താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലായവ) അടിസ്ഥാനമാക്കിയുള്ള സംയുക്തിമാസവും (Synodic month) ആയിരുന്നു അവയിൽ പ്രധാനം. ആദ്യത്തേതിന് 27.32 ദിവസവും രണ്ടാമത്തേതിന് 29.53 ദിവസവുമാണ് നീളം. ഇവ തമ്മിലുള്ള വ്യത്യാസത്തിനു കാരണം എന്താണെന്നു പരിശോധിക്കാം. ചന്ദ്രൻ, ഒരു നക്ഷത്രത്തിൽ തുടങ്ങി, ഭൂമിയെ ഒന്നു ചുറ്റി, അതേ നക്ഷത്രത്തിൽ തിരിച്ചെത്തുന്ന കാലമാണല്ലോ നക്ഷത്ര ചാന്ദ്രമാസം. സംയുക്തിമാസമോ? ചിത്രം നോക്കൂ. ചന്ദ്രന്റെ അമവാസി നാളിലെ സ്ഥാനം A ആയിരുന്നുവെന്നിരിക്കട്ടെ. 27.32 ദിവസം കൊണ്ട് ചന്ദ്രൻ ഭൂമിക്കുചുറ്റും 360 ഡിഗ്രി കറങ്ങി വരുമ്പോഴേക്കും ഭൂമി സൂര്യനുചുറ്റും 27 ഡിഗ്രിയോളം നീങ്ങിപ്പോയിട്ടുണ്ടാകും. തന്മൂലം ചന്ദ്രനിപ്പോൾ B എന്ന സ്ഥാനത്താണുണ്ടാവുക. സ്വാഭാവികമായും അന്ന് അമാവാസിയല്ല. 2.21 ദിവസം കൂടി കഴിയുമ്പോൾ ചന്ദ്രൻ C എന്ന സ്ഥാനത്ത് എത്തുമ്പോഴേ അമാവാസിയാകൂ. തന്മൂലം സംയുക്തിമാസത്തിന്റെ നീളം 29.53 ദിവസമായിരിക്കും. (വെളുത്ത വാവു മുതൽ വെളുത്ത വാവു വരെ കണക്കാക്കിയാലും 29.53 ദിവസം തന്നെ കിട്ടും).

അമാവാസി ദിവസം മുതൽ ചന്ദ്രന്റെ സ്ഥാനം (ചിത്രത്തിൽ A) ഒരാൾ നിരീക്ഷിക്കുന്നു എന്നിരിക്കട്ടെ. ചന്ദ്രൻ നിൽക്കുന്ന നക്ഷത്രം കാർത്തികയാണെന്നു കരുതുക. 27.32 ദിവസം കഴിയുമ്പോൾ ചന്ദ്രൻ ഭൂമിയെ ഒന്നു ചുറ്റി B എന്ന സ്ഥലത്ത് (കാർത്തികയിൽത്തന്നെ) എത്തും. പക്ഷെ അന്ന് അമാവാസി ആയിരിക്കില്ല എന്നു വ്യക്തം. ഭൂമി ഇതിനകം 27 ഡിഗ്രിയോളം സ്ഥാനം മാറി. തന്മൂലം ചന്ദ്രൻ അത്രയും ഡിഗ്രി കൂടുതൽ കറങ്ങിയാലേ അമാവാസിയാക്കൂ. (C എന്ന സ്ഥാനം) അതിന് 2.21 ജിവസം കൂടി വേണം. അതായത് സംയുക്തിമാസം=27.32+2.21=29.53 ദിവസം. ചന്ദ്രൻ ഭൂമിക്കു ചുറ്റും 389.5 ഡിഗ്രി കറങ്ങാൻ വേണ്ട സമയമാണിത്.

അക്ഷരങ്ങളോടു ദീർഘമോ വള്ളിയോ ചേർത്താലും വില മാറില്ല. ഉദാ: കി, കു, കേ എല്ലാം 1 തന്നെ. സ്വരാക്ഷരങ്ങൾക്ക് പൂജ്യമാണു വില. സംസ്കൃതത്തിൽ ഇല്ലാത്ത ഴ, റ എന്നീ അക്ഷരങ്ങൾക്കും കേരള ജ്യോതിഷികൾ പൂജ്യം കൽപിച്ചിരിക്കുന്നു. (എന്നാൽ വരരുചിക്ക് റ = ര = 2 ആണ്). ൽ, ൾ, ൻ, ൺ എന്നീ ചില്ലുകളിൽ അവസാനിക്കുന്ന പദങ്ങൾ വന്നാൽ (ഉദാ: പാൽ) യഥാക്രമം ല, ള, ന, ണ എന്നു കണക്കാക്കി വില നൽകണം. കൂട്ടക്ഷരത്തിന് അതിലെ അവസാനത്തെ അക്ഷരത്തിൻറെ വിലയാണു നൽകേണ്ടത്. ഉദാ: ക്ത=ത = 6 , ഗ്ന= ന = 0 എന്നിങ്ങനെ. 'കടപയാദി' ഉപയോഗിക്കുമ്പോൾ അക്ഷരങ്ങളുടെ ക്രമത്തിൽ അക്കങ്ങൾ എഴുതിയ ശേഷം ക്രമം തിരിച്ചിട്ടു വായിച്ചാലേ ഉദ്ദേശിച്ച സംഖ്യ കിട്ടു. ഉദാ: ഗണപതി = 3,5,1,6. ക്രമം തിരിച്ചിടുമ്പോൾ 6153. അതുപോലെ നാദലയം = 0,8,3,1. തിരിച്ചെഴുതുമ്പോൾ 1380.

സംയുക്തി മാസത്തിന്റെ നീളം 29.53 ദിവസം ആയതുകൊണ്ട് ചില രാജ്യക്കാർ ഒന്നിടവിട്ട് മാസങ്ങൾക്ക് 29ഉം 30ഉം ദിവസങ്ങൾ കണക്കാക്കി. അപ്പോൾ വർഷത്തിന് 354 ദിവസമേ നീളം വരൂ. 5 വർഷത്തിൽ 2 തവണ 'അന്തർ നിഹിത മാസങ്ങൾ' (inter calary month – അഥവാ ഒരു പതിമൂന്നാം മാസം) കൂട്ടിച്ചേർത്ത് സംയുക്തി ചാന്ദ്രവർഷത്തെ കാലാവസ്ഥയും ഋതുചക്രവുമായവർ ബന്ധിപ്പിച്ചു. അഞ്ചാമത്തെയും പത്താമത്തെയും അയനാ