താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിലാണെങ്കിൽ ജനനം മിഥുന മാസത്തിലും.

ചിത്രം III: മുൻപറഞ്ഞ ജാതകന്റെ വിവാഹസമയത്തെ ഗ്രഹനില. മന്ദൻ ഇടവത്തിൽ നിന്നും ഗുരു ധനുവിൽ നിന്നും മേടത്തിൽ എത്തിയിരിക്കുന്നു.
ഉദയാൽപരവും ഗ്രഹസ്ഫുടവും

ലഗ്നം ജനന സമയത്തിന്റെ സൂചനയാണെന്ന് പറഞ്ഞല്ലോ. ഒരു ലഗ്നം തുടങ്ങി രണ്ടു മണിക്കൂറിനുള്ളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം അതേ ലഗ്നമായിരിക്കും. കൂടുതൽ കൃത്യതയോടെ ജനന സമയം കണക്കാക്കാൻ എന്തു ചെയ്യും? അതിന് ലഗ്നത്തിലെ ഉദയാൽപരവും രവിസ്പുടവും അറിയണം. എന്താണവ എന്ന് നോക്കാം.

30 ഡിഗ്രിയാണല്ലോ ഒരു രാശി. ജാതകന്റെ ജനനസമയത്ത് ലഗ്നരാശി കുറച്ച് ഉദിച്ച് ഉയർന്നുകഴിഞ്ഞിട്ടുണ്ടാവാം. ഉദാഹരണത്തിന് കുംഭം 17ഡിഗ്രിയും 23മിനിട്ടും (ജ്യോതിഷഭാഷയിൽ 17 ഭാഗ 23 കല) ഉദിച്ചുകഴിഞ്ഞപ്പോഴാണ് ജനനം എന്നിരിക്കട്ടെ. (ചിത്രം1) ഇനി ഉദിക്കാൻ 12 ഡിഗ്രിയും 37 മിനിട്ടും ബാക്കിയുണ്ട്. ലഗ്നത്തിൽ ഉദയാൽപരം 12 ഭാഗ 37 കല ആണെന്നുപറയും. ഒരു രാശിയിൽ ഗ്രഹം എവിടെ നിൽക്കുന്നു എന്ന് കൃത്യമായി സൂചിപ്പിക്കുന്നതാണ് ഗ്രഹസ്ഫുടം. അതിന് മേഷാദിയിൽനിന്ന് ഗ്രഹത്തിലേക്കുള്ള ദൂരം (കോണളവിൽ) പറഞ്ഞാൽ മതി. ഉദാഹരണത്തിന് കുഞ്ഞിന്റെ ജനനസമയത്ത് രവി നിന്നിരുന്നത് ചിങ്ങത്തിന്റെ ആരംഭബിന്ദുവിൽ നിന്ന്19 ഡിഗ്രി 2 മിനിട്ട് മാറി ആയിരുന്നു എന്നിരിക്കട്ടെ. രവിസ്ഫുടം 4-19-02 എന്നു ജാതകത്തിൽ കുറിക്കും. അതായത്, സൂര്യൻ മേടം, ഇടവം, മിഥുനം, കർക്കിടകം എന്നീ നാലു രാശികൾ കഴിഞ്ഞ് അഞ്ചാം രാശിയായ ചിങ്ങത്തിൽ 19 ഭാഗ 2 കല പിന്നിട്ടു നിൽക്കുന്നു. ചിങ്ങം 20നാണ് ജനനം എന്നൂഹിക്കാം.

ഇനി ലഗ്നവും രവിസ്ഫുടവും ഉപയോഗിച്ച് ജനനസമയം എങ്ങനെ കണക്കാക്കാം എന്ന് നോക്കാം. കുംഭലഗ്നത്തിൽ ഉദയാൽപരം 12ഭാ 37ക. അപ്പോൾ (6 രാശി കഴിഞ്ഞു). ചിങ്ങത്തിൽ ഇനി അസ്തമിക്കാൻ അത്രയും ബാക്കിയുണ്ടാകും. അസ്തമിച്ചു കഴിഞ്ഞത് 17ഭാ. 23ക. (രാശിയുടെ 30 ഭാഗയിൽ നിന്ന് അസ്തമിക്കാൻ ബാക്കിയുള്ളത് കുറയ്ക്കുന്നു). സൂര്യൻ നിൽക്കുന്നത് 19 ഭാഗ 2 കലയിൽ ആയതു കൊണ്ട് ഇനി സൂര്യൻ അസ്തമിക്കാൻ 1 ഭാ. 39 ക. കൂടിയുണ്ട്. അതായത് ഏകദേശം 6മിനുട്ട് കൂടി കഴിഞ്ഞാൽ അസ്തമയമായി. (ഭൂമിക്ക് 1 ഭാ. കറങ്ങാൻ 4 മിനുട്ട് സമയം വേണമെന്ന കാര്യം ഓർക്കുക.)

രവിസ്ഫുടം പോലെ ഗുരുസ്ഫുടവും, മന്ദസ്ഫുടവും എല്ലാം കൃത്യമായ കാലഗണനയ്ക്ക് അനുപേക്ഷണീയമാണ്.

മുൻ പറഞ്ഞ ജാതകൻ 1999 ആഗസ്ത് 22ന് (1175 ചിങ്ങം 6ന്) വിവാഹം കഴിക്കുന്നു എന്നിരിക്കട്ടെ. അപ്പോൾ അയാൾക്കെത്ര വയസ്സുണ്ടാകും? കാര്യം വളരെ എളുപ്പം. വിവാഹ സമയത്തെ ഗ്രഹനില പഞ്ചാംഗത്തിൽ നിന്ന് കിട്ടും. (പണ്ടാണെങ്കിൽ ജ്യോത്സ്യൻ ഗണിച്ചെടുക്കും). അന്നേ ദിവസത്തെ ഗ്രഹനിലയാണ് ചിത്രം IIIൽ. ജനനനേരത്തെ ഗ്രഹനില ജാതകത്തിലുണ്ടല്ലോ. (ചിത്രം II ) താരതമ്യം ചെയ്തു നോക്കൂ. ജനിക്കുമ്പോൾ ഇടവത്തിൽ നിന്നിരുന്ന മന്ദൻ (ശനി) ഇപ്പോൾ മേടത്തിലെത്തിയിരിക്കുന്നു. 11 രാശി പിന്നിട്ടു. ശനി ഒരു രാശിയിൽ രണ്ടരക്കൊല്ലമാണ് കാണുക. അപ്പോൾ 11x2½ = 27½ വയസ്സ് എന്നു കിട്ടും.

പക്ഷേ, ഇവിടെ കൃത്യത വേണ്ടത്രയില്ല. ജനന സമയത്ത് ശനി ഇടവത്തിന്റെ തുടക്കത്തിലും വിവാഹ സമയത്ത് മേട