കൂടുതൽ സൈന്യങ്ങളും അഞ്ചുതെങ്ങിലും ഇടവായിലും ഇരുന്ന ഇംഗ്ലിഷ് കാർമുഖാന്തരം ആയുധങ്ങളും ശേഖരിച്ചു ൯൦൯-ൽ താണുപിള്ളയേയും സേനാപതി കുമാരസ്വാമിപ്പിള്ളയേയും അവൎക്കു സയത്തിനായി രാമയ്യനേയും അയച്ചു. ഇതുകണ്ടു കായംകുളം രാജാവു ഡച്ചുകാരോടു സഹായത്തിനു അപേക്ഷിച്ചു എങ്കിലും തിരുവിതാംകൂറുമായുള്ള ഈ വിരോധം അഹേതുകമായി സ്വയം സമ്പാദിക്കപ്പെട്ടതാണെന്നുള്ള കാരണത്തിന്മേൽ ഡച്ചുഗവൎണ്ണറായ ഏമേററൻ ആ അപേക്ഷയെ നിരസിച്ചുകളഞ്ഞു. എന്നാൽ അവൎക്കു കൊച്ചീരാജാവിന്റെ സഹായം ഉണ്ടായിരുന്നു.
ഘോരമായ യുദ്ധമദ്ധ്യത്തിൽ കായംകുളം രാജാവ് തിരുവിതാംകൂറിലെ ഒരു കുതിരശിപായിയാൽ കൊല്ലപ്പെട്ടു. അനന്തരം അവരുടെ സൈന്യം നായകനില്ലാതെ പിൻമാറി എങ്കിലും ആ രാജാവിന്റെ ധീരനായ സഹോദരൻ അവരെ വീണ്ടും യോജിപ്പിച്ചു യുദ്ധം ആരംഭിച്ചു. ൟ സമയത്തിൽ യുവരാജാവിനോടുകൂടെ മഹാരാജാവും കൊല്ലത്തു എഴുന്നെള്ളി സ്വസൈന്യത്തെ ഉത്സാഹിപ്പിച്ചു. ഇവിടെയുള്ള സേനകളെക്കൊണ്ടു മതിയാകയില്ലെന്നു വിചാരിച്ച രാമയ്യൻ തിരുനെൽവേലിയിൽ ചെന്നു പൊന്നുപാണ്ഡ്യത്തേവൻെറ വരുതിയിൽ ഏതാനും മറവരേയും കുറെ അശ്വഭടന്മാരേയും കൊട്ടാരക്കര മാൎഗ്ഗം കൊണ്ടുവന്നു. കല്പനകാരം രാമയ്യൻ സേനാധിപത്യം വഹിച്ചു സാമൎത്ഥ്യത്തോടു യുദ്ധം നടത്തുകയാൽ ശത്രുക്കൾ പരാജിതരായി ഓടിത്തുടങ്ങി.
കായംകുളം രാജാവ് സമാധാനത്തിനു അപേക്ഷക്കയാൽ തൽക്കാലം യുദ്ധം അവസാനിച്ചു.