Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗുണപരമായ ഭിന്നതയാണ്. ഇവിടെ നിലനിൽക്കുന്ന മാനസിക ഭൗതികബന്ധത്തെ, ഒരേ സംഭവത്തെ വ്യത്യസ്ത ഭാഷകളുപയോഗിച്ച് പ്രതിപാദിക്കുന്ന പ്രസ്താവനകൾ തമ്മിലുള്ള ബന്ധമായി വ്യാഖ്യാനിക്കാം. ഈ രണ്ടു പ്രസ്താവനകളും ഒരേ സംഭവത്തെക്കുറിച്ചു തന്നെയായതു കൊണ്ട് അവ തമ്മിലുള്ള ബന്ധത്തിൽ സംശയത്തിനു വകയില്ല. അപ്പോൾ യഥാർത്ഥത്തിൽ ബന്ധപ്പെട്ടതും സമാന്തരവുമായി നിലനിൽക്കുന്നത് രണ്ടു ഭാഷകളാണ്. അവ തമ്മിലുള്ള ബന്ധം അനിവാര്യമായി തീരുന്നത്, അവ കൈകാര്യം ചെയ്യുന്നത് ഒരേ സംഭവമാണെന്നതു കൊണ്ടാണ്.

പക്ഷേ, ഈ പ്രശ്നത്തിനു മറ്റൊരു വശം കൂടിയുണ്ട്. ശരീരക്രിയാശാസ്ത്രജ്ഞന്റെ പ്രസ്താവന മസ്തിഷ്കത്തിൽ നടക്കുന്ന ദൃശ്യമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതും ആന്തരികാനുഭവസ്ഥന്റെ ശ്രവണാനുഭവവും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്നിടത്ത് അപാകതയുണ്ട്. ശാസ്ത്രജ്ഞന്റെ തലച്ചോറിൽ ദർശനാനുഭവത്തോടനുബന്ധിച്ചുണ്ടായ നാഡീകോശപ്രവർത്തനങ്ങളും അന്തർമുഖാനുഭവസ്ഥന്റെ തലച്ചോറിൽ നടന്ന പ്രവർത്തനങ്ങളും വിഭിന്നങ്ങളാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരുവന്റെ മാനസിക പ്രവർത്തനങ്ങൾക്കു മറ്റൊരാളുടെ മസ്തിഷ്കത്തിലെ പ്രവർത്തനങ്ങളുമായി ബന്ധമില്ല. ഇവിടെ പ്രതിപാദ്യവിഷയമായ സിദ്ധാന്തപ്രകാരം ഒരാളുടെ മാനസികപ്രവർത്തനങ്ങൾക്ക് അയാളുടെതന്നെ തലച്ചോറിലെ പ്രവർത്തനങ്ങളുമായി മാത്രമേ ബന്ധമുള്ളൂ. മറ്റൊരു വസ്തുത കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. മാനസികാനുഭവത്തോട് നേരിട്ട്‌ ബന്ധപ്പെടുന്ന ഭൗതിക സംഭവം, ജീവിയുടെ പരിതസ്ഥിതിയിലുള്ള ഏതെങ്കിലും ബാഹ്യസംഭവമല്ല, മറിച്ച് തലച്ചോറിലെ നാഡീകോശപ്രവർത്തനമാണ്. ഈ നാഡീ കോശോത്തേജന സിദ്ധാന്തമനുസരിച്ച് നേരത്തെ സൂചിപ്പിച്ച വീണയുടെ മധുരനാദം തലച്ചോറിലെ നാഡീകോശപ്രവർത്തനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അല്ലാതെ ബാഹ്യപ്രചോദനമായ വീണക്കമ്പിയുടെ കമ്പനവുമായിട്ടല്ല. ഇന്ദ്രിയഗോചരമായ ധാരണയിലൂടെ ശബ്ദത്തിനു കാരണം വീണക്കമ്പിയുടെ കമ്പനമാണെന്നു നാം പഠിക്കുകയാണ് ചെയ്യുന്നത്. പക്ഷെ, അതുകൊണ്ട് ഫലത്തിൽ ആ ചരടിന്റെ കമ്പനമാണ് അതിന്റെ ശ്രാവ്യഗുണമെന്നു വരുന്നില്ല. ഈ പ്രശ്നം ഒന്നുകൂടി വിശദീകരിച്ചു നോക്കാം. വീണക്കമ്പി ചലിച്ചുകൊണ്ടിരുന്നാലും ബധിരനായ ഒരുവനെ സംബന്ധിച്ചിടത്തോളം ശബ്ദമുണ്ടാകുന്നില്ല. കാരണം, അവന്റെ ശ്രവണകേന്ദ്രത്തിൽ ഒരു ചലനവുമുണ്ടാകുന്നില്ല. അപ്പോൾ വാസ്തവത്തിൽ വീണക്കമ്പിയുടെ ചലനമല്ല ശബ്ദത്തിന്റെ മൂലകാരണമെന്ന് കരുതേണ്ടി വരുന്നു. വീണക്കമ്പി ചലിച്ചാലുമില്ലെങ്കിലും കേൾക്കുന്നയാളിന്റെ ശ്രവണകേന്ദ്രത്തിലെ നാഡീകോശചലനമാണ് ശബ്ദബോധമുളവാക്കുന്നത് അഥവാ ശബ്ദത്തിന്റെ അസ്തിത്വം സ്ഥിരീകരിക്കുന്നത്. പക്ഷെ മറിച്ചും ചിന്തിക്കാം. ഒരുവന്റെ ശ്രവണേന്ദ്രിയം പ്രവർത്തനക്ഷമമാണെന്നു കരുതുക. വീണക്കമ്പി ചലിച്ചില്ലെങ്കിൽ വീണയുടെ നാദം അയാൾക്ക്‌ ശ്രവിക്കാൻ കഴിയുമോ? ഇല്ല തന്നെ. അപ്പോൾ ഇവിടെ വീണകമ്പിയുടെ കമ്പ