Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോണി നിലത്തുറപ്പിച്ചുനിറുത്തിയിട്ട് മുകളിൽ പിടിച്ചു പിരിച്ചാൽ എങ്ങനെയിരിക്കുമോ അതുപോലെയാണ് ഡി.എൻ.എ. കോണിയും. ഇങ്ങനെയുണ്ടാകുന്ന ഒരു പിരിയുടെ നീളം 30 A ആണെന്ന് കണക്കാക്കിയിരിക്കുന്നു. ഒരു പിരിയിൽ 10 ന്യൂക്ലിയോടൈഡുകളാണ് സാധാരണയായി കണ്ടുവരുന്നത്. സാധാരണഗതിയിൽ ഒരു ഡി.എൻ.എ. തന്മാത്രയിൽ 10,000 ന്യൂക്ലിയോടൈഡകളുണ്ടാവും.

ഈ ഡി.എൻ.എ. മോഡൽ തികച്ചും ശരിയാണെന്നു പിൽക്കാലഗവേഷണങ്ങൾ തെളിയിച്ചു. ഇതിന്റെ ഉപജ്ഞാതാക്കളായ വാട്ട്സണും ക്രിക്കിനും വിൽക്കിൻസനും കൂടി ഒന്നായി 1962-ൽ നോബൽ സമ്മാനം നൽകപ്പെട്ടു.

മറ്റൊരു ഭൗതികപദാർത്ഥത്തിനും ഇല്ലാത്ത ചില ഗുണങ്ങളാണല്ലോ ജീവികളുടെ പ്രത്യേകത. പുനരുല്പാദനവും വളർച്ചയും ആണ് ഇതിൽ പ്രധാനപ്പെട്ടവ. ഒരു കോശം രണ്ടായി വിഭജിക്കുന്നതുകൊണ്ടാണല്ലോ വളർച്ച സാധ്യമാവുന്നത്. ഒരു ഭ്രൂണകോശം വിഭജിച്ച് കോടിക്കണക്കിനു കോശങ്ങളായി വളരുന്നതാണല്ലോ ഓരോ മനുഷ്യനും. ഈ വിഭജനപ്രക്രിയയുടെ രഹസ്യങ്ങളാണ് ഏറ്റവും നിഗൂഢമായി നിലനിന്നിരുന്നത്. കാരണം സമാനങ്ങളായ പ്രതിരൂപങ്ങളെ സൃഷ്ടിക്കാൻ കഴിവുള്ള രാസവസ്തുക്കളൊന്നും തന്നെ അറിയപ്പെട്ടിരുന്നില്ല. എന്നാൽ ഡി.എൻ.എ-യുടെ ഘടന സുവ്യക്തമായി തെളിഞ്ഞുവന്നതോടെ ഈ നിഗൂഢരഹസ്യം മറ നീങ്ങി പുറത്തുവന്നു. ഡി.എൻ.എ-യ്ക്കു സ്വയം പിളരുവാനും, തത്തുല്യങ്ങളായ രണ്ടു തന്മാത്രകളായിത്തീരാനുമുള്ള കഴിവുണ്ട്. ഈ കഴിവാകട്ടെ, തികച്ചും ലളിതമായ ഭൗതികരാസഘടനയുടെ ഫലമാണുതാനും. ഡി.എൻ.എ-യുടെ വിഭജനപ്രക്രിയ അടുത്ത അദ്ധ്യായത്തിൽ പ്രതിപാദിക്കാം.

ഇതോടൊപ്പം മറ്റൊരു സങ്കീർണ്ണപ്രശ്നവും കൂടി തലപൊക്കുകയുണ്ടായി. അണുജീവി തുടങ്ങി അതിമാനുഷൻ വരെയുള്ള ജീവിതപ്രപഞ്ചത്തിലെ എല്ലാ അംഗങ്ങളിലും നിലനില്ക്കുന്ന അവയുടെ വൈവിധ്യമാർന്ന സ്വഭാവങ്ങൾക്കുത്തരവാദിയായ ഡി.എൻ.എ.യുടെ ഘടന ഒന്നുതന്നെയാണ്. നാലു ബേസുകളും റിബോസും ഫോസ്ഫേറ്റും തന്നെയാണ് എല്ലാ ജീവികളിലെയും ഡി.എൻ.എ-യുടെ മൗലിക ഘടകങ്ങൾ. അപ്പോൾ പിന്നെ, ജീവിപ്രപഞ്ചത്തിലെ അനന്തമായ ഈ വൈവിധ്യത്തെ നിയന്ത്രിക്കുന്നതെങ്ങനെയാണ്?

ഡി.എൻ.എ.യിലെ നാലു തരത്തിലുള്ള ന്യൂക്ലിയോടൈഡുകൾ വ്യത്യസ്ത അനുപാതത്തിലും രീതിയിലും അണിനിരന്നുകൊണ്ടാണ് ഈ വൈവിധ്യങ്ങളെല്ലാം സൃഷ്ടിക്കുന്നത്! അത്ഭുതപ്പെടേണ്ട. ഒരു ഭാഷയിലെ തുച്ഛമായ അക്ഷരങ്ങൾകൊണ്ട് എത്രയെത്ര പദങ്ങളാണു സൃഷ്ടിക്കപ്പെടുന്നത്. ഓരോ ഭാഷയിലും അതേ അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇനിയും എത്രയോ പദങ്ങൾ സൃഷ്ടിക്കാം. ഇതുതന്നെയാണ് ഡി.എൻ.എ-യും ചെയ്തു