Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചസാരതന്മാത്രകളിൽ സാധാരണയായുള്ളതിലും ഒരു ഓക്സിജൻ കുറവാണ് ഡി.എൻ.എ-യിൽ എന്നതുകൊണ്ടാണ് ഡിയോക്സിറിബോസ് (ഒരു ഓക്സിജൻ കുറവുള്ള റിബോസ് ) ന്യൂക്ലിക്കമ്ലമെന്ന് അതിന് പേരുവന്നത്. ആർ.എൻ.എ-യിൽ റിബോസ് സാധാരണഗതിയിൽ തന്നെയാണ്. അടുത്തഘടകം നൈട്രജൻ സംയുക്തങ്ങളായ ബേസുകളാണ് ഡി.എൻ.എ-യിൽ നാലുതരത്തിലുള്ള ബേസുകളുണ്ട്. അഡനിൻ, ഗ്വാനിൻ, തൈമിൻ, സൈറ്റോസിൻ. ഇവയിൽ ആദ്യത്തേതു രണ്ടും പ്യൂരിൻബേസുകളും ബാക്കിയുള്ളവ പിരമിഡൈൻ ബേസുകളുമാണ്. രണ്ടാമത്തെ വർഗ്ഗം ആദ്യത്തേതിനെ അപേക്ഷിച്ച് ചെറിയ തന്മാത്രകളാണ്. ആർ. എൻ.എ-യിലും നാലു തരത്തിലുള്ള ബേസുകളുണ്ട്. ഡി.എൻ.എ-യിലെ തൈമിനു പകരം യൂറാസിൽ ആണ് ആർ.എൻ.എ-യിൽ എന്നു മാത്രമേ വ്യത്യാസമുള്ളു. ഫോസ്ഫേറ്റാണ് ന്യൂക്ലിക്കമ്ലത്തിലെ മൂന്നാമത്തെ ഘടകം. റിബോസിന്റെ ഒരു വശത്ത് ഏതെങ്കിലുമൊരു ബേസും മറുവശത്ത് ഫോസ്ഫേറ്റും സംയോജിക്കുന്നു. ഈ മൂന്നു ഘടകങ്ങളും ചേർന്നുണ്ടാകുന്ന രാസസംയുക്തത്തെ ന്യൂക്ളിയോടൈഡ് എന്നു വിളിക്കുന്നു. നാലു തരത്തിലുള്ള ബേസുകളുള്ളതിനാൽ ഡി.എൻ.എ-യിൽ നാലുതരം ന്യൂക്ലിയോടൈഡുകളുമുണ്ട്. ഇവ വിവിധ അനുപാതത്തിൽ സംയോജിച്ചിട്ടാണ് ഡി.എൻ.എ. എന്ന നീണ്ട ചരടുപോലുള്ള ന്യൂക്ലിക്കമ്ലമുണ്ടാകുന്നത്.

അഡനിൻ ബേസ്, റിബോസിനോടും ഫോസ്ഫേറ്റിനോടും ചേർന്ന് ഒരു ന്യൂക്ലിയോടൈഡ് രൂപം കൊള്ളുന്നു. ഇതുപോലെ മറ്റു ബേസുകളും ന്യൂക്ലിയോടൈഡുകളായി രൂപപ്പെടുന്നു. ഇവിടെ അഡനിന്റെ ഘടന സൂക്ഷിക്കുക. അതിൽ രണ്ട് കാർബൺ വലയങ്ങളുണ്ട്. ഗ്വാനിന്റെ കാര്യത്തിലും ഇങ്ങനെ രണ്ടു കാർബൺ വലയങ്ങളുണ്ട്. ഇവയെയാണ് പ്യൂരിൻ ബേസുകളായി ഗണിക്കുന്നത്. എന്നാൽ പിരമിഡൈൻ ബേസുകളിൽ - തൈമീൻ, സൈറ്റോസിൻ - ഓരോ കാർബൺ വലയങ്ങൾ മാത്രമേ ഉണ്ടാവൂ.

വാട്ട്സൺ-ക്രിക്ക് മോഡൽ

ഡി.എൻ.എ. ആണ് ജീവകോശത്തിന്റെ അഥവാ ജൈവ പ്രതിഭാസത്തിന്റെ തന്നെ മൗലികസ്വഭാവങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് എന്നു ബോധ്യമായപ്പോൾ അതിനു തക്കവണ്ണം ഈ രാസവസ്തുവിന്റെ ഘടനയിലും പ്രവർത്തനത്തിലും ഉണ്ടാകാനിടയുള്ള സങ്കീർണ്ണതകളിലേയ്ക്കായി ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധ മുഴുവനും. എക്സ്-റേ വിഭാഗം ഉപയോഗിച്ചുള്ള ചിത്രങ്ങൾ രാസവസ്തുക്കളുടെ ഘടനയിലേയ്ക്ക് വെളിച്ചം വീശാനുതകുന്നവയാണ്. മോറിസ് വിൽക്കിൻസ് എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ഈ രീതി ഉപയോഗിച്ച് ഡി.എൻ.എ-യുടെ പടമെടുക്കുകയുണ്ടായി. ഇതേ സമയത്തുതന്നെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ലിനസ് പോളിങ്ങും, റോബർട്ട് ബി. കോറിയും ചേർന്ന് ഡി.എൻ.എ.യുടെ ഘടനയെക്കുറിച്ച് ഒരേകദേശരൂപം തിട്ടപ്പെടുത്തിയിരുന്നു. അവരുടെ അഭിപ്രായത്തിൽ രണ്ടു ചരടുകൾ പര