താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഭൂ അക്ഷത്തിന്റെ അഗ്രം മാനത്തു ചമയ്ക്കുന്ന വൃത്തം. ബി സി 2500ൽ ത്യൂബൻ നക്ഷത്രത്തിലായിരുന്നു അക്ഷാഗ്രം. ചെറു കരടിയിലെ ഇപ്പോഴത്തെ ധ്രുവൻ, സെഫിയസ് ഗണം , വേഗാ നക്ഷത്രം ഇവയ്ക്കടുത്ത് കൂടി സഞ്ചരിച്ച് എ. ഡി. 23500 നടുത്ത് അത് ത്യൂബനിൽ തിരിച്ചെത്തും.

നേർക്കുള്ള ത്യൂബനെ പകലും കാണാൻ കഴിയുന്നത്.

ഭൂ അക്ഷത്തിന്റെ പുരസ്സരണം കാരണം വിഷുവസ്ഥാനങ്ങളും ക്രമേണ മാറിക്കൊണ്ടിരിക്കും. 72 വർഷം കൊണ്ട് 1 ഡിഗ്രി എന്ന തോതിൽ പടിഞ്ഞാറോട്ടാണ് ഈ പുരസ്സരണം. ഏകദേശം 4000 വർഷം മുമ്പ് പൂർവ വിഷുവസ്ഥാനം കാർത്തികയിലായിരുന്നു. അതുകൊണ്ടാവാം അഥർവ വേദത്തിൽ ജന്മ നക്ഷത്രങ്ങളുടെ പട്ടിക തുടങ്ങുന്നത് കാർത്തികയിലാണ്. (അഥർവ വേദത്തിന്റെ പഴക്കം അത്രയ്ക്കുണ്ടെന്ന് ഇതിനർഥമില്ല. കുറെക്കാലമായി നിലനിന്ന ഒരു രീതി അതിൽ സ്വീകരിച്ചതാകാനും മതി.) വേദാംഗ ജ്യോതിഷത്തിൽ ഭരണി തൊട്ടാണ് നക്ഷത്രപ്പട്ടിക തുടങ്ങുന്നത്. അതിനർഥം, അത് രചിക്കപ്പെട്ടത് 3600മുതൽ 2800 വരെ വർഷങ്ങൾക്ക് മുമ്പ് (ക്രി.മു. 1600-800 കാലത്ത്) എപ്പോഴോ ആണെന്നാണ്. (ഭരണിനാളിലെ ഏതോ സ്ഥാനത്തുനിന്ന് ഇപ്പോഴുള്ള ഉത്രട്ടാതിയിലേക്ക് വിഷുവബിന്ദു പുരസ്സരണം ചെയ്ത് എത്താൻ വേണ്ടിവരുന്ന കാലമാണിത്. അന്ന് വിഷുവം ഭരണിയിൽ എത്ര ഡിഗ്രിയിൽ ആയിരുന്നെന്ന് വേദാംഗ ജ്യോതിഷക്കാരൻ പറയാത്തതുകൊണ്ടാണ് കൃതിയുടെ പഴക്കം കൃത്യമായി പറയാൻ കഴിയാത്തത്. ബി.സി. 1200-900 എന്നാണ്, മറ്റു പല പരിഗണനകളും വെച്ച് ചരിത്രകാരന്മാർ പറയുന്നത്.) ഏകദേശം 1600 കൊല്ലം മുമ്പ് വിഷുവബിന്ദു മേഷാദിയിൽ (മേടം രാശിയുടെ പ്രാരംഭ സ്ഥാനം) എത്തി. കേരളത്തിലെ ഒടുവിലത്തെ പ്രധാന കലണ്ടർ പരിഷ്കരണം നടന്നത് അതിനടുത്തെപ്പോഴോ ആയിരിക്കണം. അതുകൊണ്ടാണ് നാം മേടം ഒന്നാം തിയതി വർഷാരംഭമായെടുത്തതും വിഷുദിനമായി ആചരിച്ചതും. വിഷുവസ്ഥാനത്തിന് പിന്നീടുണ്ടായ മാറ്റം നമ്മുടെ പഞ്ചാംഗങ്ങളിൽ ഉൾപ്പെടുത്താതെ പോയി. ഇപ്പോൾ അത് മേഷാദിയിൽ നിന്ന് 23 ഡിഗ്രിയോളം പിന്നോക്കം പോയി, മീനം രാശിയിൽ (ഉത്രട്ടാതി നക്ഷത്രത്തിൽ) ആണുള്ളത്. മീനം 7നാണ് ഇപ്പോൾ സമരാത്രദിനം. അന്നാണ് വിഷു ആഘോഷിക്കേണ്ടത്. (കണിക്കൊന്നയ്ക്ക് അക്കാര്യം നിശ്ചയമുള്ളതുകൊണ്ടാകാം അത് നേരത്തെ പൂത്തുലയുന്നത്.) വിഷുവസ്ഥാനം ഇനിയും മാറിക്കൊണ്ടിരിക്കും, അതനുസരിച്ച് കാലാവസ്ഥയും.

വിഷുവസ്ഥാനങ്ങളുടെ മാറ്റം അനുസരിച്ച് കലണ്ടറും ആചാരങ്ങളും മാറ്റാഞ്ഞതുകൊണ്ടാകണം ജറുസ്സലേം ദേവാലയത്തിലെ പുരോഹിതന്റെ വലതുതോളിലെ സാർഡോണിക്സ് രത്നത്തിൽ സൂര്യന്റെ ഉദയകിരണങ്ങൾ പതിക്കാതായത്. സൂര്യൻ നേർ കിഴക്ക് ഉദിച്ചാൽ മാത്രം പ്രകാശം പുരോഹിതനുമേൽ പതിക്കത്തക്ക വിധമായിരുന്നു ദേവാലയത്തിന്റെ മേൽക്കൂരയിൽ പഴുതിട്ടിരുന്നത്. വിഷുവം നേരത്തെയായപ്പോൾ ചടങ്ങും നേരത്തെയാക്കേണ്ടിയിരുന്നു. അതുണ്ടായില്ല. കേരളീയരുടെ പഞ്ചാംഗവും അതുപോലെതന്നെ.