താൾ:പ്രപഞ്ചവും മനുഷ്യനും.djvu/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ട്ടുണ്ട്. കോശശരീരത്തിൽ നിന്നു നേർത്ത ശാഖകളുടെ ഒരു പറ്റംതന്നെ പുറപ്പെടുന്നു. ഇവയെ ഡെൻഡ്രൈറ്റുകൾ എന്നു വിളിക്കുന്നു. വാർത്തകളെ കോശശരീരത്തിലേയ്ക്കു കൊണ്ടുവരിക എന്നുള്ളതാണ് ഇവയുടെ കർത്തവ്യം. ഇവ താരതമ്യേന നീളം കുറഞ്ഞവയാണ്. ഇവയിൽനിന്നു വ്യത്യസ്തമായി വളരെ നീളം കൂടിയ ഒരു ശാഖയും നാഡീകോശശരീരത്തിൽ നിന്നു പുറപ്പെടുന്നുണ്ട്. ഇതാണ് ആക്സോൺ. ഇതിനു ചിലപ്പോൾ രണ്ടടി വരെ നീളം കാണും. ഈ ആക്സോണിന് പ്രോട്ടോപ്ലാസ നിർമ്മിതമായ സിലിണ്ടറാകൃതിയിലുള്ള ഒരു അക്ഷമുണ്ട്. ഈ അക്ഷത്തെ പൊതിഞ്ഞുകൊണ്ട് ആവരണകോശങ്ങൾ അഥവാ ഗ്ലിയൽസെല്ലുകൾ സ്ഥിതിചെയ്യുന്നു. ഈ ആവരണകോശങ്ങൾ പുറപ്പെടുവിക്കുന്ന ഒരു കൊഴുപ്പു വസ്തുവിനാൽ രൂപീകൃതമാവുന്ന മയെലിൻ ആവരണം കൊണ്ട് ഈ അക്ഷത്തെ പൊതിഞ്ഞിരിക്കുന്നു.

ആക്സോണിന്റെ സ്വതന്ത്രാഗ്രം അനവധി ചെറുശാഖകളായി വിഭജിച്ചിരിക്കുന്നു. ഈ ശാഖകൾ തൊട്ടടുത്തുള്ള നാഡീകോശത്തിന്റെ ഡെൻഡ്രൈറ്റുകളുമായി ബന്ധപ്പെടുന്നു. ഇതിൻഫലമായുണ്ടാവുന്ന സന്ധിയെ സൈനോപ്സ് എന്നു പറയുന്നു. ഇങ്ങനെയുള്ള സന്ധികൾ മൂലം വാർത്തകൾ വളരെ ദൂരം വഹിച്ചുകൊണ്ടുപോകുന്നതിനു തുടർച്ചയായുള്ള ന്യൂറോണുകൾക്ക് അഥവാ നാഡികൾക്ക് കഴിയുന്നു. നിരവധി ന്യൂറോണുകളുടെ ആക്സോണുകൾ ഒന്നുചേർന്നിട്ടാണ് ഒരു നാഡി രൂപം കൊള്ളുന്നത്.

വാർത്താവിനിമയം നടത്തുകയാണ് ഈ നാഡീകോശങ്ങളുടെ പ്രധാന ജോലി. ഈ കർത്തവ്യം നിർവഹിക്കുന്നതിനനുസൃതമായി അവയെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഒരു വിഭാഗം ബോധേന്ദ്രിയങ്ങളിൽനിന്ന് വാർത്തകൾ കേന്ദ്രനാഡീവ്യൂഹത്തിലെത്തിക്കുന്നു. ഇത്തരം നാഡീകോശങ്ങളുടെ തന്തുക്കൾ ചേർന്നുണ്ടാകുന്ന നാഡികളെ സംജ്ഞാനാഡികൾ എന്നു വിളിക്കുന്നു. മറ്റൊരു വിഭാഗം തലച്ചോറിൽ നിന്നോ സുഷുമ്നാകാണ്ഡത്തിൽ നിന്നോ ഉള്ള നിർദ്ദേശങ്ങൾ മാംസപേശികളിലെത്തിക്കുന്നു. അവയെ ചേഷ്ടാനാഡികൾ എന്നു വിളിക്കുന്നു, മൂന്നാമത്തെ വിഭാഗം നാഡീകോശങ്ങൾ ഈ രണ്ടു വിഭാഗത്തിലുമുള്ള നാഡീകോശങ്ങളെ ബന്ധിപ്പിക്കുന്നവയാണ്. മസ്തിഷ്കത്തിലും സുഷുമ്നാകാണ്ഡത്തിലുമാണ് പ്രധാനമായും ഇത്തരം നാഡീകോശങ്ങളുള്ളത്.

നാഡീസ്പന്ദനം

നാഡീകോശങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്കു വാർത്തകൾ എത്തിക്കുന്നത് നാഡീസ്പന്ദനങ്ങൾ വഴിയാണ്. ചുറ്റുപാടിൽനിന്ന് ഉടലെടുക്കുന്ന ഒരു ചോദനം ബോധേന്ദ്രിയത്തിൽവന്നു പതിക്കുകയും അവിടെ നിന്ന് അത് നാഡീസ്പന്ദനങ്ങളായി അതാതു നാഡികൾ വഴി മസ്തിഷ്കകേന്ദ്രത്തിലെത്തിച്ചേരുകയും ചെയ്യുമ്പോഴാണ് അതെക്കുറിച്ചു നാം ബോധവാന്മാരാകുന്നത്. ഒരു ഉദാഹരണം നോക്കാം. ഒരു ഭംഗിയുള്ള റോസാപുഷ്പം