ചന്ദ്രന് പന്നിയെ അറുത്തു ബലി നൽകുന്ന സമ്പ്രദായം അവിടെ ഉണ്ടായിരുന്നതായി ക്രി.മു. 450ൽ അവിടം സന്ദർശിച്ച ഹെറഡോട്ടസ് രേഖപ്പെടുത്തുന്നുണ്ട്. പന്നി സ്വന്തമായില്ലാത്ത നിർധനർ പന്നിയുടെ കളിമൺ രൂപങ്ങളുണ്ടാക്കി ബലിയർപ്പിക്കുമായിരുന്നുവത്രേ.
ഗ്രീക്കുകാരുടെ സൂര്യദേവനായ 'ഹീലിയോ' ആണ് പിൽക്കാലത്ത് അപ്പോളോ ദേവനായി മാറിയത്. വ്യാഴം സിയൂസ് ദേവനും (ജൂപ്പിറ്റർ) ബുധൻ ഹെർമസ് ദേവനും (സിയൂസിന്റെ മകൻ) ശുക്രൻ അഫ്രോഡൈറ്റ് ദേവതയും ചൊവ്വ ആരസും ശനി ക്രോണോസും ആയി അവരുടെ കഥകളിൽ പ്രത്യക്ഷപ്പെട്ടു. ഒളിമ്പസ് കുന്നിൽ അവർക്കെല്ലാം സ്വന്തമായ ആസ്ഥാനങ്ങളും ഉണ്ടായിരുന്നു.
ആദ്യകാലത്ത് ഗ്രഹം എന്ന സങ്കൽപ്പം എവിടെയും ഉണ്ടായിരുന്നില്ല. തിരുവാതിരയും കേട്ടയും ചിത്രയും പോലെ തന്നെയായിരുന്നു പ്രാചീനർക്ക് ശുക്രനും വ്യാഴവും ചൊവ്വയുമെല്ലാം.. വേദങ്ങളിൽ ശുക്രനെയും വ്യാഴത്തെയും പരാമർശിക്കുന്നതും താരങ്ങളായിട്ടാണ്. ലഗധമുനിയുടെ വേദാംഗജ്യോതിഷത്തിൽ പോലും ഗ്രഹങ്ങളെ കുറിച്ചു പറയാതിരുന്നത് അന്നവയ്ക്ക് വലിയ പ്രാധാന്യം കൈവരാതിരുന്നതുകൊണ്ടാകണം. രാശിവ്യവസ്ഥയെ ആസ്പദമാക്കിയുള്ള കാലഗണന വികസിച്ചതിനു ശേഷം മാത്രമാണല്ലോ ഗ്രഹങ്ങൾക്ക് പ്രാധാന്യമേറിയത്. മൈത്രായണ ഉപനിഷത്തിൽ ഗ്രഹങ്ങളെക്കുറിച്ചുള്ള പരാമർശമുണ്ട്. യാജ്ഞവൽക്യ സ്‍മൃതികളിൽ ഗ്രഹങ്ങളുടെ ആരാധനയ്ക്കുള്ള വ്യവസ്ഥയുമുണ്ട്. ആ കാലമായപ്പോഴേക്കും (ക്രി.മു. 7-ാം നൂറ്റാണ്ടിനടുത്ത്) ഗ്രഹങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.
ഭാരതീയർ ഗ്രഹങ്ങളുടെ പ്രാധാന്യം കണ്ടെത്തും മുമ്പ് തന്നെ ബാബിലോണിയർക്ക് അതിനു കഴിഞ്ഞു എന്നു വേണം ഊഹിക്കാൻ. ശുക്രനെയാണവർ ആദ്യം തിരിച്ചറിഞ്ഞത്. ആ ഗ്രഹത്തെ സംബന്ധിച്ച ചില നീരീക്ഷണങ്ങൾ അവരെ അമ്പരപ്പിച്ചതായി ചരിത്ര രേഖകളിൽ നിന്നു വ്യക്തമാകും. ചിലകാലത്ത് 'പ്രഭാതതാര'മായും (നമ്മൾ കൊറ്റി എന്നും പെരുമീൻ എന്നും വിളിക്കുന്നു) മറ്റു ചിലപ്പോൾ സാന്ധ്യാതാരമായും പ്രത്യക്ഷപ്പെടുന്നത് ഒരേ വസ്തുവാണെന്നും ഈ രണ്ടു കാലത്തിനുമിടയ്‍ക്ക് അത് സൂര്യനെ മറികടക്കുന്നുണ്ടെന്നും അക്കാലത്ത് അതിനെ കാണാൻ പറ്റില്ലെന്നും ഉള്ള തിരിച്ചറിവ് അവരിലുണ്ടാക്കിയ അത്ഭുതം ചെറുതല്ല. ശുക്രനെ അവർ 'ഇഷ്തർ' എന്നാണ് വിളിച്ച്ത്. സൂര്യനും ചന്ദ്രനുമൊപ്പം ആകാശത്തിലെ മൂന്നാമത്തെ പ്രധാന ദേവതയായി അവർ ഇഷ്തറിനെ വാഴിച്ചു. പ്രേമത്തി