സംബന്ധിച്ച് കൂടുതൽ തൃപ്തികരമായ പരിഹാരം കണ്ടെത്താൻ ജൈവരസതന്ത്രപരമായ സമീപനത്തിനു കഴിയുന്നുണ്ട്.
ജൈവരസതന്ത്രപരമായ അടിസ്ഥാനം
കഴിഞ്ഞ രണ്ടു ദശകങ്ങളിലായി, ജൈവരസതന്ത്രപരമായ ഗവേഷണങ്ങളിലുണ്ടായ വമ്പിച്ച പുരോഗതിയുടെ ഫലമായി, ഡി.എൻ.എ. ആർ.എൻ.എ പ്രോട്ടീൻ പ്രവർത്തന ശ്യംഖലയുടെ ഫലമായി സ്ഥിരമായി വിവിധ സ്വഭാവങ്ങൾ മുദ്രണം ചെയ്തുവയ്ക്കുന്നതെങ്ങനെയാണെന്നും, അവയെ വിവർത്തനംചെയ്ത് തക്കസമയത്തു പ്രവർത്തിക്കുന്നതെങ്ങനെയാണെന്നും വ്യക്തമാവുകയുണ്ടായല്ലോ. മസ്തിഷ്കപ്രവർത്തനങ്ങളിലും അനുഭവങ്ങൾ മുദ്രണംചെയ്യുന്നതിൽ ഇങ്ങനെയൊരു 'എൻഗ്രാം' സങ്കല്പത്തെ അന്വേഷിച്ച് പലരും ഗവേഷണം നടത്തുകയുണ്ടായി.
പഠനവും ഓർമ്മയും, നാഡീകോശങ്ങൾക്കുള്ളിൽ നടക്കുന്ന രാസപ്രവർത്തനങ്ങളുടെ ഫലമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒട്ടേറെ സിദ്ധാന്തങ്ങൾ ആവിഷ്കൃതമായിട്ടുണ്ട്. മോണി, കാറ്റ്സ്, ഹാൾ സ്റ്റെഡ് തുടങ്ങിയവരുടെ ആദ്യകാല സിദ്ധാന്തങ്ങൾ, സവിശേഷമായ പ്രോട്ടീനുകൾ സംശ്ലേഷണം ചെയ്യുന്നതുവഴിയാണ് ഓർമ്മ രൂപംകൊള്ളുന്നതെന്ന് സമർത്ഥിക്കുകയുണ്ടായി. എന്നാൽ ഈ നിഗമനങ്ങൾ ശരിയല്ലെന്നു പിൽക്കാലത്തു തെളിഞ്ഞു.
തന്മാത്രാ നിലവാരത്തിലുള്ള മസ്തിഷ്കപ്രവർത്തനങ്ങളെക്കുറിച്ച് ആദ്യത്തെ ഗഹനമായ പഠനങ്ങൾ നടത്തിയത് സ്വീഡിഷ് നാഡീ ജൈവശാസ്ത്രജ്ഞനായ ഹോൾഗർ ഹൈഡനും കൂട്ടരുമാണ്. ഇത്തരം പഠനങ്ങൾ നടത്തുന്നതിന് സാങ്കേതികതടസ്സങ്ങളാണ് പ്രധാന പ്രശ്നം. നാഡീകോശങ്ങളെ മസ്തിഷ്കത്തിൽനിന്ന് വേർതിരിച്ചെടുക്കുക, ഓരോ ന്യൂറോണിനെയും ആവരണം ചെയ്തിട്ടുള്ള ഗ്ലിയൽ കോശങ്ങൾ നീക്കം ചെയ്യുക, ന്യൂക്ളിയസ്സിനെ കോശശരീരത്തിൽനിന്ന് വേർപെടുത്തി അവയിലെ ആർ.എൻ.എ. അളവും പ്രോട്ടീൻ-എൻസൈം പ്രവർത്തനവും മറ്റു രാസഘടകങ്ങളും നിർണ്ണയിക്കുക തുടങ്ങിയവയ്ക്കുള്ള സൂക്ഷ്മ സാങ്കേതിക വിദ്യകൾ അവർക്കാവിഷ്ക്കരിക്കേണ്ടതുണ്ടായിരുന്നു.
1960 ഓടുകൂടി ഹൈഡനും കൂട്ടരും വിജയിക്കുകയും അത്ഭുതാവഹമായ ചില വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരികയുമുണ്ടായി. മുയലുകൾ, എലികൾ തുടങ്ങിയ മൃഗങ്ങൾ പരീക്ഷണവിധേയമായി. അവയെ ഏതെങ്കിലും ഒരു പുതിയ അനുഭവത്തിന് വിധേയമാക്കുകയും ഉടനടി കൊലപ്പെടുത്തി ന്യൂറോണുകൾ വിശ്ലേഷണം ചെയ്യുകയുമാണുണ്ടായത്. ഏതെങ്കിലും തരത്തിലുള്ള പ്രചോദനമുണ്ടാവുകയാണെങ്കിൽ, അതു ന്യൂറോണിലെ ആർ.എൻ.എ. ഉല്പാദനവും തദനന്തരമുള്ള പ്രോട്ടീൻ നിർമ്മിതിയും വർദ്ധിപ്പിക്കുന്നതായി തെളിഞ്ഞു. മാത്രമല്ല, ന്യൂറോണിന്റെ ആർ.എൻ.എ. പ്രവർത്തനം വർദ്ധിച്ചതോടെ, ഗ്ലിയൽ സെല്ലുകളുടേത് കുറയുകയും ചെയ്തു.