താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്ടായി. ദൈവത്തിനു ജലദാനം ചെയ്യുന്ന ഗാനിമിഡ്. കുംഭത്തിൽ ജനിക്കുന്നവർ ദൈവത്തിനു പ്രിയപ്പെട്ടവരാകും. കന്നി (കതിരേന്തിയ കന്യക) കൃഷിയുടെ ദേവതയായി. ഭൂമിയിലെ സകല നന്മതിന്മകളും 12 രാശികൾക്ക് അവർ വീതിച്ചു നൽകി. പ്രതിഭാസങ്ങൾക്ക് ഗ്രഹ-രാശി ബന്ധങ്ങൾ കണ്ടെത്തുക ജ്യോതിഷ പണ്ഡിതരുടെ ഒരു ഒഴിവുസമയ വിനോദമായി മാറി. പഞ്ഞത്തിനും രോഗത്തിനും യുദ്ധത്തിനും എല്ലാം കാരണക്കാർ ഗ്രഹങ്ങളും താരാഗണങ്ങളുമായി.

ബൈബിളിൽ പറയുന്ന എബ്രഹാം ക്രി.മു. 2000ത്തിനടുത്ത് യൂഫ്രട്ടീസ് തീരത്തെ ഉർനഗരത്തിൽ ജനിച്ചു എന്നു പറയപ്പെടുന്നു. ഒരിക്കൽ അവിടുത്തെ 'സിൽ' ദേവാലയത്തിലെ പുരോഹിതരോട് അദ്ദേഹം തർക്കിച്ചു എന്ന് ജോസഫസ് രേഖപ്പെടുത്തുന്നു. ഗ്രഹങ്ങൾ ദൈവങ്ങളാണെങ്കിൽ അവ എന്തുകൊണ്ട് ഇടയ്ക്കു ക്രമരഹിതമായി ചലിക്കുന്നു? അവയെ നിയന്ത്രിക്കുന്ന 'വലിയ ദൈവം' വേറേ ഉണ്ടായിരിക്കണം - ഇതായിരുന്നു അദ്ദേഹത്തിന്റെ വാദം. കാൽദിയന്മാർ ഈ ദൈവ നിന്ദയെ ചോദ്യം ചെയ്തു. ഒടുവിൽ എബ്രഹാമിനു നാടുവിടേണ്ടിവന്നു. ഇക്കഥ നേരായിക്കൂടെന്നില്ല എന്നേ പറയാൻ പറ്റൂ.

വ്യാഴം : ഗ്രഹങ്ങളിൽ ഭീമൻ. ഭൂമിയുടെ 1300 ഇരട്ടി വലിപ്പവും 318 ഇരട്ടി പിണ്ഡവും. സൂര്യനിൽ നിന്നുള്ള ദൂരം 77.8 കോടി കിലോമീറ്റർ. ഹൈഡ്രജൻ, ഹീലിയം, മീതെയ്ൻ മുതലായവ അടങ്ങിയ കനത്ത അന്തരീക്ഷം. സ്വയംഭ്രമണത്തിന് 9.84 മണിക്കൂർ മാത്രം. പരിക്രമണത്തിന് 11.86 വർഷം. 17 ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഗാനിമിഡെയാണ് സൗരയുഥത്തിലെ തന്നെ ഏറ്റവും വലിയ ഉപഗ്രഹം. (5276 കിലോമീറ്റർ വ്യാസാർധം)

ഭാരതത്തിൽ ആദ്യകാലത്ത് സൂര്യനും ചന്ദ്രനും ആണ് ദേവാത്മാക്കളായുണ്ടായിരുന്നത്. ഗ്രീസിൽ നിന്നാണ് മറ്റു ഗ്രഹദൈവങ്ങൾ ഇന്ത്യയിലെത്തിയതെന്നു വേണം വിശ്വസിക്കാൻ. ഭാരതീയ ജ്യോതിഷികളുടെ മുഖ്യ ആചാര്യന്മാരിൽ ഒരാളായ ഗാർഗൻ പറയുന്നതു നോക്കുക : “ഗ്രീക്കുകാർ തീർച്ചയായും മ്ലേച്ഛന്മാർ തന്നെ. എന്നാൽ അവർക്കിടയിൽ ജ്യോതിശാസ്ത്രം സമ്പുഷ്ടമാണ്. തന്മൂലം അവർ ഋഷികൾക്കു കൂടി ബഹുമാന്യരായിത്തീർന്നിരിക്കുന്നു." (ഗാർഗൻ ജീവിച്ചിരുന്നത് ക്രി.മു. രണ്ടാം നൂറ്റാണ്ടിനടുത്തായിരുന്നുവെന്നും പരാശരമുനി അദ്ദേഹത്തിന്റെ പിൻഗാമി ആയിരുന്നുവെന്നും കരുതപ്പെടുന്നു). ബാബിലോണിയർക്കും ഗ്രീക്കുകാർക്കും പേർഷ്യക്കാർക്കും എല്ലാം ഇന്ത്യയുമായി വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് വിവരങ്ങളുടെ കൊള്ളക്കൊടുക്ക അവരെല്ലാമായി നടന്നിട്ടുണ്ടാകാം. ചിലപ്പോൾ പല ആശയങ്ങളും വികസിച്ചു വന്നത് ഇന്ത്യയിലാണെന്നും വരാം. പക്ഷേ നമുക്കതിനു തെളിവൊന്നും നൽകാനില്ല. എന്നുമാത്രമല്ല ഫലഭാഗ ജ്യോതിഷം ഇന്ത്യയിൽ വ്യാപകമായത് അലക്സാണ്ടറുടെ വരവിനു ശേഷം (ക്രി.മു. നാലാം നൂറ്റാണ്ട്) ആണെന്നതും അതിന്റെ ഉത്ഭവം ഭാരതത്തിലല്ല എന്നതിന്റെ സൂചനയാണ്.

ഗ്രഹങ്ങൾ ദൈവങ്ങളായതോടെ ജ്യോതിഷികൾ ദൈവജ്ഞരും ആയി ചമഞ്ഞു. ദൈവങ്ങളുടെ ഇംഗിതം മനസ്സിലാക്കാനുള്ള ശാസ്ത്രമായി ജ്യോതിഷം മാറി. ദിക്കും സമയവും അറിയാനും കൃഷിക്കു വേണ്ടി കാലാവസ്ഥ പ്രവചിക്കാനും മനുഷ്യരുടെയും സംഭവങ്ങളുടെയും പ്രായം ഗണിക്കാനുമായി വളർത്തിയെടുത്ത ഒരു നിരീക്ഷണ ശാസ്ത്രം ക്രമേണ ഫലഭാഗവും ശകുനവും ലക്ഷണവും ശുഭാശുഭ മുഹൂർത്തങ്ങളും ഒക്കെ നിർണയിക്കാനുള്ള ഏർപ്പാടായി അധഃപതിക്കുന്നത് ബാബിലോണിയയുടെയും ഗ്രീസിന്റെയും ചരിത്രം പരിശോധിക്കുന്നവർക്ക് കാണാൻ കഴിയും.

ഗ്രഹങ്ങളിൽ നിന്നു വരുന്നത് വെറും പ്രകാശമല്ല, മനുഷ്യരുടെ കർമങ്ങൾക്കു വഴികാട്ടുന്ന നിയോഗങ്ങളാണ് എന്ന വിശ്വാസം ക്രമേണ വേരുറച്ചു. ബാബിലോണിയയിലും കാൽദി