Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നെ കർണ്ണൽ മൺഡ്രോ തടവുകാരനായി ചെങ്കൽപ്പെട്ടയിൽ അയച്ചു പാർപ്പിച്ചു. ഈ രാജ്ഞിയുടെ രാജ്യഭാരത്തിന്റെ ആരംഭരീതി തന്റെ മാതുലനായ ബാലരാമവർമ്മ രാജാവിന്റെ രാജ്യഭാരത്തിനു നേരെ വിരുദ്ധമായും സാധാരണയായി ആ പ്രായത്തിലുള്ള ഇതര സ്ത്രീകളിൽ നിന്നും ഊഹിക്കാവുന്നതിലും അധികം ഗുണസൂചകമായും ഇരുന്നു. ഈ രാജ്ഞി ചെറുപ്പമായിരുന്നു എങ്കിലും വിദുഷിയും ബുദ്ധിമതിയും വിവേകിനിയും ആയിരുന്നതു കൂടാതെ ഭാഗ്യ വശാൽ ഇപ്പഴത്തെ വലിയ കോയിത്തമ്പുരാന്റ വലിയ അമ്മാവനായ ചങ്ങനാശ്ശേരി രാജരാജവർമ്മ കോയിത്തമ്പുരാനാൽ പള്ളിക്കെട്ട് കഴിപ്പിക്കപ്പെട്ടും ഇരുന്നു അദ്ദേഹം സംസ്കൃതത്തിൽ നല്ല വിദ്വാനും സ്മൃതിപുരാണ പാരംഗതനുമായിരുന്നു. ഈ രാജ്ഞി ഗൃഹകൃത്യങ്ങളിലും രാജകാര്യത്തിലും അദ്ദേഹത്തിന്റെ ആലോചനയെ അനുവർത്തിച്ചു വന്നു. അതുകൂടാതെയും അവിടുന്നുമൂപ്പേൾക്കുന്ന സമയം റസിഡന്റിനോടും മറ്റും മലയാളത്തിൽ ചെയ്ത പ്രസംഗത്തിനാൽ മിസ്റ്റർ മൺഡ്രൊ സന്തുഷ്ടനായി രാജ്യകാര്യങ്ങളെ ശരിയായ നടത്തുന്നതിൽ കഴിയുന്ന സഹായം ചെയ്യണമെന്ന് മനപ്പൂർവമായി വിചാരിച്ചു തദനുസരണമായി നടന്നു തുടങ്ങി. ഈ രാജ്ഞിയുടെ അനവധി ഉൽകൃഷ്ഠ ഗുണങ്ങളിൽ അവിടുത്തേക്ക് ഉണ്ടായിരുന്ന സ്ഥൈര്യവും സ്വഗുണ പ്രശംസയിലും മുഖസ്തുതിയിലും ഉള്ള നീരസവും ആഭാസന്മാരുമായുള്ള സംസർഗ്ഗരാഹിത്യവും സ്വരാജ്യപരിഷ്കാരത്തിലും സ്വപ്രജാ ക്ഷേമത്തിലും അവിടത്തേക്കുണ്ടായിരുന്ന അത്യന്താഭിലാഷത്തെ സാധിക്കുന്നതിൽ സഹകാരികളായി ഭവിച്ചു.