Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വായി നമുക്ക് മറ്റൊരു പേരിനാൽ സൂചിപ്പിക്കാം. പക്ഷേ, അത് നാം സൗകര്യാർത്ഥം ഉപയോഗിക്കുന്ന ഒരു ഭാഷാമാധ്യമം മാത്രമാണെന്നുള്ള വസ്തുത മറക്കുമ്പോൾ പല യുക്തിഹീനതകളും കടന്നുകൂടും.

മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ പ്രവർത്തനമാണ് യഥാർത്ഥത്തിലുള്ളതെന്നും അവയെയാണ് നാം വിവിധ മാനസികപ്രവർത്തനങ്ങളായി വ്യാഖ്യാനിക്കുന്നതെന്നുമുള്ള ആധുനിക ശാസ്ത്രനിഗമനങ്ങൾ ഉന്നയിക്കുമ്പോഴും ചിലർ ഈ 'ഉപാധി'യുടെ പ്രശ്നം എടുത്ത് കാട്ടാറുണ്ട്‌. മസ്തിഷ്ക പ്രവർത്തനങ്ങൾ 'മനസ്സി'ന്റെ ഉപാധി മാത്രമാണെന്നാണവരുടെ വാദം. മനസ്സിന് പ്രവർത്തിക്കാനുള്ള മാധ്യമം എന്ന നിലയിലാണ് തലച്ചോറിനെ കാണുന്നതെങ്കിൽ അവിടെയും പിശകുണ്ട്. മസ്തിഷ്കപ്രവർത്തനത്തിന് തനതായ ചില ഫലങ്ങളുണ്ട്. അവയുടെ ഉപാധിയാണ് മസ്തിഷ്കം എന്ന് പറയുന്നതിൽ യാതൊരർത്ഥവുമില്ല. മസ്തിഷ്കം, അതിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു പ്രതിഭാസത്തിന്റെ ഉപാധിയോ മാധ്യമമോ ആകുന്നില്ല. അതേ സമയം, മസ്തിഷ്കപ്രവർത്തനങ്ങൾക്കെല്ലാം കൂടി ഒരു പൊതു സംജ്ഞ നൽകാൻ കഴിയും. മനസ്സ് എന്ന സങ്കല്പത്തിന് അത്തരമൊരു പൊതുസംജ്ഞയുടെ സ്ഥാനം മാത്രമേയുള്ളൂ.

മനസ്സിനെക്കുറിച്ച് വസ്തുനിഷ്ഠപഠനങ്ങൾ നടത്തണമെങ്കിൽ, സങ്കൽപത്തെ മാറ്റിനിർത്തിക്കൊണ്ട് യഥാർത്ഥത്തിൽ നില നിൽക്കുന്ന മസ്തിഷ്കപ്രവർത്തനങ്ങളുടെ മേഖലയിലേക്ക് നമുക്ക് പ്രവേശിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അതിനു മുമ്പായി, വിവിധ മാനസിക പ്രവർത്തനങ്ങളും മസ്തിഷ്കത്തിലെ നാഡീകോശ പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധവും അനന്യതയും വ്യക്മായി ചർച്ച ചെയ്യേണ്ടതുണ്ട്. നാഡീകോശധർമ്മ ശാസ്ത്രത്തിന്റെ അഭൂതപൂർവമായ വളർച്ച മൂലം ഈ വിഷയത്തിൽ വളരെയധികം കാര്യങ്ങൾ നമ്മുടെ മുന്നിൽ തുറന്നു വയ്ക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നവരിൽ വലിയൊരു വിഭാഗം ശാസ്ത്രജ്ഞന്മാർ മാനസികപ്രവർത്തനങ്ങൾക്ക് സമമാണ് നാഡീകോശപ്രവർത്തനങ്ങൾ, അഥവാ അവ രണ്ടും അനന്യമാണ് എന്ന ചിന്താഗതിയെ പിന്താങ്ങുന്നവരാണ്.

അനന്യത

അവരുടെ വാദഗതിയുടെ അടിസ്ഥാനമിതാണ്. ബാഹ്യമോ ആന്തരികമോ ആയ ചോദനംവഴി ഉടനടി ബോധതലത്തിലെത്തുന്ന എല്ലാ അനുഭവങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് നാഡീകോശപ്രവർത്തനം നടക്കുന്നുണ്ട്. അതിനാൽ ഒരാൾക്ക്‌ ആന്തരികമായ അനുഭവത്തോടൊപ്പം തന്നെ തന്റെ തലച്ചോറ് തുറന്നുവെച്ചിരിക്കുകയാണെങ്കിൽ ഒരു കണ്ണാടിയിൽ കൂടി ആ അനുഭവത്തോടു ബന്ധപ്പെട്ട നാഡീകോശചലനം ദർശിക്കാനിടയാകും. ഇത് ഒരു താത്വിക സാദ്ധ്യത മാത്രമാണ്. പ്രായോഗികമായി നാഡീകോശങ്ങളിലെ ചലനങ്ങൾ അതീവ സൂക്ഷ്മതരമായതിനാൽ ദർശിക്കുക എളുപ്പമല്ല.