Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്തുംവാതൽകളും കൊച്ചിരാജാവിനു കപ്പം കൊടുത്തുവന്ന രണ്ടു പ്രഭുക്കന്മാരുടെ വകയായിരുന്നു. അനന്തരം ജയിക്കപ്പെട്ട രാജ്യങ്ങളിലെ ജനങ്ങൾക്കു വേണ്ട രക്ഷകൾ ചെയ്കയും അവിടങ്ങളിൽ കോട്ടകൾ കെട്ടിക്കയും ചെയ്തു.

ഈ ഒടുവിലത്തെ ജയത്താൽ കൊച്ചീരാജാവു പ്രബലന്മാരായ രണ്ടുരാജാക്കന്മാരുടെ മദ്ധ്യസ്ഥനായി ഭവിച്ചു. അവരിൽ സാമൂതിരി സ്വരാജ്യത്തെ തെക്കോട്ടു കൂട്ടുന്നതിനും മഹാരാജാവ് തന്റെ രാജ്യത്തെ വടക്കോട്ടുകൂട്ടുന്നതിനും താല്പൎയ്യമുള്ളവരായിരുന്നു.

ഈ സമയം അമ്പലപ്പുഴ രാജാവ് തിരുവനന്തപുരത്തുനിന്നും ഒളിച്ചുഓടി തെക്കുംകൂറിലേയും വടക്കുംകൂറിലേയും രാജാക്കന്മാരുമായി യോജിച്ചു സ്വരാജ്യങ്ങളെ വീണ്ടെടുക്കുന്നതിനു നിശ്ചയിച്ചു. തദൎത്ഥം പാലിയത്തു മേനവൻ കോടശ്ശേരി കൈയ്മൾ മുതലായ പ്രഭുക്കന്മാരോടു സഹായത്തിനു അപേക്ഷിച്ചു. അവരും അവരുടെ ദുർബോധനയാൽ കൊച്ചിരാജാവും വേണ്ട യുദ്ധോദ്യമങ്ങൾ ചെയ്തു. ഇതിനെപ്പറ്റി ലന്തഗവർണർ മഹാരാജാവിനു അറിവുകൊടുക്കയാൽ അവിടുന്നും വേണ്ട യത്നങ്ങൾചെയ്തു. യുവരാജാവിനോടും രാമയ്യനോടുകൂടെ യുദ്ധാൎത്ഥം യാത്രതിരിച്ചു. മാവേലിക്കരയിൽ ചെന്നു സേനാനിവേശം ചെയ്തു താമസിച്ചു. ആയിടക്കു കൊച്ചിയിൽ നിന്നും പാലിയത്തച്ചന്റേയും കോടശ്ശേരിക്കൈമളുടേയും വരുതിയിൽ അനവധിസൈന്യം കരമാൎഗ്ഗമായും കടൽമാൎഗ്ഗമായും പുറക്കാട്ടുവന്നുചേൎന്നു. ഉടൻ രാമയ്യനും ഡിലനായും കൂടി ചെന്നു അവരെ എതൃത്തു തോല്പിക്കയും പാലിയത്തു മേനവൻ കോടശ്ശേരി കൈയ്മൾ മുതലായ ചിലപ്രഭുക്കന്മാരെ തടവുകാരായി പിടിച്ചു തിരുവനന്തപുരത്തേക്കയക്കയും ചെയ്തു.

അനന്തരം രാമയ്യൻ യുവരാജാവിനോടൊന്നിച്ചു ശത്രുസൈന്യത്തെ അരൂക്കുറ്റിവരെ ഓടിക്കയും മാൎഗ്ഗമദ്ധ്യെ കൊ