താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണിയ ഉയിർത്തെഴുന്നേൽക്കും വരെ ഈ തകർച്ച നീണ്ടു നിന്നു. ജനങ്ങൾ വിധിയെയും ആകാശദൈവങ്ങളെയും പുൽകിയത് മിക്കവാറും ഈ ഘട്ടത്തിലാണ്. ജാതകവും ഗ്രഹനിലയും ഗ്രീക്കു ജനതയെ ഇതിനകം എത്രമാത്രം സ്വാധീനിച്ചു കഴിഞ്ഞിരുന്നു എന്നതിനു തെളിവാണ് അലക്സാണ്ടറുടെ ജനനകഥ തന്നെ. ജനനം (ക്രി.മു.356) ശുഭമായ ഗ്രഹനിലയിലായിരിക്കാൻ ഫിലിപ്പ് രാജാവിന്റെ കൊട്ടാര ജ്യോതിഷിയും ഭിഷഗ്വരനുമായിരുന്ന നെക്തനബോസ് ഔഷധവിദ്യകൊണ്ട് രാജ്ഞിയുടെ പ്രസവം ഏതാനും മണിക്കൂർ താമസിപ്പിച്ചു എന്നാണ് കഥ. കഥ നേരായാലും നുണയായാലും ഫലഭാഗജ്യോതിഷത്തിന്റെ സ്വാധീനം അന്ന് എത്രമാത്രം ഉണ്ടായിരുന്നു എന്ന് അത് സൂചിപ്പിക്കുന്നു.

ജുപിറ്റർ (വ്യാഴം) ക്രോണോസിന്റെ (ശനി) പുത്രനാണ്. ക്രോണോസ് തന്റെ പിതാവായ യുറാനോസിനോട് ഒരു കൊടും ക്രൂരത കാട്ടി. അദ്ദേഹത്തിന്റെ വൃഷണങ്ങൾ ഒരു അരിവാൾ കൊണ്ട് അരിഞ്ഞു വീഴ്ത്തി. കടലിൽ വീണ വൃഷണങ്ങൾക്കു ചുറ്റുമുള്ള തിരമാലയിൽ നിന്നു സുന്ദരിയായ അഫ്രോഡൈറ്റ് ജന്മമെടുത്തു. സിയൂസ് ദേവൻ ക്രോണോസിനെ തരംതാഴ്ത്തി, ദൈവികശക്തി എടുത്തുമാറ്റി. കയ്യിൽ അരിവാളേന്തിയ, ദുഃഖിതനായ ഒരു കിഴവനായാണ് യൂറോപ്യൻ ജ്യോതിഷത്തിൽ ശനിയെ ചിത്രീകരിക്കാറ്.

ഇപ്പോഴും ഗ്രഹങ്ങൾക്ക് (ഉപഗ്രഹങ്ങൾക്കും) ഗ്രീക്കു ദേവന്മാരുടെ പേരു നൽകുന്ന പതിവ് ശാസ്ത്രജ്ഞർ തുടരുന്നു. 1610-ൽ ഗലീലിയോ വ്യാഴത്തിന്റെ നാലു ഉപഗ്രഹങ്ങളെ കണ്ടെത്തിയപ്പോൾ അവയ്ക്കു നൽകിയ പേരുകൾ : ഇയോ, ഒയ്റോപ്പ, ഗാനിമിഡേ, കാലിസ്റ്റോ എന്നായിരുന്നു. 1655-ൽ ക്രിസ്റ്റ്യൻ ഹീഗൻസ് ടൈറ്റാൻ (ശനിയുടെ ഉപഗ്രഹം) കണ്ടെത്തി പേരുനൽകി. 1781-ൽ വില്യം ഹെർഷൽ കണ്ടെത്തിയ ഗ്രഹത്തെ പിന്നീട് യുറാനസ് എന്നു വിളിച്ചു. പിന്നീട് നെപ്റ്റ്യുണും (1845) പ്ലുട്ടോയും (1930) അനേകം ഉപഗ്രഹങ്ങളും കണ്ടെത്തിയപ്പോഴും അവയ്ക്കെല്ലാം പേരിടാൻ വേണ്ടത്ര ദൈവങ്ങൾ ഗ്രീക്കു പുരാണത്തിൽ നിന്നു കണ്ടെത്താൻ കഴിഞ്ഞു.

