ഇവിടത്തെ സ്ഥിതി ൟവിധം ആയിരിക്കുമ്പോൾ സിലോണിൽ നിന്നും വാൻ ഇഹ്മാഫിന്റെ എഴുത്തിൻപ്രകാരം ഉള്ള സൈന്യം കുളച്ചലിൽ വന്നിറങ്ങി യുദ്ധം ആരംഭിച്ചു. അവിടെ എൎതിക്കുന്നതിന് ആരും ഇല്ലാതിരുന്നതിനാൽ അവർ ബോധിച്ചതുപോലെ ഗ്രാമങ്ങളെ തീവെയ്ക്കുകയും ജനങ്ങളെ കൊല്ലുകയും ചെയ്തതുകൂടാതെ കുളച്ചൽ മുതൽ കോട്ടാറുവരെ ഉള്ള ഗ്രാമങ്ങളേയും സ്വാധീനപ്പെടുത്തി പത്മനാഭപുരത്തെ കോട്ടപിടിക്കുന്നതിനും ഉത്സാഹിച്ചു.
ഇത് അറിഞ്ഞു മഹാരാജാവു തൽക്ഷണം ഹാജരുള്ള സൈന്യവും കൊണ്ടു അവിടെ എത്തി. രാമയ്യനെ സൈന്യത്തോടുകൂടി പത്മനാഭപുരത്തു വേഗം എത്തുന്നതിനും പറഞ്ഞയച്ചു. ഫ്രഞ്ചുകാരുമായി ഉടമ്പടി ചെയ്യുന്നതിനു വേണ്ട ഏൎപ്പാടുചെയ്തു രാമയ്യൻ ചെന്ന കൂടുമ്പോൾ മഹാരാജാവു തന്നെ സേനാനായകത്വം വഹിച്ചു യുദ്ധം നടത്തി. മഹായുദ്ധം ൟയുദ്ധം കുളച്ചലിൽവെച്ചു ൯൧൪-മാണ്ടു ആടി മാസം ൨൯-ാ൹ നടത്തപ്പെട്ടു.. ഇതിൽ ലന്തക്കാർ നിശ്ശേഷം തോറ്റുപോയി. ആ മാസം ൩൧-൹ അവരുടെ വകയായ അവിടെയുള്ള കോട്ടയെരോധിച്ചു. രണ്ടുമണിക്കൂറുകൊണ്ടു ആ കോട്ട സ്വാധീനപ്പെട്ടു. ൟ കോട്ടയിൽ നിന്നും ൪൦൦-ഓളം തോക്കുകളും ഏതാനും ഭീരങ്കികളും അനവധി വാളുകളും തിരുവിതാംകോട്ടുകാൎക്കു കിട്ടി. കുളച്ചൽ യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെട്ട ൨൪-ആളുകളെ ഉദയഗിരി കോട്ടയിൽ കൊണ്ടുപോയി ബന്ധനത്തിൽ പാൎപ്പിച്ചു. അവരുടെ നേരെ മഹാരാജാവു കാണിച്ച ദയവിനാൽ അവരിൽ ചിലർ മഹാരാജാവിനു അധീനന്മാരും വിശ്വസ്ഥന്മാരും ആയിരുന്നുകൊള്ളാമെന്നു വാഗ്ദാനം ചെയ്തു. തിരുമനസ്സുകൊണ്ട് അവരെ ബന്ധനത്തിൽനിന്നും മോചിപ്പിച്ചു തന്റെ സൈനത്തിൽ ചേൎത്തു. അതിലും യൂസ്റ്റെഷിയസ് ഡിലനായി, ഡോനാഡി, എന്നു രണ്ടുപേരുടെ പ്രത്യേകം സ്ഥായി ഉണ്ടായിരിക്കയാൽ