സ്പരം ചുറ്റിക്കൊണ്ടുള്ള ഒരു നീണ്ട ചുരുൾപോലെയാണ് ഡി.എൻ.എ.
1953 ആയപ്പോഴേയ്ക്കും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ എഫ്. എച്ച്.സി. ക്രിക്കും, ജെ.ഡബ്ള്യു. വാട്ട്സണും ചേർന്ന് ഡി.എൻ.എ-യുടെ പൂർണ്ണഘടന കണ്ടുപിടിച്ചു. ഓരോ ഡി.എൻ.എ തന്മാത്രയിലും റിബോസ് (പഞ്ചസാര) തന്മാത്രകളും ഫോസ്ഫേറ്റുകളും ഇടവിട്ട് കോർത്തിണക്കിയിട്ടുള്ള രണ്ടുനീണ്ട ചരടുപോലുള്ള ഘടകങ്ങളുണ്ട്. ഈ രണ്ടു ചരടുകളെയും പരസ്പരം ബന്ധിപ്പിക്കുന്നവയാണ് നൈട്രജൻ സംയുക്തങ്ങളായ ബേസുകൾ. ന്യൂക്ലിയോടൈഡുകളുടെ ഘടന വിശകലനം ചെയ്തപ്പോൾ അതിൽ ഓരോ ഫോസ്ഫേറ്റും റിബോസും ബേസുമുണ്ടെന്നു പറഞ്ഞുവല്ലോ. ഡി.എൻ.എ. ചങ്ങലയുടെ ഒരു വശത്തെ ചരടിനെ പ്രതിനിധീകരിക്കുന്നവയാണ് ഇതിലെ ഫോസ്ഫേറ്റും റിബോസും. കുറെ ന്യൂക്ലിയോടൈഡുകൾ നിരത്തിവയ്ക്കുകയാണെങ്കിൽ അവയിലെ ഫോസ്ഫേറ്റുകളും റിബോസുകളും കൂടിച്ചേർന്ന് നീണ്ട ഒരു ചരടുപോലെയാവും. അതേസമയം ബേസുകൾ ഒരുവശത്തേയ്ക്കു തള്ളിനില്ക്കുകയും ചെയ്യും. ഇങ്ങനെയുള്ള ന്യൂക്ലിയോടൈഡുകളുടെ രണ്ടു സെറ്റുകളെടുത്ത് അവയിലെ ബേസുകൾ പരസ്പരം തൊട്ടുനില്ക്കത്തക്കവിധം വയ്ക്കുക. ഈ ബേസുകൾ ഹൈഡ്രജൻ ബോണ്ടുകൾ മുഖേന പരസ്പരം ബന്ധപ്പെടും. അപ്പോൾ ഒട്ടാകെ ഇതിന്റെ ഘടന ഒരു നീണ്ട കോണിയുടേതുപോലിരിക്കും, ഫോസ്ഫേറ്റും പഞ്ചസാരയും ചേർന്ന് കോണിയുടെ രണ്ടുവശത്തെ കാലുകളും നൈട്രജൻ ബേസുകൾ പടികളുമായിത്തീരുന്നു. ഡി.എൻ.എ. കോണിയുടെ രണ്ടുകാലുകളും സമാന്തരങ്ങളാണ്. അതായത്, അവയെ പരസ്പരം ബന്ധിപ്പിക്കുന്ന ബേസുകളുടെ നീളം തുല്യമാണ്. ബേസുകൾ രണ്ടുവിധമുണ്ടല്ലോ. ഇതിൽ പ്യൂരിൻ ബേസുകൾക്കു രണ്ടു വലയങ്ങളുള്ളതിനാൽ പിരമിഡൈൻ ബേസുകളെക്കാൾ ഇരട്ടിനീളമുണ്ടാകും. അപ്പോൾ പ്യൂരിൻ ബേസുകൾ തനിച്ചും പിരമിഡൈൻ ബേസുകൾ തനിച്ചും ജോഡി ചേർന്ന് പടികളുണ്ടായാൽ അവയുടെ നീളം തുല്യമായിരിക്കില്ല. എന്നാൽ ഒരു പ്യൂരിനും ഒരു പിരമിഡൈനും ചേർന്നാലാകട്ടെ, എല്ലായ്പ്പോഴും അവയുടെ നീളം തുല്യമായിരിക്കും. ഈ നിഗമനത്തെ സാധൂകരിക്കുന്നവിധം ഡി.എൻ.എ.യിൽ പ്യൂരിൻ ബേസുകളോട് തുല്യമായ എണ്ണം പിരമിഡൈൻ ബേസുകളെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. മാത്രമല്ല, ഒരു ഡി.എൻ.എ. മോളിക്യുളിൽ എത്ര അഡനീനുണ്ടോ അത്രയും തൈമിൻ എല്ലായ്പ്പോഴുമുണ്ടാകും അതുപോലെതന്നെ ഗ്വാനിനും സൈറ്റോസിനും. ഇതിൽനിന്നും ബേസുകൾ തോന്നിയപോലെയല്ല ജോഡി ചേരുന്നതെന്നു വ്യക്തമാണ്. തൈമിൻ അഡനിനോടു മാത്രമേ ചേരുകയുള്ളു. ഗ്വാനിൻ, സൈറ്റോസിനോടും.
ഈ വസ്തുതകളെയെല്ലാം അടിസ്ഥാനമാക്കിയാണ് വാട്ട്സണും ക്രിക്കും കൂടി ഡി.എൻ.എ. മോഡൽ ഉണ്ടാക്കിയത്. ഇവിടെ സൂചിപ്പിച്ചപോലെ നീണ്ടുനിവർന്ന ഒരു കോണിപോലെയല്ല, ക്രോമസങ്ങളിൽ ഡി.എൻ.എ. നിലനില്ക്കുന്നത്. എളുപ്പത്തിൽ വളയുന്ന കാലുകളുള്ള ഒരു