സൂര്യന്റെ അയനചലനങ്ങൾ നമ്മുടെ പൂർവികരെ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. കാലാവസ്ഥയിൽ അതുണ്ടാക്കുന്ന മാറ്റങ്ങൾ അവർ ശ്രദ്ധയോടെ നിരീക്ഷിച്ചു. ജീവന്റെ നിലനിൽപിൽ സൂര്യനുള്ള സ്ഥാനം അവർ തിരിച്ചറിഞ്ഞു. മിക്ക ജനതകൾക്കിടയിലും ആദിത്യപൂജ നിലനിന്നിരുന്നു. ഇന്ത്യയിൽ ഓരോ അയനാരംഭത്തിലും ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ബലികളും ഹോമങ്ങളും നടത്തി അശുഭങ്ങൾ മാറ്റിയാണ് ആദിത്യനെ യാത്രയാക്കുക. വസന്ത വിഷുവത്തിൻനാൾ ഉദിക്കുന്ന സൂര്യന്റെ നേർക്ക് ദർശനം വരും വിധമാണ് പ്രാചീന ഈജിപ്തിലും പാലസ്തിനിലും മെക്സിക്കോയിലും മറ്റും ചില ക്ഷേത്രങ്ങൾ നിർമ്മിച്ചിരുന്നത്. സോളമൻ രാജാവ് (ക്രി.മു.1015-980?) ജറുസലേമിൽ പണിത സുവർണക്ഷേത്രം വിഷുവദർശനമുള്ളതായിരുന്നുവത്രേ. ക്ഷേത്രത്തിന്റെ അൾത്താരയിൽ, വിഷുവദിനത്തിൽ സുവർണ അങ്കി ധരിച്ചുനിൽക്കുന്ന മുഖ്യ പുരോഹിതന്റെ ശരീരത്തിലെ രത്നങ്ങളിൽ, പ്രത്യേകിച്ച് വലതു തോളിൽ അണിഞ്ഞ 'സാർഡോണിക്സ്' എന്ന രത്നത്തിൽ, ഉദയസൂര്യന്റെ കിരണങ്ങൾ സൃഷ്ടിച്ച അത്ഭുതശോഭ യഹൂദരിൽ ഭക്തിയും വിസ്മയവും സൃഷ്ടിക്കുമായിരുന്നു. എന്നാൽ ജൂതചരിത്രകാരനായ ജൊസീഫസ് (ക്രി.വ.38-100) ഏകദേശം 200 വർഷം മുമ്പു മുതൽ അതു സംഭവിക്കാതായി എന്നു രേഖപ്പെടുത്തിയിരിക്കുന്നു. വിഷുവസ്ഥാനങ്ങളുടെ പുരസ്സരണം എന്ന പ്രതിഭാസമാകാം ഇതിനു കാരണം.
വിഷുവ-ധ്രുവ ബിന്ദുക്കളുടെ പുരസ്സരണം
ഭൂമിയുടെ അക്ഷം വടക്കോട്ടും തെക്കോട്ടും നീട്ടിയാൽ അതു ഖഗോളത്തിൽ സ്പർശിക്കുന്ന സ്ഥാനങ്ങളാണ് ഖഗോളധ്രുവങ്ങൾ (Celestial Poles ) എന്നാണല്ലോ സങ്കൽപം. ഉത്തര ഖഗോളധ്രുവത്തിൽ ഇപ്പോൾ ധ്രുവ നക്ഷത്രമുണ്ട്. ദക്ഷിണ ധ്രുവത്തിൽ നക്ഷത്രമൊന്നും കാണാനില്ല.
ഭൂമി സ്വന്തം അക്ഷത്തിൽ പടിഞ്ഞാറു നിന്ന് കിഴക്കോട്ടു കറങ്ങുന്നതായി നമുക്ക് അനുഭവപ്പെടുന്നു. മണിക്കൂറിൽ 15o വീതമാണി കറക്കം. ധ്രുവന് മാത്രം സ്ഥാനചലനമുണ്ടാകില്ലെന്ന് നാം കണ്ടു. ധ്രുവസമീപമുള്ള നക്ഷത്രങ്ങൾ (സപ്തർഷികളും കാസിയോപ്പിയയും മറ്റും) ധ്രുവനെ വലംവെക്കുന്നതായി കാണപ്പെടും. ഇതുപോലെ ദക്ഷിണ ധ്രുവ ബിന്ദുവെ ത്രിശങ്കുവും സെന്റാറസും മറ്റും വലം വെക്കുന്നുണ്ട്. പക്ഷെ, ദക്ഷിണ ധ്രുവ സ്ഥാനത്ത് നക്ഷത്രമൊന്നുമില്ല.
ഉത്തരധ്രുവത്തിൽ എല്ലാ കാലത്തും ഇന്നത്തെപ്പോലെ ഒരു