Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മീതെ ആയതുകൊണ്ട് അവിടെ ഇക്കാലമത്രയും ചൂടു കൂടിക്കൂടിവരും. പകലിനു നീളം കൂടുകയും രാത്രിയുടെ നീളം കുറയുകയും ചെയ്യും. ദക്ഷിണാർധ ഗോളത്തിൽ നേരെ തിരിച്ചും. (ഈ കാലത്ത് ഇന്ത്യയിൽ നമുക്ക് കാലവർഷമായതുകൊണ്ട് ചൂട് അറിയുന്നില്ല.)

അയനാന്തസ്ഥാനങ്ങൾ: സൂര്യൻ ഉത്തരായനത്തിലായിരിക്കുമ്പോൾ (ജൂൺ 22 – ചിത്രത്തിൽ ഇടത്ത്) ഉത്തരായന രേഖയ്ക്കു നേർമുകളിലായിരിക്കും അതു കാണപ്പെടുക. വടക്കെ അർധഗോളത്തിലുള്ളവർക്ക് ഏറ്റവും നീണ്ട പകലും നീളം കുറഞ്ഞ രാത്രിയുമായിരിക്കും. സൂര്യൻ ദക്ഷിണായനത്തിലായിരിക്കുമ്പോൾ (ഡിസംബർ 22 – ചിത്രത്തിൽ വലത്ത്) ദക്ഷിണായനാന്ത രേഖയ്ക്കു മുകളിലായിരിക്കും അതിന്റെ സ്ഥാനം. നമുക്കപ്പോൾ ശൈത്യത്തിന്റെ പാരമ്യമായിരിക്കും.

മിഥുനം 8 മുതൽ സൂര്യൻ തിരിച്ചുള്ള പ്രയാണം ആരംഭിക്കും. കന്നി 7ന് (സെപ്തംബർ 23) മധ്യരേഖയിൽ, ഉത്തര വിഷുവത്തിലെത്തും. വീണ്ടും ഭൂമിയിലെല്ലായിടത്തും സമരാത്ര ദിനം. തുടർന്നും തെക്കോട്ടു തന്നെ സഞ്ചരിച്ച് ധനു 7ന് (ഡിസംബർ 22) സൂര്യൻ ദക്ഷിണായന രേഖയ്ക്കു മേലെത്തും. ഇതാണ് ദക്ഷിണായനാന്തം (Winter Solstice), ദക്ഷിണാർധ ഗോളത്തിൽ പകലിനു നീളവും ചൂടും കൂടിവരുന്ന കാലമാണിത്. ധനു 7നു ശേഷം സൂര്യൻ തിരിച്ച് യാത്രയാകും.

ധനു 7 മുതൽ മിഥുനം 8 വരെ (ഡിസംബർ 22 മുതൽ ജൂൺ 22 വരെ) 6 മാസക്കാലം സൂര്യൻ ദക്ഷിണായനാന്തത്തിൽ നിന്ന് ഉത്തരായനാന്തത്തിലേക്ക് സഞ്ചരിക്കുകയാണല്ലോ. ഇക്കാലത്തെ നാം ഉത്തരായന കാലം എന്നു വിളിക്കും. അടുത്ത 6 മാസം ദക്ഷിണായന കാലവും ആയിരിക്കും. വേദഭാഷയിൽ ദേവയാനവും പിതൃയാനവും ആണിവ (ശ്രദ്ധിക്കുക: ഉത്തരായനകാലത്തെ ആദ്യത്തെ 3 മാസം സൂര്യൻ ദക്ഷിണാർധഗോളത്തിലാണുള്ളത്. ദക്ഷിണായനാന്തത്തിൽ നിന്ന് വടക്കോട്ടു യാത്ര തിരിച്ചാൽ ഉത്തരായനമായി. ഇതുപോലെ തന്നെ ഉത്തരായനാന്ത്യം കഴിഞ്ഞ് സൂര്യൻ തെക്കോട്ടു യാത്രയായാൽ ദക്ഷിണായനവും തുടങ്ങും).