Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങളിലാക്കി. അക്ഷരങ്ങൾക്ക് അക്കങ്ങൾ നൽകിക്കൊണ്ടുള്ള അക്ഷരസംഖ്യാരീതി അഥവാ പരൽപ്പേർ സമ്പ്രദായം അനുസരിച്ചായിരുന്നു ഈ ശ്ലോകങ്ങൾ. കേരളത്തിൽ വ്യാപകമായുപയോഗിച്ചു വന്ന അക്ഷര സംഖ്യാ രീതിയായിരുന്നു 'കടപയാദി'. ഗോളഗണനം അറിയാത്ത ജ്യോത്സ്യന്മാർക്കും പ്രായഗണന നടത്താൻ ഇതുമൂലം കഴിഞ്ഞു.

ഗ്രഹനില-പാശ്ചാത്യ രീതി: പാശ്ചാത്യർ പണ്ടുകാലത്ത് ചതുരത്തിലാണ് (ഉത്തരേന്ത്യൻ രീതിയിൽത്തന്നെ) ഗ്രഹനില കുറിച്ചിരുന്നത്. ഇപ്പോൾ അധികവും വൃത്തത്തിലാണ് കുറിക്കുന്നത്. മാത്രമല്ല യുറാനസ്, നെപ്റ്റ്യൂൺ, പ്ലൂട്ടോ ഇവയെക്കൂടി ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. രാഹുവും കേതുവും പാശ്ചാത്യർക്കില്ലെന്നും ഓർക്കണം.

ചതുരത്തിലാവുമ്പോൾ മുകളിൽ മധ്യത്തിൽ തന്നെ ഒന്നാം ഭാവം. മറ്റു ഭാവങ്ങൾ ഇടത്തോട്ട്. വൃത്തത്തിലാണെങ്കിൽ 1,2,3 .. എന്നിങ്ങനെ ഭാവങ്ങൾ കുറിക്കുന്നു. ഗ്രഹങ്ങളെയും രാശികളെയും അവയുടെ ചിഹ്നങ്ങൾ കൊണ്ടാണ് സൂചിപ്പിക്കുക.

ഈ വിധമുള്ള ഗണനം ഉപയോഗിക്കാൻ പോലും ഇക്കാലത്ത് ജ്യോത്സ്യന്മാർപഠിക്കുന്നില്ല (പഞ്ചാംഗം രചിക്കുന്ന അപൂർവ്വം ചിലരൊഴികെ). പ്രായഗണനയ്ക്ക് ഇക്കാലത്ത് അതൊന്നും ആവശ്യമില്ല. ജാതകത്തിൽ തന്നെ ഇന്ന് കൃത്യമായ ജനന സമയം എഴുതിവെക്കും. പിന്നീടുള്ള ഏതു കാലഗണനയ്ക്കും പഞ്ചാംഗം മതി. ഗ്രഹനില ഇപ്പോൾ ഫലപ്രവചനങ്ങൾക്കായി മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ പഞ്ചാംഗങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് പ്രായഗണനയ്ക്കുള്ള ഏക മാർഗം ഗ്രഹനിലക്കുറിപ്പായിരുന്നു എന്ന കാര്യം മറക്കരുത്. അതിന്റെ പിന്നിൽ പ്രവർത്തിച്ച ധിഷണയെയും നിരന്തരമായ നിരീക്ഷണത്തെയും എത്ര തന്നെ പ്രശംസിച്ചാലും അധികമാവില്ല.

'കടപയാദി'

പല രീതിയിലുള്ള അക്ഷര സംഖ്യാ സമ്പ്രദായങ്ങൾ ഭാരതത്തിൽ മുമ്പ് നിലവിലുണ്ടായിരുന്നു. ആര്യഭടൻ ആര്യഭടീയത്തിൽ ഉപയോഗിച്ച ക്രമത്തിൽ നിന്നു വ്യത്യസ്തമാണ് ഭാസ്കരാചാര്യർ ലഘു ഭാസ്കരീയത്തിൽ ഉപയോഗിച്ച ക്രമം. ഇവ രണ്ടിൽ നിന്നും വ്യത്യസ്തമായിരുന്നു വരരുചിയുടെ കാലം മുതലേ കേരളത്തിൽ ഉപയോഗിച്ചു വന്ന 'കടപയാദി' സമ്പ്രദായം.

“കടപയ വർഗ ഭവൈരിഹ പിണ്ഡാന്തൈരക്ഷരൈ രങ്ക
നേഞേ ശൂന്യം ജ്ഞേയം തഥാസ്വരേ കേവലേ കഥിതേ”

എന്നു വരരുചി പ്രമാണം. അതനുസരിച്ച് താഴെകൊടുത്ത പട്ടികയിലെ ഓരോ കോളത്തിലും വരുന്ന അക്ഷരങ്ങളുടെ വില അതതു കോളത്തിനു മുകളിൽ കൊടുത്തിരിക്കുന്ന സംഖ്യ ആയിരിക്കും.

1 2 3 4 5 6 7 8 9 0


2.2 കാലഗണനയും പഞ്ചാംഗവും

കാലം അളക്കാൻ പണ്ടുകാലത്ത് ചാന്ദ്രമാസങ്ങളാണ് ഉപയോഗിച്ചിരുന്നത് എന്നു പറഞ്ഞല്ലോ. എന്നാൽ ചാന്ദ്രമാസങ്ങൾ തന്നെ പലവിധമുണ്ടായിരുന്നു. ചന്ദ്രന്റെ നക്ഷത്രസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള നക്ഷത്ര ചാന്ദ്രമാസവും (Siderel Month) ചന്ദ്രന്റെ പക്ഷസ്ഥിതിയെ (phase – പൗർണമി, അമാവാസി മുത