താൾ:പ്രപഞ്ചവും മനുഷ്യനും.djvu/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എങ്കിലും താത്ത്വികാടിസ്ഥാനത്തിലാണ് ഈ പ്രശ്നം ഇവിടെ ചർച്ച ചെയ്യുന്നതെന്നതു കൊണ്ട് ഈ സാധ്യത നമുക്കംഗീകരിക്കാം. ഇങ്ങനെ ആന്തരികാനുഭവത്തോടൊപ്പം മസ്തിഷ്കപ്രവർത്തനങ്ങൾ കൂടി ദൃശ്യമാകുമ്പോൾ ഒരേ പ്രതിഭാസത്തിന്റെ രണ്ടു വശങ്ങളാണ് അയാൾ അനുഭവിക്കുന്നതെന്ന പ്രതീതിയാണാദ്യമുണ്ടാവുക. തുടർന്നു നേരിട്ടുള്ള ആന്തരികാനുഭവവും ദൃശ്യവസ്തുതയും തമ്മിൽ താദാത്മ്യം പ്രാപിച്ചിട്ടുള്ളതായി കാണാൻ കഴിയും.

ഒരാൾ വീണയുടെ പ്രത്യേക കമ്പി മീട്ടിയാലുണ്ടാകുന്ന മധുരശബ്ദം ശ്രവിക്കുന്നു എന്നിരിക്കട്ടെ. അപ്പോൾ അയാൾക്ക്‌ ഉടനടി ഉണ്ടാകുന്ന ആന്തരികമായ അനുഭവത്തോടൊപ്പം തന്നെ അയാളുടെ മസ്തിഷ്കത്തിലെ ടെമ്പറൽ ലോബിലെ (ചെന്നിഭാഗം) ഏതാനും നാഡീകോശങ്ങൾ ഒരു പ്രത്യേക രീതിയിൽ ചലിക്കും. ഇവ രണ്ടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുകയാണെന്നു വ്യക്തമാണ്. പക്ഷേ, നാഡീകോശങ്ങളുടെ പ്രവർത്തനം ശ്രവണബോധത്തിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. മസ്തിഷ്കത്തിൽ ഈ സമയത്തു നടക്കുന്ന പ്രക്രിയകൾ നിരീക്ഷിക്കുന്ന ശരീരക്രിയാ ശാസ്ത്രജ്ഞൻ നാഡീകോശപ്രവർത്തനങ്ങളെ സംബന്ധിക്കുന്ന ദൃശ്യവസ്തുതകൾ വിവരിക്കുന്നു. അനുഭവസ്ഥനാകട്ടെ, തന്റെ ശ്രവണാനുഭവം വിശദീകരിക്കുന്നു. അപ്പോൾ അന്തർമുഖനിരീക്ഷകന്റെ ശ്രവണാനുഭവത്തെക്കുറിച്ചുള്ള, പ്രസ്താവനയും ശരീരക്രിയാശാസ്ത്രജ്ഞന്റെ ദൃശ്യവസ്തുതകളെക്കുറിച്ചുള്ള പ്രസ്താവനയും തമ്മിൽ സാമ്യമുണ്ടാവാൻ സാദ്ധ്യതയില്ല.

ഇവിടെ ആന്തരികാനുഭവസ്ഥന്റെയും ശരീരക്രിയാശാസ്ത്രജ്ഞന്റെയും റിപ്പോർട്ടുകൾ പ്രതീകാത്മകമായ പ്രസ്താവനകളാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇവ രണ്ടും ഒരേ കാര്യത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. പക്ഷേ രണ്ടിലേയും പ്രതീകങ്ങൾ തികച്ചും വ്യത്യസ്തങ്ങളാണ്. ഭാഷാപരമായ പ്രതീകങ്ങൾ തമ്മിലുള്ള അന്തരം പ്രതിപാദ്യത്തെ വ്യത്യസ്തമാക്കിത്തീർക്കുന്നു. 'ഇതൊരു ഭംഗിയുള്ള പൂവാണ്' എന്നതും 'This is a beautiful flower' എന്നതും മലയാളം മാത്രമറിയാവുന്നവനെയും ഇംഗ്ലീഷ് മാത്രമറിയാവുന്നവനെയും സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളാണ്. അതേസമയം ഈ രണ്ടു ഭാഷയും അറിയാവുന്നവന് ഈ രണ്ടു പ്രസ്താവനകളും ഒന്നുതന്നെയാണ്. മുകളിൽ പ്രതിപാദിച്ച പ്രശ്നത്തിലും സ്ഥിതി ഇതുതന്നെ. ആന്തരികാനുഭവസ്ഥന്റെ ശ്രവണാനുഭവത്തെ വ്യക്തമാക്കുന്ന ഭാഷയും, നാഡീകോശങ്ങളുടെ ചലനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ശരീരക്രിയാശാസ്ത്രജ്ഞന്റെ ഭാഷയും അറിയാവുന്ന ഒരാളെ സംബന്ധിച്ചിടത്തോളം രണ്ടും ഒരേ സംഭവത്തെയാണ് കൈകാര്യം ചെയ്യുന്നത്. മറിച്ച്, ഏതെങ്കിലുമൊരു ഭാഷാരീതി മാത്രമറിയാവുന്നവന്റെ ദൃഷ്ടിയിൽ അവ രണ്ടും തികച്ചും വ്യത്യസ്തങ്ങളുമാണ്. യഥാർത്ഥത്തിൽ ഈ രണ്ടു പ്രസ്താവനകളും തമ്മിലുള്ള ഗുണപരമായ അന്തരത്തിനു കാരണം അവ രണ്ടും കൈകാര്യം ചെയ്യുന്ന ഭാഷാമാധ്യമങ്ങളുടെ