരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആർ.എൻ.എ. അല്ല, ഡി.എൻ.എ. ആണ് ഓർമ്മകൾ ശേഖരിച്ചുവെയ്ക്കുന്ന രാസവസ്തു. ഡി.എൻ.എ. യുടെ ബേസ് അനുകമത്തിൽ ന്യൂക്ളിയോടൈഡുകളുടെ കൂട്ടലോ കുറയ്ക്കലോ മറ്റോ വഴി വ്യത്യാസമുണ്ടാകുന്നതാണ് വാർത്തകൾ മുദ്രണം ചെയ്യുന്നതിനടിസ്ഥാനമായി വർത്തിക്കുന്നത്. എന്നാൽ ഈ സിദ്ധാന്തത്തിനു അനുകൂലമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ബ്രിഗ്സും കിറ്റോവും ചേർന്നു നടത്തിയ പഠനങ്ങളുടെ ഫലമായി ആർ.എൻ.എ-യും ഡി.എൻ.എ-യും സ്മൃതി തന്മാത്രകളാവാനിടയില്ലെന്നു സ്ഥാപിക്കുന്ന ഒട്ടേറെ വാദമുഖങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആർ.എൻ.എ-യുടെ ഘടനയെ നിർണ്ണയിക്കുന്നതു ഡി.എൻ.എ-യാണ്. അതിന്റെ ബേസ്-അനുക്രമത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ വൈദ്യുത സ്പന്ദനങ്ങൾക്ക് കഴിയുകയില്ല. മാത്രമല്ല, ആർ.എൻ.എ-യുടെ ഘടനയിൽ വ്യത്യാസമുണ്ടായാൽ അതു പുതിയ പ്രോട്ടീനുകളെ നിർമ്മിക്കുക വഴി, കോശത്തിന്റെ സാധാരണ ഗതിയിലുള്ള പ്രവർത്തനങ്ങൾ താറുമാറാക്കുകയും അതിന്റെ നാശത്തിലേയ്ക്കു വഴിവെക്കുകയും ചെയ്യും. തന്മൂലം ആർ.എൻ.എ-യും ഡി.എൻ.എ-യും സ്മൃതി തന്മാത്രകളാണെന്നു കണക്കാക്കാൻ കഴികയില്ലെന്ന് ഇവർ സിദ്ധാന്തിക്കുന്നു.

ബ്രിഗ്സും കിറ്റോവും ചേർന്ന് മറ്റൊരു സിദ്ധാന്തമാവിഷ്കരിച്ചിട്ടുണ്ട്. അതിൻപ്രകാരം നാഡീകോശങ്ങളിൽ പ്രത്യേക എൻസൈമുകൾ കേന്ദ്രീകരിക്കുന്ന പ്രക്രിയയാണ് ഓർമ്മയുമായി ബന്ധപ്പെട്ടിരിക്കുന്നത്. നാഡീസ്പന്ദനങ്ങൾ സന്ധികൾ വഴി കടന്നുപോകുന്നത് രാസപ്രേഷകവസ്തുക്കളുടെ ഉൽപാദനത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു നിശ്ചിതപരിധിയിലുള്ള പ്രേഷകവസ്തുക്കൾ ഉൽപാദിപ്പിക്കപ്പെട്ടാൽ മാത്രമേ ഒരു നിശ്ചിതസ്പന്ദനത്തിനു നാഡീകോശസന്ധിയെ തരണംചെയ്ത് അടുത്ത കോശത്തിലേയ്ക്കു കടക്കാൻ കഴിയൂ. ഓരോ കോശത്തിലും നിലവിലുള്ള എൻസൈം വ്യവസ്ഥയാണ് പ്രേഷകവസ്തുവിന്റെ നിർമ്മിതിയെ നിയന്ത്രിക്കുന്നത്. ആവശ്യമായ പോഷകവസ്തുവിനെ നിർമ്മിക്കാനുള്ള എൻസൈം വ്യവസ്ഥ നാഡീകോശങ്ങളിലുണ്ടെങ്കിൽ ആവർത്തിച്ചുള്ള പ്രചോദനംവഴി പ്രേഷകവസ്തു കൂടുതലായി ഉല്പാദിപ്പിക്കപ്പെടുകയും നാഡീസ്പന്ദനം സുഗമമായി സന്ധികൾ വഴി കടന്നുപോകുകയും ചെയ്യുന്നു. ഈ സിദ്ധാന്തപ്രകാരം ഏതെങ്കിലും നാഡീകോശം പ്രത്യേക വാർത്തകൾ ശേഖരിച്ചുവെയ്ക്കുന്നില്ല; മറിച്ച് തുടർച്ചയായുള്ള നാഡീകോശങ്ങളുടെ ഉത്തേജനം സുഗമമാക്കുക വഴിയാണ് വാർത്തകൾ മസ്തിഷ്കത്തിലെ വിവിധ നാഡീകോശസരണികളിൽ മുദ്രണം ചെയ്യപ്പെടുന്നത്.