താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെന്നു നോക്കാം. 1656-ൽ കൃസ്ത്യൻ ഹീജൻസ് എന്ന ഡച്ചുശാസ്ത്രജ്ഞനാണ് ഗലീലിയോയുടെ പെന്റുലം തത്വം ഉപയോഗിച്ചുള്ള ആദ്യത്തെ ഡയൽ ക്ലോക്ക് ഉണ്ടാക്കിയത്.ഡയൽ ക്ലോക്കുകൾക്കെല്ലാം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള അക്കങ്ങൾ അടയാളപ്പെടുത്തിയ ഒരു ഡയലും അതിലൂടെ സഞ്ചരിക്കുന്ന മൂന്ന് സൂചികളും ഉണ്ട്. സെക്കന്റ് സൂചി അതിവേഗം കറങ്ങുന്നു. അത് ഒരു വട്ടം കറങ്ങിക്കഴിയുമ്പോഴേക്കും മിനുട്ടു സൂചി ഒരു മിനുട്ട് നീങ്ങിയിട്ടുണ്ടാകും. മിനുട്ടു സൂചി ഒരു കറക്കം പൂർത്തിയാക്കുമ്പോൾ മണിക്കൂർ സൂചി ഒരക്കം നീങ്ങും. മണി

ജ്യോതിഷത്തിലെ ഗ്രഹ സങ്കൽപം

സൗരയുഥത്തിലെ ഗ്രഹങ്ങൾ ഏതൊക്കെയെന്നു ചോദിച്ചാൽ ഏതൊരു സ്കൂൾ കുട്ടിയും വിളിച്ചു പറയും : ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ, പ്ലൂട്ടോ. എന്നാൽ ജ്യോതിഷത്തിലെ നവഗ്രഹങ്ങളിൽ ഇവയെല്ലാം പെടില്ല. യുറാനസ്, നെപ്റ്റ്യൂൺ, പ്ലൂട്ടോ എന്നിവയെ പ്രാചീനർ കണ്ടിട്ടില്ല (അവയെ കാണാൻ ടെലിസ്കോപ്പ് വേണം). ഭൂമിയെ പ്രപഞ്ചത്തിന്റെ കേന്ദ്രമായാണ് അവർ പരിഗണിച്ചതും (പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഭൂമിയെ വലം വെക്കുകയാണ്). ചുരുക്കത്തിൽ ജ്യോതിഷത്തിലെ നവഗ്രഹങ്ങളിൽ ഗ്രഹങ്ങൾ അഞ്ചേയുള്ളു. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ മാത്രം. സൂര്യൻ, ചന്ദ്രൻ, രാഹു, കേതു ഇവയാണ് ബാക്കിനാലെണ്ണം. ഇവയിൽ രാഹുവും കേതുവും തമോഗ്രഹങ്ങളാണ്. അവിടെ ഒന്നുമില്ല എന്ന് ആര്യഭടനെപ്പോലുള്ള ജ്യോതിഷികൾക്കറിയാമായിരുന്നു. സൂര്യചന്ദ്രന്മാർ ആ സ്ഥാനങ്ങളിൽ എത്തുമ്പോൾ ഗ്രഹണം സംഭവിക്കുന്നതു മൂലം തമസ്സ് (ഇരുട്ട്) അനുഭവപ്പെടും. അതുകൊണ്ടാകാം അവയെ തമോഗ്രഹങ്ങൾ എന്നു വിളിച്ചത്.

സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന ഗോളങ്ങൾ എന്ന അർത്ഥത്തിലല്ല പ്രാചീനർ ഗ്രഹം എന്ന പദം ഉപയോഗിച്ചത് എന്നു വ്യക്തം. പിന്നെ എന്തർത്ഥത്തിലാണ്? നക്ഷത്രമണ്ഡലത്തിലൂടെ അലയുന്നവ, അഥവാ സഞ്ചരിക്കുന്നവ എന്ന അർഥത്തിലാകണം. ( 'പ്ലാനറ്റ് ' എന്ന പദത്തിന് ഗ്രീക്കു ഭാഷയിൽ ' അലയുന്നത് ' എന്നാണർഥം.) കാര്യം ഇതാണ് : എല്ലാ നക്ഷത്രങ്ങളും കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു. പക്ഷേ അവയെല്ലാം സഞ്ചരിക്കുന്നത് ഒരേ വേഗത്തിലാണ്. (ഈ സഞ്ചാരത്തിനു കാരണം ഭൂമിയുടെ സ്വയംഭ്രമണമാണല്ലോ.) നക്ഷത്രങ്ങൾ തമ്മിലുള്ള അകലം മാറുന്നില്ല, അഥവാ അവ തമ്മിൽ ആപേക്ഷിക ചലനമില്ല. എന്നാൽ മറ്റു ചില വസ്തുക്കൾ കിഴക്കു നിന്നു പടിഞ്ഞാറോട്ട് കറങ്ങുന്നതിനു പുറമെ നക്ഷത്ര മണ്ഡലത്തിലൂടെ ആപേക്ഷിക ചലനവും നടത്തുന്നു. ഉദാഹരണത്തിന്, ചന്ദ്രൻ കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുമ്പോൾ തന്നെ നക്ഷത്രങ്ങളെ അപേക്ഷിച്ച് കിഴക്കോട്ടു നീങ്ങുന്നുമുണ്ട്. അതു കൊണ്ടാണ് ഒരു ദിവസം അശ്വതി നക്ഷത്രത്തിനു സമീപം നിന്ന ചന്ദ്രൻ പിറ്റേ ദിവസം 1313ഡിഗ്രി കിഴക്കുള്ള ഭരണി നക്ഷത്രത്തിനു സമീപം കാണപ്പെടുന്നത്. സൂര്യനാകട്ടെ ഒരു ദിവസം ഒരു ഡിഗ്രി വെച്ചാണ് നക്ഷത്ര മണ്ഡലത്തിലൂടെ സഞ്ചരിക്കുന്നത്. ഇത്തരം സഞ്ചാരികളെയാണ് പ്രാചീനർ ഗ്രഹം എന്നു വിളിച്ചത്.

ബാബിലോണിയർക്കും ഗ്രീക്കുകാർക്കുമെല്ലാം ഏഴു ഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളു. രാഹുവും കേതുവും ഭാരതീയരുടെ മാത്രം ഗ്രഹങ്ങളാണ്. ഏഴുഗ്രഹങ്ങളുടെ പേരുകളാണ് ആഴ്ചയുടെ ദിവസങ്ങൾക്കുനൽകിയത് : ഞായർ (സൂര്യൻ), തിങ്കൾ (ചന്ദ്രൻ), ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി (ശുക്രൻ), ശനി ഇവയെല്ലാം ഗ്രഹനാമങ്ങളാണ്.

ജ്യോതിഷത്തിലെ ഗ്രഹങ്ങളിൽ ചന്ദ്രൻ മാത്രമാണ് ഭൂമിയെ ചുറ്റുന്നത്. ബാക്കിയെല്ലാം ചുറ്റുന്നത് സൂര്യനെയാണ്. എന്നാൽ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ എല്ലാം രാശിചക്രത്തിലൂടെ ഭൂമിയെ ചുറ്റുംപോലെ തോന്നും. ഓരോ സമയത്തുമുള്ള അവയുടെ രാശിസ്ഥാനം എളുപ്പം കണ്ടെത്താം.