താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പങ്കെടുത്തിരുന്ന ജൂപ്പിറ്റർ ദേവൻ,ശാന്തനായി, വ്യാഴത്തിന്റെ രൂപത്തിൽ രാശികളിലൂടെ സഞ്ചരിക്കുകയും തന്റെ രാശിസ്ഥാനമനുസരിച്ചുമാത്രം മനുഷ്യരെ സ്വാധീനിക്കുകയും ചെയ്തു തുടങ്ങി. മറ്റു ദൈവങ്ങളും അപ്രകാരംതന്നെ. ക്രി.പി രണ്ടാം നൂറ്റാണ്ടായപ്പോഴേക്കും ഈ പതനം പൂർത്തിയായിക്കഴിഞ്ഞിരുന്നു.

ഗ്രീസിലെ നഗര രാഷ്ട്രങ്ങളിൽ ഒന്നായിരുന്നു ഇയോണിയാ; മിലിറ്റസ് തലസ്ഥാനമായി 12 നഗരങ്ങൾ ഉൾപ്പെട്ട ഏതാനും ദ്വീപുകൾ. ക്രി. മു. 7-6 നൂറ്റാണ്ടുകളിൽ ഇവിടെ ദൈവങ്ങളെയും മതങ്ങളെയും ജ്യോതിഷത്തെയും മാറ്റിനിർത്തി, പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചു ചിന്തിക്കുന്ന ഒരു വിഭാഗം ചിന്തകർ ഉയർന്നുവന്നു. 'ഫിലോസഫർ' എന്നാണവർ അറിയപ്പെട്ടത്. എഞ്ചിനീയറും രാഷ്ട്രതന്ത്രജ്ഞനും ആയിരുന്ന തെയ്ൽസ് ആയിരുന്നു അവരിൽ മുമ്പൻ. അനാക്സിമെനസ്, ഹെറാക്ലിറ്റസ്, ഡെമോക്രറ്റസ്, ല്യൂസിപ്പസ്, പൈത്തഗോറസ് എന്നു തുടങ്ങി, ഗ്രീക്കു ശാസ്ത്രത്തിനും തത്വചിന്തയ്ക്കും ഗണ്യമായ സംഭാവന നൽകിയ ഒട്ടേറെ പ്രമുഖർ 'ഇയോണിയൻ സ്കൂളി'ന്റെ സൃഷ്ടിയാണ്. സൂര്യപ്രകാശം കൊണ്ടാണ് ചന്ദ്രൻ ശോഭിക്കുന്നതെന്ന് കൃത്യമായി പറഞ്ഞ ആദ്യ ചിന്തകൻ അനാക്സഗോറസ് (ജനനം ക്രി.മു. 499) ആണ്. ഗ്രഹണം വിശദീകരിക്കുക പിന്നീട് എളുപ്പമുള്ള കാര്യമായി. ഗ്രീസ് ഒരു ഭാഗത്ത് ജ്യോതിഷത്തിനു കീഴടങ്ങിക്കൊണ്ടിരുന്നപ്പോൾ തന്നെയാണ് ശാസ്ത്രത്തിന്റെ പുതുനാമ്പുകൾ ഇയോണിയയിൽ മുളപൊട്ടിയത് എന്ന കാര്യം വിസ്മരിച്ചുകൂടാ.

ഗ്രീസിനെ ജ്യോതിഷം കീഴ്പ്പെടുത്തിയത് നൂറ്റാണ്ടുകൾ കൊണ്ടാണെങ്കിൽ റോമിനെ സ്വാധീനിക്കാൻ പതിറ്റാണ്ടുകൾ മതിയായി. ടൈബിരിയസ് ചക്രവർത്തി (ക്രി.മു. 42 – ക്രി.പി 37) തന്നെ ജ്യോതിഷം പഠിച്ച് ഒരു ജ്യോതിഷിയായി. റോമിൽ ജ്യോതിഷം നല്ലൊരു കച്ചവടച്ചരക്കായിരുന്നു. കാൽദിയന്മാർ അവിടെ തമ്പടിച്ചുകൂടി ജ്യോതിഷം വിറ്റു കാശാക്കി. അക്കാലത്തെ റോമൻ കവികളിലൊരാളായിരുന്ന ജൂവനൽ അന്നത്തെ പ്രഭുകുടുംബങ്ങളിലെ സ്ഥിതി ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്നതിങ്ങനെയാണ് : “നിങ്ങളുടെ പ്രിയതമ ജ്യോത്സ്യരോടു ചോദിക്കുന്നു : കരൾ രോഗം പിടിപെട്ട എന്റെ ഭർതൃമാതാവ് എന്താണിനിയും കാലപുരി പൂകാത്തത് ? നിങ്ങൾ അംഗരാജ്യങ്ങളിലേക്കു പോകുമ്പോൾ ഭാര്യ കൂടെ വരുന്നില്ല, കാരണം ട്രസില്ലസ്സിന്റെ 'ഭാഗ്യ സർവസ്വം' (The fortune book) അനുസരിച്ച് സമയം മോശമാണ്. കൺപോളകൾ തുടിക്കുമ്പോൾ അവൾ തന്റെ ഗ്രഹനില പരിശോധിപ്പിച്ച് അതിനുള്ള മറുമരുന്ന് കണ്ടെത്തുന്നു; അതെപ്പോൾ കഴിക്കണമെന്ന് പെടോസിറിസ് പറഞ്ഞുതരും. അവൾക്ക് അടുത്ത മയിൽക്കുറ്റിയോളം പോകാൻ പോലും പറ്റിയ മുഹൂർത്തം പഞ്ചാംഗം പരതി സഖി പറഞ്ഞു കൊടുക്കണം.” ഇങ്ങനെ ആത്മീയചൈതന്യം നഷ്ടപ്പെട്ട റോമൻ സംസ്കാരത്തിനു മേലാണ് പിൽക്കാലത്ത് ക്രിസ്തുമതം അവരോധിക്കപ്പെട്ടത്. സ്വാഭാവികമായും, ഇത്തരം ജീർണ വിശ്വാസങ്ങളുടെ അംശങ്ങൾ ക്രിസ്തുമതാചാരങ്ങളിലും വന്നു ഭവിച്ചു.