Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്റെയും ഉൽപാദനത്തിന്റെയും ദേവിയായിരുന്നു ഇഷ്തർ. സൂര്യബിംബത്തിനും ചന്ദ്രക്കലയ്‍ക്കും ഒപ്പം, എട്ടു രശ്മികളോടെ അവർ അതിനെ ചിത്രീകരിച്ചു. ക്രി.മു. 2000ലെ ഒരു ക്യൂണിഫോം ലിഖിതത്തിൽ ഇങ്ങനെ കാണാം. "അബു 5-ാം തീയ്യതി ഇഷ്തർ കിഴക്കു പ്രത്യക്ഷപ്പെടുന്നുവെങ്കിൽ മഴയും നാശവുമുണ്ടാകും. നിസാൻ 10 വരെ അത് കിഴക്കുണ്ടാകും. 11ന് അത് അപ്രത്യക്ഷമാകും. 3 മാസം പിന്നെ കാണില്ല. ദു-ഉസു 11ന് അത് വീണ്ടും പടിഞ്ഞാറ് പ്രത്യക്ഷപ്പെടുമ്പോൾ ഭൂമിയിൽ കലഹങ്ങൾ വർധിക്കും പക്ഷെ വിളവ് കൂടും". ഗ്രഹമൗഢ്യം എന്നു ജ്യോത്സ്യൻ വിശേഷിപ്പിക്കുന്ന പ്രതിഭാസമാണിവിടെ സൂചിപ്പിക്കുന്നത്.

ബാബേൽ ഗോപുരം: ദൈവശാപം കൊണ്ട് ഒരിക്കലും പണിതീരാത്ത അംബരചുംബിയായി ബൈബിളിൽ വർണിക്കുന്നു. ഒരേ സമയം മാർദുകിന്റെ ക്ഷേത്രവും വാനനിരീക്ഷണ കേന്ദ്രവുമായിരുന്നു (ചിത്രം കലാകാരന്റെ ഭാവനയാണ്). ബാബിലോൺ നഗരാവിശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും അൻപത് മീറ്ററോളം ഉയരത്തിൽ, തകർന്നടിഞ്ഞ ബാബേൽ ഗോപുരം നിൽക്കുന്നു. ക്രിസ്തുവിനു മുമ്പ് 689ൽ സെന്നാച്ചെറിബ് എന്ന അസീറിയൻ രാജാവ് ആദ്യ ഗോപുരം തകർത്ത ശേഷം നെബുക്കാദ് നസ്സറിന്റെ കാലത്ത് പുതുക്കിപ്പണിതു. 95 മീറ്റർ സമചതുരത്തിൽ 7 നിലകളിലായി 80 മീറ്ററിലധികം ഉയരത്തിൽ അതു നിലകൊണ്ടു.

ഏറെ താമസിയാതെ വ്യാഴം, ബുധൻ, ചൊവ്വ, ശനി എന്നീ ഗ്രഹങ്ങളെയും ബാബിലോണിയർ തിരിച്ചറിഞ്ഞു. ഗ്രഹങ്ങളെ നക്ഷത്രങ്ങളിൽ നിന്ന് വേറിട്ടറിഞ്ഞ കാലത്ത് അവയ്‍ക്ക് പേരുകൾ നൽകേണ്ടി വന്നു. തങ്ങളുടെ ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങളുടെ പേരുകളാണ് ബാബിലോണിയർ അവയ്‍ക്കു നൽകിയത്. ഭൂമി ദേവനായ 'ബെൽ' മാനത്ത് തന്റെ കാവൽ ഭടന്മാരായി 3 പേരെ നിയോഗിച്ചു പോലും ശമഷ്, സിൻ, ഇഷ്തർ എന്നീ പേരുകളുള്ള ആ മൂന്ന് ദേവന്മാരാണ് പിന്നീട് സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നീ ഗ്രഹരൂപങ്ങൾ സ്വീകരിച്ചത് എന്നാണ് ഒരു കഥ. നിനവേയിലും ഉറുക്കിലും അൽബേലായിലുമെല്ലാം ഇഷ്തറിന് അവർ ക്ഷേത്രങ്ങൾ നിർമ്മിച്ചു.

ഗ്രഹമൗഢ്യം

ഗ്രഹങ്ങൾ സൂര്യൻ നിൽക്കുന്ന രാശിയിലോ അതിനു സമീപമോ എത്തുമ്പോൾ സൂര്യതേജസ്സുകൊണ്ട് അവയെ കാണാൻ കഴിയാതെ വരുന്നതാണ് ഗ്രഹമൗഢ്യം. ഗ്രഹങ്ങൾക്ക് അപ്പോൾ 'രശ്മി ഇല്ലാതാകും' എന്നാണ് ജ്യോത്സ്യൻ പറയുക. സൂര്യനിൽ നിന്ന് എത്ര അകലെ എത്തുമ്പോഴാണ് ഇത് സംഭവിക്കുക എന്നത് ഗ്രഹത്തിന്റെ ശോഭയെ ആശ്രയിച്ചിരിക്കും (സൂര്യനിൽ നിന്നുള്ള ദൂരം, ഭൂമിയിൽ നിന്നുള്ള ദൂരം, ഗ്രഹത്തിന്റെ വലിപ്പം, അതിൽ സൂര്യപ്രകാശം പതിക്കുന്ന ഭാഗത്തിന്റെ എത്ര അംശം ഭൂമിക്കു നേരെ നിൽക്കുന്നു, പ്രതലത്തിന്റെ പ്രതിഫലനശേഷി ഇതിനെയൊക്കെ ആശ്രയിച്ചിരിക്കും ഗ്രഹത്തിന്റെ ശോഭ). ജ്യോതിഷി മൗഢ്യകാലമായി പരിഗണിക്കുക, സൂര്യന്റെ ഇരുവശത്തും താഴെ പറയുന്ന കോണളവുകളിൽ ഗ്രഹം സ്ഥിതി ചെയ്യുമ്പോഴാണ്.

ഗ്രഹം സൂര്യനിൽനിന്നുള്ള
അകലം ഡിഗ്രിയിൽ
ഗ്രഹം സൂര്യനിൽനിന്നുള്ള
അകലം ഡിഗ്രിയിൽ
ചന്ദ്രൻ 12 ചൊവ്വ 17
ബുധൻ 13 വ്യാഴം 11
ശുക്രൻ 9 ശനി 15
മൗഢ്യകാലത്ത് ഗ്രഹങ്ങൾക്ക് ഫലദായകത്വം ഉണ്ടാകില്ല എന്നാണ് ജ്യോതിഷ വിശ്വാസം.
83