താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിന്റെ സഹായത്തോടെയാണെന്ന് നാം കണ്ടു. നക്ഷത്രം സമയം പറഞ്ഞു തരും. ജന്മ നക്ഷത്രങ്ങളിലെ സൂര്യന്റെ സ്ഥാനം (ഞാറ്റുവേല) ഋതുക്കൾ മാറി വരുന്നതു കാണിച്ചു തരും. സഞ്ചരിക്കാൻ റോഡില്ലെങ്കിൽ ദിക്കു നോക്കി സഞ്ചരിക്കാം അതിനും നക്ഷത്രം സഹായിക്കും.

പക്ഷെ, അപ്പോഴും ഒരു പ്രശ്നം ബാക്കി നിന്നു. ഒരാളുടെ പ്രായം എങ്ങനെ കണക്കാക്കും? ഉദാഹരണത്തിന്, ഒരു കുഞ്ഞ് ജനിക്കുന്നു, അവൻ അല്ലെങ്കിൽ അവൾ വലുതായി വിവാഹം കഴിക്കേണ്ട കാലമാവുന്നു; അയാൾക്ക് എത്ര വയസ്സായി എന്നെങ്ങനെ പറയും. ഷഷ്ഠി പൂർത്തി, മരണം തുടങ്ങിയ പല അവസരങ്ങളിലും ഇതുപോലെ പ്രായം കണക്കാക്കേണ്ടി വരും. ഒരു കൊട്ടാരമോ ക്ഷേത്രമോ പണിതിട്ട് എത്ര കൊല്ലമായി എന്നു കണക്കാക്കേണ്ടതും ആവശ്യമായി വരും.

ഇത്തരം കാലഗണനയൊന്നും ആദ്യകാലത്ത് സാധിച്ചിരുന്നില്ല. കാരണം അന്നാരും വർഷത്തിനു നമ്പർ നൽകിയിരുന്നില്ല. ഇന്നു നമ്മൾ "2001-ാമാണ്ട് ആഗസ്ത് 10-ാം തീയ്യതി എനിക്കൊരു കുഞ്ഞു പിറന്നു" എന്നു പറയും പോലെ അന്നു പറയാൻ കഴിയില്ല. രണ്ടായിരത്തൊന്നാമാണ്ടും ആഗസ്തും അന്നില്ല. നമ്മുടെ അറിവിൽപെട്ടിടത്തോളം, ക്രി.മു. 747-ൽ ഈജിപ്തിലെ നബൊന്നസർ രാജാവിന്റെ കാലത്താണ് വർഷത്തിനു നമ്പർ നൽകി എണ്ണിത്തുടങ്ങിയത്. സർക്കാർ രേഖകൾക്ക് അതോടെ തീയ്യതി നൽകി തുടങ്ങി. എന്നാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഈ രീതി നടപ്പിലാവാൻ പിന്നെയും കാലമേറെയെടുത്തു.

വർഷങ്ങൾക്കു നമ്പർ നൽകുന്നതിനുമുമ്പ് പ്രായഗണനാ പ്രശ്നം പരിഹരിച്ചത് ആകാശത്തിന്റെ സഹായത്തോടെയാണ്. അതിന് ക്രാന്തി പഥത്തെയും രാശിചക്രത്തെയും ഗ്രഹചലനത്തെയും സംബന്ധിച്ച പൂർണമായ അറിവ് ആവശ്യമായിരുന്നു.

ആകാശത്തിൽ ഒരു ഭീമൻ ക്ലോക്ക് ഉണ്ടെന്ന കണ്ടെത്തലാണ് പ്രായഗണന എളുപ്പമാക്കിത്തീർത്തത്. ജാതകവും ഗ്രഹനിലയും എഴുതുന്ന രീതി ആരംഭിച്ചത് ആ കണ്ടുപിടുത്തത്തോടെയാണ്. ക്രിസ്തുവിന് ആറു നൂറ്റാണ്ടു മുമ്പെഴുതിയ ഗ്രഹനിലക്കുറിപ്പ് കാൽദിയയിൽ (ബാബിലോണിന്റെ തെക്ക്) നിന്ന് കണ്ടു കിട്ടിയിട്ടുണ്ട്. അതിനു മുമ്പുതന്നെ ആ രീതി അവിടെ വ്യാപകമായിരിക്കണം. ഇന്ത്യയിൽ ഗ്രഹനില കുറിക്കുന്ന രീതി എന്നു മുതൽ ആരംഭിച്ചു എന്നറിയില്ല. ക്രി. പി. ആറാം നൂറ്റാണ്ട് ആയപ്പോഴേക്കും (വരാഹമിഹിരന്റെയും ബ്രഹ്മഗുപ്തന്റെയും കാലത്ത്) അതു വ്യാപകമായിക്കഴിഞ്ഞിരുന്നു എന്നുമാത്രമറിയാം.

ആകാശക്ലോക്കിന്റെ പ്രവർത്തനം ചർച്ച ചെയ്യും മുമ്പ് നമുക്ക് ഒരു സാധാരണ ഡയൽ ക്ലോക്കിന്റെ പ്രവർത്തനം എങ്ങനെ