താൾ:ദീപാവലി.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്ധൻ പഠിത്തമില്ലാത്തോൻ; ശഠൻ ദാനപരാങ്മുഖൻ;
മൃതൻ സൽകീർത്തിനേടാത്തോൻ;-
ശോച്യൻ ധർമ്മവിവർജിതൻ

കാലാവലോകനപദ്ധതി

കാണ്മോളമത്ഭുതം മേന്മേൽ-കാലചക്രപ്രവർത്തനം;
ഈ യന്ത്രത്തിൽക്കറങ്ങേണ -മീരേഴുലകുമെപ്പൊഴും

ഇന്നലെക്കണ്ട പാർത്തട്ട-ല്ലിന്നു കാണുന്നതേവനും;
നാളെ മറ്റൊന്നു കണ്ടീടും; -നാലാംമട്ടൊന്നടുത്തനാൾ

സനാതനങ്ങൾ സത്യാദി -ധർമ്മങ്ങളവികാരികൾ;
മറ്റുള്ളതെല്ലാമന്നന്നു-മാറും കാലാനുകൂലമായ്

ഭാരതോർവിയേയും കാണാം-പരിവൃത്തിക്കധീനയായ്;
മനുവിൻ ഭാരതം മാറി-മറ്റൊന്നായ് നവ്യഭാരതം.

പരസ്സഹസ്രം ദിവ്യന്മാർ-പണ്ടീരാജ്യത്തിൽ വാണുപോൽ
തത്ത്വമസ്യാദിരത്നങ്ങൾ-ദാനം ചെയ്ത തപോധനർ

അനുഗ്രഹിപ്പൂ ലോകത്തെ-യമ്മഹത്മാക്കളിപ്പൊഴും,
അനശ്വരയശഃകായ-രസ്മൽപൂർവപിതാമഹർ

ഇന്നുമുണ്ടത്തരത്തിങ്ക-ലിൻഡ്യയ്ക്കുത്തമരാം സുതർ;
ഇദാനീന്തനമാർഗ്ഗത്തി-ലിവരും ലോകസേവകർ

ഇത്തിൾക്കണ്ണിയറുത്തീടു-മിവർ വൃക്ഷം തഴയ്ക്കുവാൻ;
കള കൈയാൽപ്പറിച്ചീടും-കണ്ടത്തിൽക്കതിർവായ്ക്കുവാൻ

തിടമ്പുടയ്ക്കില്ലിബ്ഭക്തർ, -തേച്ചുമേന്മേൽ മിനുക്കിടും;
നശിപ്പിക്കി,ല്ലതിന്നേകും-നവീകരണസംസ്കൃതി.

പരമാർത്ഥം നിരൂപിച്ചാൽ-പണ്ടിരുന്ന മുനീന്ദ്രരും
പരിഷ്കരിക്കാൻ ചെയ്തു-ഭാരതക്ഷിതിദേവിയെ

ആ നിസ്പൃഹർ കൊതിച്ചോര-ല്ലാചന്ദ്രാർക്ക,മഹർന്നിശം
തങ്ങൾക്കു ദാസരായ്‌ത്തന്നെ-സന്താനങ്ങൾ പുലർന്നിടാൻ

മാർഗ്ഗദർശികളായുള്ള-മണിദീപങ്ങൾ നമ്മളെ
കൽത്തുറുങ്കിലടച്ചിട്ടു-ഗാട്ടുനില്ക്കില്ല,നിർണ്ണയം

പരലെല്ലാം വിമാനത്തിൽ-പ്പറക്കുമിതുനാളിലും
പതുക്കെയിഴയുന്നൂ നാം-പണ്ടത്തെമട്ടി,ലൊച്ചുകൾ

കണ്ണൻചിരട്ടയിൽപ്പൂഴി-കൈരണ്ടുംകൊണ്ടു വാരി നാം
അയ്യോ! കാലപ്രവാഹത്തി-ലണകെട്ടുന്നു മേൽക്കുമേൽ.

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/36&oldid=173417" എന്ന താളിൽനിന്ന് ശേഖരിച്ചത്