വിഷുവവും അയനവും
ജ്യോതിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണ് വിഷുവസ്ഥാനങ്ങൾ. രാഹു-കേതുക്കളെപ്പോലെ രണ്ട് ആകാശവൃത്തങ്ങളുടെ സന്ധികൾ തന്നെയാണ് ഇവയും. ഏതാണീ വൃത്തങ്ങൾ എന്നു നോക്കാം.
ഭൂമിയ്ക്കു ചുറ്റും ഒരു വലിയ ഗോളമായി ആകാശം. അതിനെ ജ്യോതിശാസ്ത്രജ്ഞർ ‘ഖഗോളം’ (Celestial Sphere) എന്നു വിളിയ്ക്കും. അതിൽ കിഴക്കു-പടിഞ്ഞാറു ദിശയിൽ, ഭൂമധ്യരേഖയ്ക്കു സമാന്തരമായി, സങ്കൽപിയ്ക്കാവുന്ന ആകാശമധ്യരേഖ - അതാണ് ‘ഖഗോള മധ്യരേഖ’ അഥവാ ‘ഖമധ്യരേഖ’ (Celestial Equator). മുൻപറഞ്ഞ വൃത്തങ്ങളിലൊന്നിതാണ്. മറ്റേത് ക്രാന്തി വൃത്തവും. ഇവ തമ്മിൽ 23½ ഡിഗ്രി (ശരിയ്ക്കും 23o 27") ചരിവുണ്ട്. (ഭൂമിയുടെ ഭ്രമണാക്ഷവും പരിക്രമണ അക്ഷവും തമ്മിലുള്ള ചരിവിനു തുല്യം). അതുകൊണ്ട് ഈ രണ്ട് വൃത്തങ്ങളും രണ്ട് സ്ഥാനങ്ങളിൽ അന്യോന്യം മുറിച്ച് കടക്കും. അതാണ് വിഷുവസ്ഥാനങ്ങൾ. അവയിൽ ഒന്ന് മീനം രാശിയുടെ ആരംഭബിന്ദുവിൽ നിന്ന് ഏകദേശം 7 ഡിഗ്രി മാറിയും മറ്റേത് കന്നിയിൽ അത്രതന്നെ മാറിയുമാണ്. രണ്ടും ഭൂമിയുടെ ഇരുവശങ്ങളിൽ, 180o വ്യത്യാസത്തിൽ ആയിരിയ്ക്കുമെന്ന് വ്യക്തം. ആദ്യത്തേതിനെ പൂർവവിഷുവം അഥവാ വസന്തവിഷുവം (Vernal Equinox) എന്നും, രണ്ടാമത്തേതിനെ ഉത്തരവിഷുവം അഥവാ തുലാവിഷുവം (Autumnal Equinox) എന്നും വിളിയ്ക്കുന്നു.
സൂര്യൻ, ക്രാന്തിപഥത്തിലൂടെയുള്ള അതിന്റെ സഞ്ചാരത്തിനിടയ്ക്ക്, മീനം 7-ആം തീയതി (മാർച്ച് 21 ന്) വസന്ത വിഷുവത്തിലെത്തും. അന്ന് സൂര്യൻ ഭൂമദ്ധ്യരേഖയ്ക്കു നേർമുകളിലായതു കൊണ്ട് മധ്യരേഖാ പ്രദേശത്ത് സൂര്യരശ്മികൾ കുത്തനെ വീഴും. ഭൂമിയിൽ എല്ലായിടത്തും അന്ന് രാത്രിയും പകലും തുല്യമായിരിയ്ക്കും. ഇതാണ് സമരാത്ര ദിനം(Equinox).
മീനം 7 കഴിഞ്ഞാൽ സൂര്യന്റെ ഉദയാസ്തമയ സ്ഥാനങ്ങൾ അൽപാൽപം (ദിവസേന ഏകദേശം ¼ ഡിഗ്രി വീതം) വടക്കോട്ടു നീങ്ങും. അങ്ങനെ നീങ്ങി നീങ്ങി, മിഥുനം 8 ന് (ജൂൺ 22 ന്), 23½ ഡിഗ്രി വടക്കു മാറിയുള്ള ഉത്തരായന രേഖയ്ക്കു മേലാകും സൂര്യന്റെ സ്ഥാനം. ഉത്തര അയനാന്തം (Summer Solstice) എന്നാണിതിനു പറയുക. സൂര്യൻ ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിനു