താൾ:പ്രപഞ്ചവും മനുഷ്യനും.djvu/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങളിൽ സാധാരണ കോശങ്ങളിലുള്ളതിന്റെ കൃത്യം പകുതി ഡി.എൻ.എ-യെ ഉള്ളുതാനും. ബീജകോശങ്ങളിൽ ക്രോമസങ്ങളുടെ എണ്ണം പകുതിയാകുന്നുണ്ട് എന്ന കാര്യം ഓർക്കുക. ചില കോശങ്ങളിൽ വിഭജനത്തിൽ സംഭവിക്കുന്ന അപാകതകൾ നിമിത്തം ക്രോമസങ്ങളുടെ എണ്ണം രണ്ടോ മൂന്നോ ഇരട്ടി ആയി വർദ്ധിക്കാറുണ്ട്. അങ്ങനെയുള്ള കോശങ്ങളിലെ ഡി.എൻ.എ-യും അതിനനുസരിച്ചു വർദ്ധിക്കുന്നുണ്ടെന്നു വ്യക്തമായി. അങ്ങനെ ക്രോമസങ്ങളിലെ സ്ഥിരഘടകം ഡി.എൻ.എ. തന്നെയാണെന്നു തെളിഞ്ഞു.

ഈ കാലഘട്ടത്തിൽ തന്നെ ഫ്രഡ് ഗ്രിഫിത്ത് എന്ന ഇംഗ്ലീഷ് ബാക്ടീരിയോളജിസ്റ്റ്, ന്യൂമോകോക്കസ് എന്ന, ന്യൂമോണിയയുടെ കാരണക്കാരനായ ഒരു തരം ബാക്ടീരിയയിൽ നടത്തിയ പരീക്ഷണങ്ങൾ ഡി.എൻ.എ. തന്നെയാണ് യഥാർത്ഥ പാരമ്പര്യഘടകങ്ങൾ എന്നു തെളിയിച്ചു.

1952-ൽ ഹെർഷെയും ചെയ്സും കൂടി ബാക്ടീരിയങ്ങളെ ആക്രമിക്കുന്ന ഒരുതരം വൈറസ്സിൽ നടത്തിയ പരീക്ഷണങ്ങൾ ഡി.എൻ.എ-യുടെ പ്രധാന്യത്തെ ഒന്നുകൂടി വ്യക്തമാക്കി.

ഈ കാലത്തിനിടയ്ക്കു മറ്റൊരു ന്യൂക്ളിക്കമ്ലത്തെക്കുറിച്ചു കൂടി മനസ്സിലാക്കാനിടയായി. ഡി.എൻ.ഏ-യോടു വളരെ സാദൃശ്യമുള്ള ഈ ന്യൂക്ലിക്കമ്ലത്തിനു നൽകിയ പേര് റിബോന്യൂക്ലിക്ക് ആസിഡ് അഥവാ ആർ.എൻ.എ. എന്നാണ്. ഡി.എൻ.എ-യുടെ ഘടകങ്ങളിൽ പഞ്ചസാര തന്മാത്രകളുണ്ടെന്നു നേരത്തേ പറഞ്ഞുവല്ലോ. അത്തരം പഞ്ചസാര തന്മാത്രകൾ ഇവിടെയുമുണ്ട്. പക്ഷേ, ആർ.എൻ.എ-യിലെ പഞ്ചസാര തന്മാത്രയിൽ ഉള്ളതിനേക്കാൾ ഒരു ഓക്സിജൻ ആറ്റം കുറവാണ് ഡി.എൻ.എ-യിൽ എന്നുമാത്രം. ഡി.എൻ.എ-യിലെ പോലെ തന്നെ ആർ.എൻ.എ-യിലും നൈട്രജൻ സംയുക്തങ്ങളായ ബേസുകളും ഫോസ്ഫേറ്റുകളുമുണ്ട്. ആദ്യകാലങ്ങളിൽ ആർ.എൻ.എ. സസ്യങ്ങളിൽ മാത്രമേ നിലനില്ക്കുന്നുള്ളുവെന്നു ധരിച്ചിരുന്നു. എന്നാൽ ആർ.എൻ.എ. എല്ലാ ജീവകോശങ്ങളിലും ഡി.എൻ.എ-യോടൊപ്പംതന്നെ ക്രോമസങ്ങളിലും വിശിഷ്യ, ന്യൂക്ലിയസ്സിനു പുറത്തുള്ള കോശഭാഗങ്ങളിലും നിലനില്ക്കുന്ന ഒരവശ്യ രാസഘടകമാണെന്നു പില്ക്കാല ഗവേഷണങ്ങൾ തെളിയിച്ചു. മാത്രമല്ല, ടൊബാക്കോ മൊസെയ്ക്ക് വൈറസ്സ് തുടങ്ങിയ ചില വൈറസ്സുകളിൽ ഡി.എൻ.എ-യ്ക്കു പകരം പാരമ്പര്യഘടകങ്ങളായി വർത്തിക്കുന്നത് ആർ.എൻ.എ. ആണെന്നു തെളിഞ്ഞതോടെ ആർ.എൻ.എ-യ്ക്ക് ജൈവപ്രവർത്തനങ്ങളിലുള്ള പ്രാധാന്യം വ്യക്തമായി.

ന്യൂക്ലിക്കമ്ലങ്ങളുടെ രാസഘടന

മൂന്നു തരത്തിലുള്ള രാസസംയുക്തങ്ങളാണ് ന്യൂക്ലിക്കമ്ലങ്ങളുടെ ഘടനയിൽ പങ്കുചേർന്നിട്ടുള്ളത്. അഞ്ചു കാർബൺ ആറ്റങ്ങൾ വീതമുള്ള റിബോസ് വർഗ്ഗത്തിൽപെട്ട പഞ്ചസാര തന്മാത്രകളാണ് ഇവയിലൊന്ന്. ഈ