വടക്കെ ഇന്ത്യയിലും യൂറോപ്പിലും രീതികൾ വ്യത്യസ്തമാണ്.
ദക്ഷിണേന്ത്യയിലെ രീതിയനുസരിച്ച് മുകളിൽ രണ്ടാമത്തെ കള്ളി മേടത്തിനുള്ളതാണ്. തുടർന്ന് പ്രദക്ഷിണ ദിശയിൽ ഇടവം, മിഥുനം... എന്നിങ്ങനെ രാശികൾ അടയാളപ്പെടുത്തുന്നു.
ചിത്രം -Iലെ വൃത്തത്തിലുള്ള ഗ്രഹനില ചതുരത്തിലാക്കിയതാണ് ചിത്രം -II. ആദ്യത്തേതിൽ അപ്രദക്ഷിണ ദിശയിൽ (പടിഞ്ഞാറു നിന്ന് കിഴക്കോട്ട്) ആണ് രാശികൾ അടയാളപ്പെടുത്തുന്നത്. (എങ്കിലേ ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ടു കറങ്ങുമ്പോൾ രാശികൾ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി കാണൂ.) എന്നാൽ ജ്യോത്സ്യന്റെ ചതുര രാശിചക്രത്തിൽ രാശികൾ അടയാളപ്പെടുത്തുന്നത് പ്രദക്ഷിണ ദിശയിലാണ്. പക്ഷേ, ഗണനത്തെ അത് ഒരു തരത്തിലും ബാധിക്കുന്നില്ല.
'ല' എന്ന സൂചകം ലഗ്നരാശിയെ അഥവാ ഉദയരാശിയെ സൂചിപ്പിക്കുന്നു. തന്നിരിക്കുന്ന ഗ്രഹനിലയുള്ള കുഞ്ഞ് (ആ ജാതകത്തിന്റെ ഉടമ എന്ന അർത്ഥത്തിൽ 'ജാതകൻ' എന്നു നമുക്കയാളെ വിളിക്കാം.) ജനിക്കുമ്പോൾ കിഴക്കുദിക്കുന്ന രാശിയാണ് ലഗ്നം അഥവാ ഉദയ രാശി. ഇവിടെ കുംഭം രാശി കിഴക്കുദിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞു ജനിക്കുമ്പോൾ. അതിനാൽ കുംഭമാണ് ലഗ്നം. ഒരു രാശിക്ക് പൂർണമായി ഉദിച്ചുയരാൻ 2 മണിക്കൂർ (5നാഴിക) വേണം. (1 രാശി = 30ഡിഗ്രി. ഭൂമി മണിക്കൂറിൽ 15 ഡിഗ്രി കറങ്ങുന്നു.) ആ രണ്ടു മണിക്കൂറിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരേ ലഗ്നമായിരിക്കും. തുടർന്ന് രണ്ടു മണിക്കൂർ അടുത്ത രാശി ലഗ്നമായി വരും. അങ്ങനെ മറ്റു രാശികളും.
ലഗ്നരാശിയെ ജ്യോത്സ്യൻമാർ ഒന്നാം ഭാവം (First House) എന്നാണ് പറയുക. ഇവിടെ കുംഭമാണ് ഒന്നാം ഭാവം. മീനം രണ്ടാം ഭാവം. ഇങ്ങനെ 12 ഭാവങ്ങൾ. 7-ാം ഭാവം അസ്തമിച്ചു കൊണ്ടിരിക്കുന്ന രാശിയായിരിക്കുമല്ലോ. ആ രാശിയിലുള്ള ഗ്രഹങ്ങളും ഒന്നുകിൽ അസ്തമിച്ചു കഴിഞ്ഞിരിക്കും അല്ലെങ്കിൽ അസ്തമിക്കാൻ ഒരുങ്ങുകയാവും. ഇവിടെ ചൊവ്വയും ബുധനും അസ്തമിച്ചു കഴിഞ്ഞു. സൂര്യൻ അസ്തമിക്കാൻ ഒരുങ്ങുന്നു. ലഗ്നത്തിന്റെ പ്രാധാന്യം നിങ്ങൾ ഇതിനകം ഊഹിച്ചു കാണും. ജാതകത്തിൽ ലഗ്നം ജനന സമയത്തിന്റെ സൂചകമാണ്. സൂര്യൻ ലഗ്നത്തിലാണെങ്കിൽ ജനനം സൂര്യോദയത്തിനടുത്താണ്. സൂര്യൻ ഏഴാം ഭാവത്തിലാണെങ്കിൽ കുഞ്ഞു ജനിച്ചത് സന്ധ്യയ്ക്കാണ്. സൂര്യൻ 9-ാം ഭാവത്തിലാണെങ്കിൽ ജനനം ഉച്ചയ്ക്കാണ്. കുഞ്ഞു ജനിച്ച മാസവും ഗ്രഹനിലയിൽ നിന്ന് എളുപ്പത്തിൽ വായിക്കാം. സൂര്യൻ ചിങ്ങം രാശിയിലാണെങ്കിൽ കുഞ്ഞു ജനിച്ചത് ചിങ്ങമാസത്തിലാണ്. സൂര്യൻ മിഥുനം രാശി