താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഭൂമിയുടെ അക്ഷം 26,000 വർഷം കൊണ്ട് ആകാശത്ത് ഒരു വൃത്തം ചമയ്ക്കുന്നു. അതാതു കാലത്ത് അക്ഷത്തിന്റെ നേർക്ക് കാണപ്പെടുന്ന നക്ഷത്രങ്ങളാണ് ധ്രുവനക്ഷത്രങ്ങൾ. മിക്ക കാലത്തും ധ്രുവത്തിൽ നക്ഷത്രമൊന്നും ഉണ്ടാവില്ല.

നക്ഷത്രമുണ്ടായിരുന്നോ? അത് ഇപ്പോഴുള്ള നക്ഷത്രം (ധ്രുവൻ അഥവാ ആൽഫാ ഉർസാമൈനോറിസ്) തന്നെ ആയിരുന്നോ? കണക്കുകൾ കാണിക്കുന്നത് പല കാലത്തും അവിടെ നക്ഷത്രമേ ഉണ്ടായിരുന്നില്ല എന്നാണ്. ഉള്ളപ്പോൾത്തന്നെ ഇന്നുള്ള നക്ഷത്രമായിരുന്നുമില്ല. ഭൂ അക്ഷത്തിന്റെ പുരസ്സരണം (Precession) എന്ന പ്രതിഭാസമാണിതിനു കാരണം. ക്രി.മു. 120ൽ ഹിപ്പാർക്കസ് എന്ന ഗ്രീക്കു ശാസ്ത്രജ്ഞനാണ് ആദ്യമായി ഈ ആശയം അവതരിപ്പിച്ചത് (ഒരു പക്ഷേ, അദ്ദേഹത്തിനത് ബാബിലോണിയയിൽ നിന്നോ ഈജിപ്തിൽനിന്നോ കിട്ടിയതുമാകാം). ഭൂ അക്ഷത്തിന്റെ നീട്ടിയ അഗ്രം ഏകദേശം 26,000 വർഷം കൊണ്ട് ഖഗോളത്തിൽ ഒരു വൃത്തം ചമയ്ക്കും എന്നായിരുന്നു ഹിപ്പാർക്കസിന്റെ കണ്ടെത്തൽ. ഇതാണ് പുരസ്സരണം. ഒരു പമ്പരത്തിന്റെ കറക്കം നിലയ്ക്കും മുമ്പ് അതിന്റെ അക്ഷദണ്ഡിന്റെ മുകളറ്റം ശ്രദ്ധിച്ചാൽ പുരസ്സരണം ദൃശ്യമാകും. ക്രാന്തി വൃത്തത്തിന്റെ അക്ഷവുമായി (പരിക്രമണ അക്ഷവുമായി) 23 ഡിഗ്രി 27 മിനിറ്റ് അർധകോൺ വരുന്ന ഒരു വൃത്ത സ്തൂപിക ചമച്ചുമൊണ്ടാണ് ഭൂ അക്ഷം കറങ്ങുന്നത്.

ഏകദേശം 5000 കൊല്ലം മുമ്പ് ഡ്രാക്കോ നക്ഷത്രഗണത്തിലെ ത്യൂബൻ (Thuban അഥവാ ആൽഫാഡ്രാക്കോണിസ്) എന്ന നക്ഷത്രത്തിന് നേർക്കായിരുന്നു ഭൂമിയുടെ അക്ഷം. അന്ന് ത്യൂബനായിരുന്നു ധ്രുവനക്ഷത്രം. 72 വർഷത്തിൽ ഒരു ഡിഗ്രി എന്ന തോതിൽ അക്ഷം കറങ്ങിക്കൊണ്ടിരുന്നു. ദീർഘകാലം ഒരു നക്ഷത്രവും ധ്രുവസ്ഥാനത്തില്ലാതെയും വന്നു. ഇപ്പോൾ ഉർസാ മൈനർ (ചെറുകരടി) ഗണത്തിലെ ആൽഫാ താരമാണ് (അതിലെ ഏറ്റവും ശോഭകൂടിയ താരം എന്നർഥം) നമുക്ക് ധ്രുവൻ. ധ്രുവസ്ഥാനത്തു നിന്ന് അൽപം മാത്രം മാറിയാണ് അതു നിൽക്കുന്നത്. 2012ൽ അതു ശരിക്കും ധ്രുവത്തിലെത്തും (അതായത് അക്ഷം അതിനു നേർക്കാകും) ഇനി 5500 വർഷം കഴിയുമ്പോൾ സെഫിയൂസ് ഗണത്തിലെ 'ആൽഫാ സെഫി' എന്ന നക്ഷത്രമാകും നമുക്ക് ധ്രുവനക്ഷത്രം. 12000 വർഷം കഴിയുമ്പോൾ ലൈറ ഗണത്തിലെ 'വേഗ' ആയിരിക്കും ധ്രുവൻ. അതിനിടയ്ക്ക് ധ്രുവത്തിൽ നക്ഷത്രമില്ലാത്ത കാലമാകും ഏറെയും.

ത്യൂബൻ ധ്രുവനക്ഷത്രമായിരുന്ന കാലത്താണ് ഈജിപ്തിൽ ഗിസ്സെ, അബുസ്സേർ എന്നിവിടങ്ങളിലെ പിരമിഡുകൾ നിർമ്മിക്കപ്പെട്ടത്. ഈ പിരമിഡുകളിൽ 'മമ്മി' അടക്കം ചെയ്തിരിക്കുന്ന സ്ഥാനത്തേക്ക് ഇറങ്ങിച്ചെല്ലാനുള്ള തുരങ്കങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. അതിന്റെ അടിയിൽ നിന്നു നോക്കിയാൽ ധ്രൂവനക്ഷത്രത്തെ അന്ന് പകൽപോലും കാണാമായിരുന്നുവത്രേ. അന്തരീക്ഷത്തിൽ നിന്നുള്ള വിസരിത പ്രകാശം ആഴത്തിലെത്താത്തതുകൊണ്ടാണ് തുരങ്കത്തിനു