താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കൂർ സൂചി ഒരു വട്ടം കറങ്ങിക്കഴിയുമ്പോൾ പന്ത്രണ്ട് മണിക്കൂർ പൂർത്തിയാകും. പന്ത്രണ്ട് മണിക്കൂർ വരെയുള്ള ഏത് ഇടവേളയും ഈ ക്ലോക്കിൽ നിന്ന് കണക്കാക്കാം. ഉദാഹരണത്തിന് നിങ്ങൾ ഭക്ഷണം കഴിച്ചിട്ട് ഇപ്പോൾ എത്ര സമയമായി എന്നറിയണമെന്നിരിക്കട്ടെ. ക്ലോക്കിൽ സൂചികളുടെ ഇപ്പോഴത്തെ സ്ഥാനവും നേരത്തെ ഭക്ഷണം കഴിച്ചു തീർന്നപ്പോൾ ഉണ്ടായിരുന്ന സ്ഥാനവും അറിയാമെങ്കിൽ അവ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിച്ചാൽ മതി.

ഒരാൾ ഉച്ചഭക്ഷണം കഴിച്ചു തീർന്ന സമയത്ത് ക്ലോക്കിലെ സൂചികളുടെ സ്ഥാനവും ആണ് ചിത്രത്തിൽ. അയാൾ ഭക്ഷണം കഴിച്ചിട്ട് എത്ര സമയമായി?

രണ്ടു സംഭവങ്ങൾ തമ്മിലുള്ള ഇടവേള 12 മണിക്കൂറിൽ കൂടുതലാണെങ്കിൽ ക്ലോക്കിനോടൊപ്പം രാത്രിയോ പകലോ എന്ന അറിവും 24 മണിക്കൂറിൽ കൂടിയാൽ കലണ്ടറും വേണ്ടി വരും. എന്നാൽ നല്ലൊരു മെക്കാനിക്ക് വിചാരിച്ചാൽ 4 സൂചിയുള്ള ഒരു ക്ലോക്കുണ്ടാക്കാൻ പ്രയാസമില്ല. അതിലെ മണിക്കൂർ സൂചി ഒരു കറക്കം പൂർത്തിയാക്കുമ്പോൾ നാലാമത്തെ സൂചി ഒരക്കം നീങ്ങുന്നു എന്ന് വിചാരിക്കുക. അത് 12 അക്കങ്ങളിലൂടെയും സഞ്ചരിച്ചെത്താൻ 144 മണിക്കൂർ എടുക്കും. ആ ക്ലോക്ക് 144 മണിക്കൂർ കൃത്യമായി കാണിക്കും. ഇനിയും സൂചികളുടെ എണ്ണം കൂട്ടി മാസങ്ങളും വർഷങ്ങളും കാണിക്കാൻ കഴിയുന്ന ക്ലോക്കുകൾ ഉണ്ടാക്കാൻ സാധിച്ചെന്നു വരും. ആരും അതിനു ശ്രമിക്കാത്തത് കലണ്ടറുള്ളപ്പോൾ അതിന്റെ ആവശ്യം ഇല്ലാത്തതു കൊണ്ടാണ്. കലണ്ടറും പെൻഡുലം ക്ലോക്കും കണ്ടെത്തും മുമ്പാണ് ജ്യോതിഷികൾ ‌ആകാശക്ലോക്ക് കണ്ടെത്തുന്നത്. അത്ഭുതകരമായ ഒരു കണ്ടെത്തലാണത്. കലണ്ടറും ക്ലോക്കും ചേർന്നതാണ് ആകാശക്ലോക്ക്. അതിന്റെ പ്രവർത്തനം നോക്കൂ. ഭൂമിക്കു ചുറ്റും ഒരു ഡയലുണ്ട്, അതാണ് രാശി ചക്രം. സാധാരണ ക്ലോക്കിലെപ്പോലെ 1.2.3.... എന്നിങ്ങനെ 12 അക്കങ്ങൾ എഴുതുന്നതിനു പകരം അതിൽ നക്ഷത്രങ്ങളെ കൊണ്ട് 12 ചിത്രങ്ങൾ വരച്ചു വെച്ചിരിക്കുന്നു: മേഷം, ഋഷഭം, മിഥുനം... എന്നിങ്ങനെ. പടിഞ്ഞാറു നിന്നു കിഴക്കോട്ടാണ് ക്രമം. ഈ ഡയലിലൂടെ 9 സൂചികൾ സഞ്ചരിക്കുന്നുണ്ട് : ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, സൂര്യൻ, ചന്ദ്രൻ, രാഹു, കേതു എന്നീ ഗ്രഹങ്ങൾ. ചന്ദ്രനാണ് ഏറ്റവും വേഗത്തിൽ ; ശനി ഏറ്റവും പതുക്കെയും ആകാശക്ലോക്കിന്റെ ഡയലിലൂടെ (രാശികളിലൂടെ) സഞ്ചരിക്കാൻ ഓരോ ഗ്രഹവും എടുക്കുന്ന സമയവും, ജ്യോതിഷത്തിലെ ഗ്രഹസംജ്ഞയും ചുവടെ കൊടുക്കുന്നു.

ഇവയിൽ ചന്ദ്രൻ, സൂര്യൻ, രാഹു, കേതു ഇവയൊഴികെ മറ്റൊന്നും ഭൂമിയെയല്ല ചുറ്റുന്നത്. അതുകൊണ്ട് അവയ്ക്ക് വക്രഗതിയുണ്ട്. ഇതുമൂലം ഒരു രാശിയിൽ അവ സ്ഥിതി ചെയ്യുന്ന കാലത്തിന് ഏറ്റക്കുറവു വരും. കൃത്യമായ കാലം ഗണിക്കാൻ അതുകൂടി പരിഗണിക്കണം.