കാൽദിയൻ ചിന്തകൾക്ക് ഗ്രീസിൽ പ്രചാരം നൽകുന്നതിൽ പങ്കുവഹിച്ച മറ്റൊരാൾ പ്ലാറ്റോ (ക്രി.മു. 427-347) ആണ്. പ്ലാറ്റോയ്ക്ക് സുഹൃത്തായി ഒരു കാൽദിയൻ പണ്ഡിതനും ശിഷ്യനായി മറ്റൊരു കാൽദിയനും ഉണ്ടായിരുന്നു. അവരുടെ സ്വാധീനം കൊണ്ടാകാമെന്നു കരുതുന്നു,നക്ഷത്രങ്ങൾക്ക് ദൈവീകത്വമുണ്ടെന്ന് പ്ലാറ്റോ വിശ്വസിച്ചു. ഭൂമിയിലെ എല്ലാ വസ്തുക്കളും നാലു മൂലകങ്ങൾ (പൃഥ്വി, ജലം, വായു, അഗ്നി) ചേർന്നുണ്ടാകുമ്പോൾ നക്ഷത്രങ്ങളുടെ സൃഷ്ടിയിൽ അഞ്ചാമതൊന്നുകൂടി - ആത്മാവ് (Soul) കൂടി - അടങ്ങിയിട്ടുണ്ടെന്നദ്ദേഹം സിദ്ധാന്തിച്ചു. (ഭാരതീയരുടെ പഞ്ചഭൂത സിദ്ധാന്തത്തിലെ 'ആകാശം' എന്ന മൂലകം ഗ്രീക്കുകാർക്ക് ഉണ്ടായിരുന്നില്ല.) എല്ലാ കാര്യങ്ങളിലും യുക്തിചിന്ത പ്രയോഗിച്ച പ്ലാറ്റോക്ക്, അത്ഭുതകരമെന്നു പറയട്ടെ, നക്ഷത്രങ്ങളെ ജീവനുള്ളവയായി പരിഗണിക്കുന്നതിൽ ഒരു അയുക്തിയും തോന്നിയില്ല. പിന്നീട്,ഗ്രീക്കുസംസ്കാരത്തിന്റെ തകർച്ചയുടെ ഘട്ടത്തിൽ പ്രാബല്യം നേടിയ സ്റ്റോയിക് തത്വചിന്തകരാകട്ടെ നക്ഷത്രങ്ങൾക്ക് വികാര വിചാരങ്ങളും അഭിലാഷങ്ങളും ഒക്കെ ഉള്ളതായിപ്പോലും ചിത്രീകരിച്ചു. പ്ലാറ്റോയുടെയും സ്റ്റോയിക്കുകളുടെയും ചിന്തകൾ ഗ്രീക്കുജനതയെ ആഴത്തിൽ സ്വാധീനിച്ചു.

അപ്പോഴേക്കും സിയൂസിനു ഗ്രീക്കുജനതയിലുണ്ടായിരുന്ന സ്വാധീനം പതുക്കെ ടൈക്ക് (Tyche - goddess of Chance - ഭാഗ്യദേവത), അനൻകെ (Ananke - goddess of Fate - വിധിയുടെ ദേവത) എന്നിവർ കൈവശപ്പെടുത്തി. ഭാവി രൂപപ്പെടുത്താൻ തങ്ങൾക്കുതന്നെ കഴിയും എന്ന ആത്മവിശ്വാസത്തിന്റെ സ്ഥാനത്ത് എല്ലാം അനിശ്ചിതമാണെന്നും 'നക്ഷത്രവിദ്യ' മാത്രമാണ് ഭാവി അറിയാനുള്ള ഏകമാർഗമെന്നും ഉള്ള വിശ്വാസത്തിലേക്ക് ഗ്രീക്കു ജനത എത്തിച്ചേർന്നു. പഴയ ദൈവങ്ങൾ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും രൂപത്തിൽ പുനർജനിച്ചു. ഇടിയും മിന്നൽ പിണരുകളുമായി മനുഷ്യരുടെ പോരാട്ടങ്ങളിൽ